അവിശ്വാസിയുടെ ആ ചോദ്യം ജുവാനെ ഫാ. ജുവാനാക്കി

0
397

സാൻ സെബാസ്റ്റ്യൻ: ഒരു അവിശ്വാസിയുടെ ചോദ്യമാണ് കഴിഞ്ഞദിവസം സ്‌പെയിനിലെ സാൻ സെബാസ്റ്റ്യൻ രൂപതയ്ക്ക് ഏറ്റവും പ്രായം കുറഞ്ഞ വൈദികനെ സമ്മാനിച്ചത്. ജുവാൻ പാബ്ലോ അരോസ്ടെഗി എന്ന യുവാവാണ് അവിശ്വാസിയായ സുഹൃത്തിന്റെ ചോദ്യത്താൽ മാനസാന്തരപ്പെട്ട് കഴിഞ്ഞയാഴ്ച ഫാ. ജുവാനായി മാറിയത്. ഗുഡ് ഷെപ്പേർഡ് കത്തീഡ്രലിൽ നടന്ന തിരുപ്പട്ടക്കർമ്മത്തിൽ ബിഷപ് ജോസ് ഇഗ്‌നാഷ്യോയാണ് 35 കാരനായ ജുവാനെ വൈദികനായി അഭിഷേകം ചെയ്തത്.

നീയൊരു ക്രിസ്ത്യാനിയായിരിക്കാൻ കാരണമെന്തെന്നാണ് ആ സുഹൃത്ത് ജുവാനോട് ചോദിച്ചത്. അതുവരെ ക്രിസ്ത്യാനിയായി ജീവിക്കുന്നതിനെപ്പറ്റി ജുവാനും ചിന്തിച്ചിരുന്നില്ല. കാരണം പാംപ്ലോനയിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ഇൻഡസ്ട്രീയൽ എൻജീനിയറായിരുന്നു അപ്പോൾ ജുവാൻ. സുഹൃത്തിന്റെ ചോദ്യം തന്നെ ആഴത്തിൽ ചിന്തിപ്പിച്ചെന്നും ഒടുവിൽ അത് തന്നെ സെമിനാരിയിലെത്തിച്ചതെന്നും ഫാ. ജുവാൻ പറയുന്നു.

സെമിനാരിയിൽ ചേരാൻ തീരുമാനിച്ച നിമിഷമാണ് ജീവിതത്തിൽ ഏററവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിച്ചതെന്നും ഫാ. ജുവാൻ പറയുന്നു. തന്നോടു ചോദ്യം ചോദിച്ച സുഹൃത്തിനോട് താൻ സെമിനാരിയിൽ ചേരുകയാണെന്ന് പറഞ്ഞപ്പോൾ താൻ അത് പ്രതീക്ഷിച്ചിരിക്കുകയാണെന്നായിരുന്നു അയാളുടെ മറുപടി. സുഹൃത്തുക്കളിൽ അധികം അവിശ്വാസികളാണെങ്കിലും അവരെല്ലാം ഫാ. ജുവാന്റെ വിശ്വാസത്തെ ബഹുമാനിക്കുകയും തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു. അവരിൽ പലരും ജുവാന്റെ വൈദികാഭിഷേകച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. ഞായറാഴ്ചകളിൽ പതിവായി കുടുംബത്തോടൊപ്പം ദിവ്യബലിയിൽ പങ്കെടുക്കുമ്പോഴും ഒരിക്കലും ഒരു വൈദികനാകുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നില്ലെന്ന് ഫാ. ജുവാൻ പറഞ്ഞു. വിവാഹം കഴിക്കുമെന്നും തനിക്കൊരു കുടുംബമുണ്ടാകുമെന്നുമാണ് താൻ കരുതിയിരുന്നത്. ജുവാൻ വ്യക്തമാക്കി.