Follow Us On

29

March

2024

Friday

ക്രൈസ്തവ പീഡനങ്ങള്‍ക്ക് എതിരെ മനുഷ്യച്ചങ്ങല

ക്രൈസ്തവ പീഡനങ്ങള്‍ക്ക് എതിരെ മനുഷ്യച്ചങ്ങല

ബൊക്കാറോ: ജാര്‍ഖണ്ഡില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്ക് എതിരെ 20 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യച്ചങ്ങല. റാഞ്ചി, ഗുംല, സിംദേഗ, ബൊക്കാറോ, ജംഷെഡ്പൂര്‍, ഗുണ്ഡി എന്നീ ആറ് നഗരങ്ങളിലായി സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കനത്ത മഴയെ അവണിച്ച്പ്രായംചെന്നവരും കുട്ടികളുമടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ ചങ്ങലയില്‍ കണ്ണികളായി.

ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫോറമായ രാഷ്ട്രീയ ഇസി മഹാസംഘ് ആണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. കത്തോലിക്ക വൈദികര്‍, കന്യാസ്ത്രീകള്‍, മറ്റ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അക്രമിക്കപ്പെടുകയും അവരുടെ സ്ഥാപനങ്ങള്‍ റെയ്ഡുചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി മനുഷ്യച്ചങ്ങല തീര്‍ത്തത്.

ക്രൈസ്തവ സ്ഥാപനങ്ങളെ അവഹേളിക്കാനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ നടപടികള്‍ക്ക് എതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വിശ്വാസികള്‍ ചങ്ങലയില്‍ അണിനിരന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീക്ക് എതിരെ മനുഷ്യക്കടത്തിന് കേസെടുത്ത പോലീസ് നടപടിയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. സമീപ കാലത്ത് മിഷനറിമാരെ കള്ളക്കേസില്‍ കുടുക്കുന്നതിനും അവഹേളിക്കാനുമുള്ള ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും വ്യാപകമായ ശ്രമങ്ങള്‍ ഉണ്ടാകുകയാണ്. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ കൊച്ചാങ് സ്റ്റോക്ക്മാന്‍ മെമ്മോറിയല്‍ മിഡില്‍ സ്‌കൂളില്‍ മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം അവതരിപ്പിക്കാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം കത്തോലിക്കാ സഭക്ക് എതിരെ ഉപയോഗിക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചിരുന്നു.

തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമത്തെ എതിര്‍ത്തില്ല എന്ന കാരണം ചുമത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. അല്‍ഫോന്‍സ് എയിന്‍ഡിനെ അറസ്റ്റു ചെയ്തിരുന്നു. ആയുധധാരികളായ ഒരു സംഘം ആളുകളെ തടയാന്‍ ഒരു വൈദികന് കഴിയില്ല എന്ന കാര്യം ആര്‍ക്കും അറിയുമ്പോഴായിരുന്നു കേസ് എടുത്തത്. സാധാരണക്കാരെ ക്രൈസ്തവ സ്ഥാപനങ്ങളില്‍നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള കേസുകളും പ്രചാരണങ്ങളും നടത്തുന്നത്. 2014-ല്‍ സംസ്ഥാനത്ത് ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതുമുതല്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മതംമാറ്റ നിരോധന നിയമവും കൊണ്ടുവന്നിരുന്നു.

ഒടുവിലായി പുതിയൊരു നിയമനിര്‍മാണത്തിലാണ് സംസ്ഥാന ഗവണ്‍മെന്റ്. ആദിവാസി വിഭാഗങ്ങള്‍ ഹിന്ദുമതമല്ലാതെ മറ്റേതെങ്കിലും വിശ്വാസം സ്വീകരിച്ചാല്‍ അവരുടെ സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നാണ് ഈ ബില്ലില്‍ പറയുന്നത്. സംവരണപ്രകാരം ജോലി ലഭിച്ചവരും വിദ്യാഭ്യാസാനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും ഹിന്ദുമതത്തിലേക്ക് തിരികെവന്നില്ലെങ്കില്‍ ജോലിയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദിവാസികള്‍ തനതായ ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തിയിരുന്നവരാണ്. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അവരെ ഹിന്ദുമതത്തില്‍ ഉള്‍പ്പെട്ടവരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നത്. ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി ക്രൈസ്ത വിശ്വാസത്തെ തകര്‍ക്കാനാണ് സംസ്ഥാനഗവണ്‍മെന്റിന്റെ ശ്രമം.

പൊതു ആവശ്യങ്ങള്‍ക്കായി കൃഷിഭൂമികളും ആദിവാസിഭൂമികളും ഗവണ്‍മെന്റിന് ഏറ്റെടുക്കാന്‍ കഴിയുമെന്ന നിയമഭേദഗതിക്ക് എതിരെ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള പ്രതിഷേധങ്ങളെ കത്തോലിക്ക സഭ പിന്തുണച്ചിരുന്നു. അതേത്തുടര്‍ന്നാണ് ഗവണ്‍മെന്റ് കത്തോലിക്ക സഭക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ജാര്‍ഖണ്ഡിലെ ജനസംഖ്യയുടെ 26 ശതമാനത്തിലധികം ആദിവാസികളാണ്. ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 15 ലക്ഷം ക്രൈസ്തവ വിശ്വാസികള്‍ ജാര്‍ഖണ്ഡിലുണ്ട്. കത്തോലിക്കാ മിഷനറിമാരെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനെതിരെ ആയിരുന്നു വിവിധ സഭാ സമൂഹങ്ങള്‍ അണിനിരന്ന മനുഷ്യച്ചങ്ങല തീര്‍ത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?