ഹംഗറിയിൽ ഭ്രൂണഹത്യയിലും വിവാഹമോചനത്തിലും വൻകുറവ്: മന്ത്രി കടാലിൻ നൊവാക്

0
194

ഇറ്റലി, ബുഡാപെസ്റ്റ്: രാജ്യത്തെ ഭ്രൂണഹത്യയിലും വിവാഹമോചനത്തിലും ഗണ്യമായ കുറവുണ്ടായതായും വിവാഹങ്ങളുടെ എണ്ണം വർധിച്ചതായും ഹംഗേറിയൻ സ്റ്റേറ്റ് ഫോർ ഫാമിലി യൂത്ത് ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ് മന്ത്രി കടാലിൻ നൊവാക്.

‘ഹ്യൂമൻ ലൈഫ്, ഫാമിലി ആൻഡ് ദി സ്‌പ്ലെൻഡർ ഓഫ് ട്രൂത്ത് : ദി ഗിഫ്റ്റ് ഓഫ് ഗോഡ്” എന്ന വിഷയത്തിൽ കഴിഞ്ഞയാഴ്ച റോമിൽ നടന്ന സെമിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

ഹംഗേറിയൻ ഭരണഘടനയിലെ അടിസ്ഥാന നിയമങ്ങൾ കുടുംബത്തിനു പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. 2010-ൽ 40,499 ഭ്രൂണഹത്യകൾ നടന്ന ഹംഗറിയിൽ 2017ൽ 28,500 ഭ്രൂണഹത്യകളാണ് നടന്നത്. ഇതേ കാലയളവിൽ വിവാഹ മോചനത്തിന്റെ എണ്ണം 23,873-ൽ നിന്നും 18,600 ആയി കുറഞ്ഞു. അതേസമയം വിവാഹങ്ങളുടെ എണ്ണം 35,520-ൽ നിന്നും 50,600 ആയി വർധിച്ചു. പ്രസവ ശുശ്രൂഷ പദ്ധതികൾ, കുഞ്ഞുങ്ങളെ പരിപാലിക്കാൻ ശമ്പളത്തോടു കൂടിയ അവധി, കുടുംബ നികുതിയിലെ ഇളവുകൾ, ഹൗസിംഗ് അലവൻസ് തുടങ്ങിയ ജനപ്രിയങ്ങളായ സർക്കാർ നടപടികൾ യുവജനങ്ങളെ വിവാഹം ചെയ്യാൻ പ്രേരിപ്പിക്കുന്നു. മാതാവിന്റെ ഉദരത്തിലായിരിക്കുന്ന ഓരോ കുഞ്ഞും ജനിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം അതിനു വേണ്ട സഹായങ്ങൾ നൽകാനും ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അവർ പറഞ്ഞു.

ജിഡിപിയുടെ 4.8% കുടുംബങ്ങളുടെ അഭിവൃദ്ധിക്കായി ചെലവിടുന്ന രാഷ്ട്രമാണ് ഹംഗറി. ഗർഭാവസ്ഥയിൽ കുഞ്ഞിന് മൂന്ന് മാസമാകുമ്പോൾ തന്നെ മാതാപിതാക്കൾക്ക് കുടുംബ അലവൻസും രാഷ്ട്രം നൽകുന്നു. ജിഡിപിയുടെ 1.1% മാണ് ഇതിനുമാത്രമായി സർക്കാർ ചിലവിടുന്നത്. പിറന്നുവീഴുന്ന ഓരോകുഞ്ഞിനും നിശ്ചിത തുക അക്കൗണ്ടിലിട്ട് നൽകുന്ന ‘ബേബി ബോണ്ട്’ പദ്ധതിയും ഭ്രൂണഹത്യയുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാക്കിയത്.