കുടുംബത്തിന്റെ വിളിയും ദൗത്യവും: അന്താരാഷ്ട്ര പഠനശിബിരം നവംബർ 22മുതൽ 25വരെ

ധർമാരാം വിദ്യാക്ഷേത്രം വേദി; പ്രഭാഷണവേദിയിൽ പ്രഗത്ഭരുടെ നിര

0
1807

ബംഗളൂരു: കുടുംബങ്ങൾക്കായി വിശുദ്ധ ചാവറ കുര്യാക്കോസ് രചിച്ച ‘നല്ല അപ്പന്റെ ചാവരുൾ’, കുടുംബ സിനഡിനെ തുടർന്ന് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക ആഹ്വാനം ‘അമോരിസ് ലെത്തീസ്യ’ (സ്‌നേഹത്തിന്റെ ആനന്ദം) എന്നിവയെ അടിസ്ഥാനപ്പെടുത്തി ‘കുടുംബത്തിന്റെ വിളിയും ദൗത്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന നാലുദിന അന്തർദേശീയ പഠനശിബിരത്തിന് നവംബർ 22ന് തുടക്കമാകും. ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രവും ചാവറ സെൻട്രൽ സെക്രട്ടേറിയറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പ~നശിബിരത്തിന് ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രമാണ് വേദി.

‘നല്ല അപ്പന്റെ ചാവരു’ളിന്റെ കാഴ്ചപ്പാടുകളും അതുല്യ സംഭാവനകളും വിശകലനം ചെയ്യുന്നതിനൊപ്പം ‘അമോരിസ് ലത്തീസ്യ’ ഉൾപ്പെടെയുള്ള സമകാലീന രേഖകളുടെ വെളിച്ചത്തിൽ കാലത്തിന്റെ വെല്ലുവിളികളും പ്രതികരണങ്ങളും വിലയിരുത്തുന്ന പ~നശിബിരം സ്വദേശത്തും വിദേശത്തുനിന്നുമുള്ള പ്രഗത്ഭരുടെ പ്രഭാഷണങ്ങളാൽ ശ്രദ്ധേയമാകും. പാനൽ ഡിസ്‌കഷനുകൾ ഉൾപ്പെടെ നാല് ദിനങ്ങളിലായി 14 സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും ദിവ്യബലിയർപ്പണത്തോടെയാകും സെഷനുകൾ ആരംഭിക്കുക.

ഒന്നാം ദിനം മൂന്ന്‌സെഷനുകൾ

നവംബർ 22 രാവിലെ 10.20നാണ് ഉദ്ഘാടന കർമം. സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ ഭദ്രദീപം തെളിക്കും. സി.എം.ഐ സഭാ പ്രിയോർ ജനറൽ റവ. ഡോ. പോൾ അച്ചാണ്ടി അധ്യക്ഷനായിരിക്കും. സി.എം.സി മദർ ജനറൽ സിസ്റ്റർ സിബി, ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. കുര്യൻ കാച്ചപ്പിള്ളി സി.എം.ഐ എന്നിവർ സന്ദേശം പങ്കുവെക്കും. ധർമാരാം കോളജ് റെക്ടർ റവ. ഡോ. ജോർജ് ഇടയാടിയിൽ സി.എം.ഐ സ്വാഗതം ആശംസിക്കും. ഉച്ചയ്ക്ക് 12.00ന് നടക്കുന്ന ആദ്യ സെഷനിൽ അമേരിക്കയിലെ ബോസ്റ്റൺ കോളജ് പ്രൊഫസർ റവ. ഡോ. ജെയിംസ് എഫ്. കീനൻ ‘ചാവരുളും പരിണമിക്കുന്ന കത്തോലിക്കാ ധാർമിക പൈതൃകവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

2.30ന് ആരംഭിക്കുന്ന രണ്ടാമത്തെ സെഷനിൽ ‘പത്തൊൻപതാം നൂറ്റാണ്ടിലെ കേരളീയ കുടുംബങ്ങൾ’ എന്ന വിഷയത്തിൽ റവ. ഡോ. ഫ്രാൻസിസ് തോണിപ്പാറ, ഫാ. ജോസ് ചെണ്ണാട്ടുശേരി എന്നിവർ പ്രഭാഷണം നടത്തും. ‘കുടുംബങ്ങളെ സംബന്ധിക്കുന്ന കത്തോലിക്കാ ദൈവശാസ്ത്ര പൈതൃകം ചാവരുളിൽ’ എന്ന വിഷയത്തിൽ തൃശൂർ മേരി മാതാ സെമിനാരി പ്രൊഫസർ റവ. ഡോ. പോൾ പുളിക്കനും ‘കുടുംബങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് ചാവരുളിൽ’ എന്ന വിഷയത്തിൽ ധർമാരാമിലെ റവ. ഡോ. ജോസിൻ കൈതക്കുളം, റവ. ഡോ. തോമസ് പാറയിൽ എന്നിവരും പ്രഭാഷകരായിരിക്കും.

വൈകിട്ട് 5.00നാണ് മൂന്നാമത്തെ സെഷൻ. ‘ചാവരുളിലെ മൂല്യാധിഷ്~ിത കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ ഇരിങ്ങാലക്കുടയിലെ ഉദയ സിം.എം.സി പ്രൊവിൻഷ്യൽ ഹൗസിലെ സിസ്റ്റർ വിമല ചെങ്ങിനിമറ്റം, ‘കുട്ടികളിലെ ധാർമിക രൂപീകരണം ചാവരുളിൽ’ എന്ന വിഷയത്തിൽ സിസ്റ്റർ ഷിജി വർഗീസ് എന്നിവർ പ്രസംഗിക്കും. 6.00ന് ചാവരുളിനെ സംബന്ധിച്ച പോസ്റ്റർ അവതരണങ്ങൾ, ഓപ്പൺ ഫോറം എന്നിവ നടക്കും.

രണ്ടാം ദിനം അഞ്ച് സെഷനുകൾ

23ന് രാവിലെ 6.30ന് അർപ്പിക്കുന്ന ദിവ്യബലിക്ക് റവ. ഡോ. ജെയിംസ് എഫ്. കീനൻ മുഖ്യകാർമികനായിരിക്കും. 8.45ന് ആരംഭിക്കുന്ന നാലാം സെഷനിൽ ജർമനി ട്യുബിഞ്ചൻ യൂണിവേഴ്‌സിറ്റി പ്രൊഫ. പീറ്റർ ഹ്യൂഎൻഇർമൻ ’20, 21 നൂറ്റാണ്ടുകളിൽ കത്തോലിക്കാ കുടുംബമൂല്യങ്ങളിൽ സംഭവിച്ച വികസനങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. 9.45ന് അഞ്ചാം സെഷൻ ആരംബിക്കും.

‘വിവാഹം, ലൈംഗീകത എന്നിവയെ സംബന്ധിച്ച കത്തോലിക്കാ ദൈവശാസ്ത്രത്തിൽ 19-ാം നൂറ്റാണ്ടുമുതൽ ഉണ്ടായ തുടർച്ചയും വിരമനവും’ എന്ന വിഷയത്തിൽ ശ്രീലങ്കയിൽനിന്നുള്ള റവ. ഡോ. വിമൽ തിരിമന്ന, ‘അമോരിസ് ലെത്തീസ്യ: സന്ദർഭവും സവിശേഷതകളും’ എന്ന വിഷയത്തിൽ ബംഗളൂരുവിലെ ഹോളി ക്രോസ് ഫാമിലി മിനിസ്ട്രീസിലെ റവ. ഡോ. അരുൾ രാജ് ഗാലി, ‘ക്രിസ്ത്യൻ കുടുംബങ്ങളെക്കുറിച്ചുള്ള ദർശനവും ദൈവവിളിയും അമോരിസ് ലെത്തീസ്യയിൽ’ എന്ന വിഷയത്തിൽ ആലുവ സെന്റ് ജോസഫ്‌സ് സെമിനാരി റെക്ടർ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ എന്നിവർ പ്രഭാഷണം നടത്തും.

11.45നുള്ള ആറാമത്തെ സെഷനിൽ ഐവറി കോസ്റ്റിൽനിന്നുള്ള പ്രൊഫ. ജോസഫ് എംബെൻ ‘വിവാഹം: സ്‌നേഹത്തിൽ ആഴപ്പെട്ട ജീവിതം’ എന്ന വിഷയത്തിലും ഗ്ലാസ്‌കോ സർവകലാശാല പ്രൊഫ. ജൂലി ക്ലാഗ് ‘കുടുംബവും സാമ്പത്തികശാസ്ത്രവും’ എന്ന വിഷയത്തിലും പ്രസംഗിക്കും. 2.15നാണ് ഏഴാം സെഷൻ. ‘അമോരിസ് ലത്തീസ്യയ്ക്ക് ലഭിച്ച ആഗോള സ്വീകാര്യത’യെക്കുറിച്ച് ഡൽഹി വിദ്യാജ്യോതിയിലെ റവ. ഡോ. സ്റ്റനിസ്ലാവൂസ് അല്ലയും ‘അമോരിസ് ലത്തീസ്യയ്ക്ക് ഇന്ത്യയിൽ ലഭിച്ച സ്വീകാര്യത’യെക്കുറിച്ച് ധർമപുരി ബിഷപ്പ് ഡോ. ലോറൻസ് പയസും പ്രഭാഷണം നടത്തും.

3.45ന് നടക്കുന്ന എട്ടാം സെഷന്, ഗ്രൂപ്പ് ചർച്ചയാണ് ക്രമീകരിച്ചിരിക്കുന്നത്. ‘നമ്മുടെ സാഹചര്യങ്ങളിൽ അമോരിസ് ലത്തീസ്യ എപ്രകാരം ഉൾക്കൊള്ളണം’ എന്നതാണ് ചർച്ചയുടെ വിഷയം. മൂന്ന് കുടുംബങ്ങൾ അനുഭവങ്ങൾ പങ്കുവെക്കുന്ന ഒൻപതാം സെഷൻ 6.00ന് ആരംഭിക്കും.

മൂന്നാം ദിനം ആറ് സെഷനുകൾ

രാവിലെ 6.00ന് റവ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് മൂന്നാം ദിനം ആരംഭിക്കുക. ഹൈദരാബാദ് പ്രൊവിൻഷ്യൽ റവ. ഡോ. ജോഷി ജോർജ് പഴുക്കത്തറ സി.എം.ഐ വചനസന്ദേശം പങ്കുവെക്കും. 8.45നാണ് ആരംഭിക്കുന്ന 10ാം സെഷനിൽ ‘കുടുംബം: മുന്നിലുള്ള വെല്ലുവിളികൾ’ എന്ന വിഷയത്തിൽ കൊച്ചി പ്രൊവിൻഷ്യൽ റവ. ഡോ. ജോസ് കുരിയേടത്ത് സി.എം.ഐ മുഖ്യപ്രഭാഷണം നടത്തും. ‘കുടുംബവും വിവാഹവും: വിഭിന്ന മത, സംസ്‌ക്കാര കാഴ്ചപ്പാടുകളിൽ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പാനൽ ഡിസ്‌കഷനാണ് 11ാം സെഷൻ. ജർമനിയിൽനിന്നുള്ള പ്രൊഫ. ക്ലൗസ് വെല്ലിംഗ്, സൗത്ത് കൊറിയയിൽനിന്നുള്ള പ്രൊഫ. ജിയോംഗ് ഹുൻ ഷിൻ എന്നിവർ ചർച്ചകൾ നയിക്കും.

11.30ന് 12ാം സെഷൻ ആരംഭിക്കും. ‘കുടുംബ ആധ്യാത്മികത വികസിപ്പിക്കുന്നതി’നെക്കുറിച്ച് എറണാകുളം അങ്കമാലി അതിരൂപതാ ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ റവ. ഡോ അഗസ്റ്റിൻ കല്ലേലി, ‘രക്ഷാകർതൃത്വത്തിലും കുട്ടികളുടെ ധാർമിക രൂപീകരണത്തിലുമുള്ള വെല്ലുവിളികളെ’ക്കുറിച്ച് വടവാതൂർ സെമിനാരി പ്രൊഫസർ റവ. ഡോ. സ്‌കറിയാ കണ്ണിയാകൊനിൽ എന്നിവർ പ്രസംഗിക്കും. ‘എൽ.ജി.ബി.ടി സമൂഹത്തിന് നൽകേണ്ട അജപാലന’ത്തെക്കുറിച്ച് ബാംഗ്ലൂർ അതിരൂപതയിലെ ഫാ. ക്രിസ്റ്റഫർ വിമൽരാജ് ഹിറുദയ, സെന്റ് ജോൺസ് മെഡിക്കൽ കോളജിലെ ജോൺസൺ പ്രദീപ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും.

സമകാലീന വെല്ലുവിളികളെ ആസ്പദമാക്കി ക്രമീകരച്ച 13ാം സെഷന് 2.15ന് തുടക്കമാകും. വിവാഹപൂർവ ലൈംഗീകതയെക്കുറിച്ച് ലുവൈൻ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. തോമസ് നിപ്‌സ്, മിശ്രവിവാഹത്തെക്കുറിച്ച് ഡോ. ആസ്ട്രിഡ് ലോബോ ഗജിവാല, മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സ്വാധീനത്തെക്കുറിച്ച് റവ. ഡോ. ബോബി ജോർജ് എന്നിവർ പ്രഭാഷണം നടത്തും. സമകാലീന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് 14ാം സെഷൻ.

‘കുടുംബങ്ങളുടെ വെല്ലുവിളിയും സഭയുടെ പ്രതികരണവും’ എന്ന വിഷയത്തിൽ ബിഷപ്പുമാരുമായി ആശയവിനിമയം നടത്താൻ അവസരം ഒരുക്കുന്ന 15ാം സെഷൻ പ~നശിബിരത്തിലെ മുഖ്യ സവിശേഷതയാണ്. ബംഗളൂരു ആർച്ച്ബിഷപ്പ് ഡോ. പീറ്റർ മച്ചാടോ, മാണ്ഡ്യാ ബിഷപ്പ് മാർ ആന്റണി കരിയിൽ സി.എം.ഐ, റാഞ്ചി അതിരൂപതാ സഹായമെത്രാൻ ഡോ. തിയോഡോർ മസ്‌കരാനസ്, എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ സെഷനിൽ പങ്കെടുക്കും.

അവസാന ദിനം അവിസ്മരണീയം

മാർ ആന്റണി കരിയിൽ സി.എം.ഐ അർപ്പിക്കുന്ന ദിവ്യബലിയോടെ നാലാം ദിനത്തിന് തുടക്കമാകും. 9.00ന് 16ാം സെഷൻ ആരംഭിക്കും. ‘മനസാക്ഷിയുടെയും ദർശനങ്ങളുടെയും രൂപീകരണവും’ എന്ന വിഷയത്തിൽ മാൾട്ടാ സർവകലാശാല പ്രൊഫ. ഇമ്മാനുവൽ അഗിയൂസ്, ‘കുടുംബവും ഒരു പുതിയ മാതൃകാ സഭയും’ എന്ന വിഷയത്തിൽ ബിജ്‌നോർ പ്രൊവിൻഷ്യലർ റവ. ഡോ. ഡേവിസ് വറയിലൻ, ‘കുടുംബം, സന്യാസം, പൗരോഹിത്യം: രൂപീകരണവും ശുശ്രൂഷയും’ എന്ന വിഷയത്തിൽ മിനിസോട്ട സെന്റ് പോൾ സെമിനാരി സ്‌കൂൾ ഓഫ് ഡിവിനിറ്റിയിലെ കാറ്റാറിന ഷൂട്‌സ് എന്നിവർ പ്രഭാഷണം നടത്തും. 12.00ന് നടക്കുന്ന സമാപന സമ്മേളനത്തിൽ റവ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ സന്ദേശം നൽകും. റവ. ഡോ . ജെയിംസ് കീനൻ, റവ. ഡോ സജു ചക്കാലക്കൽ, റവ. ഡോ. ഷാജി ജോർജ് കൊച്ചുതറ എന്നിവർ പ്രസംഗിക്കും.