‘സേവ് ദ എയിത്ത്’: അയർലണ്ടിനായി പ്രാർത്ഥന ആവശ്യപ്പെട്ട് വൈദികരും സഭാനേതാക്കന്മാരും

0
96

അയർലണ്ട്: അയർലണ്ടിൽ ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള ജനഹിതപരിശോധന ഉടൻ നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനുവേണ്ടി  പ്രാർത്ഥന ആവശ്യപ്പെട്ട് രാജ്യത്തെ പുരോഹിതരും സഭാ നേതാക്കന്മാരും. മെയ് 25 നാണ് അബോർഷനെ തടയുന്ന എട്ടാം ഭരണഘടനാഭേദഗതി റദ്ദാക്കുന്നത് സംബന്ധിച്ച് അയർലണ്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.

ഐറിഷ് വൈദികനായ ഫാ.മാരിയൂസ് ഒ റെയ്‌ലിയാണ് വോട്ടെടുപ്പിന് മുമ്പ് ലോകമെങ്ങുമുള്ള കത്തോലിക്കരോടും ക്രിസ്ത്യാനികളോടും രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാനാവശ്യപ്പെട്ടുള്ള വീഢിയോ സന്ദേശം യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ദിവ്യബലിയിലും ജപമാലയിലും പ്രത്യേകമായി രാജ്യത്തെ സമർപ്പിക്കണമെന്നും അദ്ദേഹം വീഢിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

“കോടതി വിധിയിലൂടെയും നിയനിർമ്മാണത്തിലൂടെയും മറ്റുരാജ്യങ്ങൾ അബോർഷൻ നിയമവിധേയമാക്കിയപ്പോൾ ജനങ്ങൾ അബോർഷൻ നിയമവിധേയമാക്കുന്ന ആദ്യ രാജ്യമാകും അയർലണ്ട്. അത് സംഭവിക്കുന്നത് ഞങ്ങൾക്കനുവദിക്കാനാകില്ല. അതിനാൽ ദയവായി ഞങ്ങളെ സഹായിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അയർലണ്ടിനുവേണ്ടി ജപമാല ചൊല്ലുകയും ദിവ്യബലിയർപ്പിക്കുകയും ചെയ്യുക. ഫാ. മാരിയൂസ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു”; 1979 ലെ അയർലണ്ട് സന്ദർശ വേളയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ജീവൻ സംരക്ഷിക്കണെന്നാവശ്യപ്പെട്ടതും ഫാ.റെയ്‌ലി വീഢിയോ സന്ദേശത്തിൽ അനുസ്മരിച്ചു.

രണ്ടുമാസം മുൻപ് അബോർഷനെതിരെ ഇ. ഡബ്ല്യു. ടി.എൻ രാജ്യത്ത് അമ്പത്തിനാലുദിവസത്തെ ജപമാലക്കും നൊവേനയ്ക്കും തുടക്കം കുറിച്ചിരുന്നു. വോട്ടെടുപ്പിന് മുൻപ് ഒൻപതുദിവസത്തെ ജപമാലയ്ക്കും നൊവേനയ്ക്കും ഇ.ഡബ്യു ടി.എന്നും രാജ്യത്തെ വൈദികരും ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തുടങ്ങിയ ജപമാലയും നൊവേനയും മെയ് 25 ന് അവസാനിക്കും. ജനഹിതപരിശോധന ഫലം അനുകൂലമാകാൻ ‘ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ’ എന്ന പ്രോലൈഫ് സംഘടന 1000 ദിവ്യബലിയർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്മയ്ക്കും കുഞ്ഞിനും ജീവിക്കാൻ തുല്യ അവകാശം നൽകുന്നതാണ് എട്ടാം ഭരണഘടനാ ഭേദഗതി. അമ്മയുടെ ജീവൻ അപടത്തിലാകുന്ന സാഹചര്യത്തിലൊഴികെ രാജ്യത്ത് ഭ്രൂണഹത്യ നിയമവിരുദ്ധമാണ്. മുൻപ് ഗർഭസ്ഥശിശുക്കളെ സംരക്ഷിക്കുന്നു എന്നതിൽ അയർലണ്ട് തീർച്ചയായും അഭിമാനിക്കണമെന്നും അവരുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന എട്ടാം ഭരണഘടനാഭേദഗതിയെ അസാധുവാക്കാനുള്ള നീക്കത്തെ തള്ളിക്കളയണമെന്നും മുൻ ഐറിഷ് പ്രധാനമന്ത്രി ജോൺ ബ്രൂട്ടൺ ആവശ്യപ്പെട്ടിരുന്നു.

‘ഗർഭസ്ഥശിശുക്കൾക്ക് നൽകുന്ന സംരക്ഷണം ഇല്ലാതാക്കുന്നത് അയർലണ്ടിന് യോജിച്ച നടപടിയല്ല. ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണമെന്ന് ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അയർലണ്ട് എന്നത് സത്യമാണ്. പക്ഷെ നാമതിൽ അഭിമാനിക്കണം. ഒരിക്കലും ഭരണഘടനാ ഭേദഗതി അസാധുവാക്കുന്നതിനനുകൂലമായി താൻ വോട്ടു ചെയ്യില്ല. ജനഹിതപരിശോധനാ ഫലം പ്രവചിക്കാനാകില്ലെങ്കിലും ഗർഭസ്ഥശിശുവിനോടുള്ള മനുഷ്യത്വപരമായ സമീപനത്തിലാണ് തന്റെ ശ്രദ്ധ. തീർച്ചയായും ഇതിനെപ്പറ്റി നിരവധി ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. ജനിക്കുന്നതിന് മുൻപ് തന്നെ ആ കുഞ്ഞിനെ നിങ്ങൾ മനുഷ്യനായി അംഗീകരിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ആകുഞ്ഞിന് മനുഷ്യാവകാശങ്ങൾ ഇല്ലേ എന്ന് നിങ്ങൾ സ്വയം ചോദിക്കുക. അതിന് മനുഷ്യാവകാശങ്ങളുണ്ടെങ്കിൽ ജനിക്കാനുള്ള അവകാശമാണ് അതിനാദ്യമുണ്ടാകേണ്ടത്’; അദ്ദേഹം പറഞ്ഞു.

രണ്ടുമാസം മുൻപ്, കീപ്പ് അയർ ലണ്ട് പ്രോലൈഫ്’ എന്ന മുദ്രാവാക്യമുയർത്തി ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ അയർലണ്ടിൽ നടന്ന പ്രൊലൈഫ് റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ‘റാലി ഫോർ ലൈഫ്’ എന്ന പേരിൽ കഴിഞ്ഞ മാർച്ച് പത്തിനാണ് ഭ്രൂണഹത്യയ്‌ക്കെതിരെ ഡബ്ലിനിൽ റാലി നടന്നത്. അബോർഷൻ നിയമവിധേയമാക്കാനുള്ള ശ്രമത്തിനെതിരെ പ്രവർത്തിക്കുന്ന ‘സേവ് ദ എയിത്ത്’ എന്ന ക്യാംപെയ്‌നാണ് റാലി സംഘടിപ്പിച്ചത്.

‘അനുകമ്പയുള്ളതും പുരോഗമിക്കുന്നതുമായ സമൂഹത്തിൽ ഭ്രൂണഹത്യയ്ക്ക് ഒരു സ്ഥാനവുമില്ല’; സേവ് ദ എയിത്തിന്റെ വക്താവായ നിയാം ഉറൈ ബിഹ്‌റൈൻ പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സ്ഥലത്താണ് അയർലണ്ടുള്ളത്. അബോർഷൻ വ്യവസായത്തെ ഉപേക്ഷിക്കാനും കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും കൂടുതൽ സംരക്ഷണം നൽകാനും തങ്ങൾ ആവശ്യപ്പെടുകയാണ്’; അവർ കൂട്ടിച്ചേർത്തു.

മുൻപ്, ‘ഡൺലാവോഗെയർ ലൈഫ് ക്യാൻവാസ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഗർഭസ്ഥശിശുവിന്റെയും അമ്മയുടേയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന എട്ടാം ഭരണഘടനാഭേദഗതിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആളുകൾ അയർലൻഡിൽ റാലി നടത്തിരുന്നു. ഡൺലാവോഗെയർ തീരപ്രദേശത്ത് ‘ലൗവിങ് ദ എയിത്ത്’ എന്ന പേരിൽ നടന്ന റാലിയിൽ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. ഹൃദയാകൃതിയിലുള്ള ബലൂണുകൾ, പോസ്റ്ററുകൾ എന്നിവ കൈകളിലേന്തിയ ജനക്കൂട്ടം ലൗവിങ് ദ എയിത്ത് എന്ന ലോഗോയോട് കൂടിയ തൊപ്പികളും ധരിച്ചിരുന്നു.

1983-ൽ ജനഹിത പരിശോധനയിലൂടെ പാസാക്കിയ ഈ ഭേദഗതി 67% ഐറിഷ് വോട്ടർമാർ അംഗീകരിച്ചിരുന്നു. ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലന്റിൽ നിയമാനുസൃതമാകും. 2016 ൽ 3265 ഐറിഷ് യുവതികൾ അബോർഷനായി യു.കെ യിലേക്ക് പോയതായി ഐറിഷ് ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ഒരാൾക്ക് മറ്റൊരാളുടെ ജീവനെടുക്കാൻ അവകാശമുണ്ടെന്ന് സമൂഹം അംഗീകരിക്കുന്നെങ്കിൽ മനുഷ്യന്റെ മൗലീക അവകാശമായ ജീവിക്കാനുള്ള അവകാശത്തിന് പ്രസക്തിയില്ലാതായിത്തീരുമെന്ന് എൽഫിൻ രൂപതാ ബിഷപ്പ് കെവിൻ ഡോറനും വ്യക്തമാക്കിയിരുന്നു.