ഗർഭഛിദ്രത്തിനെതിരെ ആഞ്ഞടിച്ച് അയർലന്റ് നേഴ്സ്

0
178

അയർലന്റ്: മേരി ഡൊണേലി എന്ന അയർലന്റ് നേഴ്സ് മെയ് 25ന് നടക്കുന്ന വോട്ടെടുപ്പിൽ ‘നോ’ എന്ന് വോട്ട് രേഖപ്പെടുത്തും. ഗർഭഛിദ്രത്തിനെതിരെ വോട്ടു ചെയ്യാനുള്ള കാരണം വ്യക്തമാക്കി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് അയർലന്റിലെ ജനങ്ങളോട് ആലോചിച്ച് വോട്ട് രേഖപ്പെടുത്താൻ മേരി നിർദേശിക്കുന്നത്.

“ആരോഗ്യരംഗത്തേക്ക് ഞാൻ എത്താനുള്ള കാരണം ആളുകൾക്ക് ആവശ്യാനുസരണമുള്ള ആരോഗ്യ പരിചരണവും ശ്രദ്ധയും നൽകുന്നതിനാണ്. എന്റെ അനുഭവത്തിൽ ജീവിതത്തിന്റെ രണ്ട് അവസ്ഥകളിലാണ് ഏറ്റവുമധികം പരിപാലനം ആവശ്യമുള്ളത്. ഒന്ന്, ലോകത്തിലേക്ക് ജനിച്ച് വീഴുമ്പോഴും, രണ്ട്, ഈ ലോകത്തിനോട് വിടപറയാൻ ഒരുങ്ങുമ്പോഴും. ഒരു നേഴ്സായ എന്റെ ജോലി, ഇത്തരം യാത്രയിലായിരിക്കുന്ന വ്യക്തികളോടൊപ്പം ആയിരിക്കുക എന്നതാണ്. സ്വഭവനത്തിലേക്ക് പുതുതായി കടന്നു വരുന്നവരെ ഞങ്ങൾ വാതിൽക്കൽ നിന്ന് സ്വാഗതം ചെയ്യും. അത് കൂടാതെ ഭവനത്തിലേക്ക് സ്വസ്ഥമായി തിരിച്ച് മടങ്ങുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യും”; മേരി പറയുന്നു.

“ഞങ്ങൾ ഒരിക്കലും ആളുകൾക്കുള്ള പ്രവേശനം തടയാറില്ല. ഭ്രൂണഹത്യ എന്നത് മന:പൂർവ്വമുള്ള ജീവൻ നശിപ്പിക്കലാണ്. അത് ഒരിക്കലും മാസം തികയാതെയുള്ള ജനനമാവുന്നില്ല. ഗർഭച്ഛിദ്രം നിയമവിധേയമാക്കിയാൽ ഓരോ വർഷവും അനാവശ്യ അബോർഷനുകൾ നടത്തുവാൻ ഞങ്ങളുടെ മേൽ സമ്മർദമുണ്ടാവും. വെറുമൊരു ഗുളികയിൽ ഡോക്ടർമാർക്ക് എല്ലാം ഒതുക്കാൻ സാധിക്കും എന്ന് പറയുന്നത് ഇന്ന് വെറുമൊരു കെട്ടുകഥ മാത്രമാണ്.’ വീഡിയോയിൽ ഡൊണാലി വ്യക്തമാക്കുന്നു. ‘യുകെയിൽ 84ശതമാനം ഗർഭച്ഛിദ്രവും നടക്കുന്നത് 12-ാമത്തെ ആഴ്ചയിലാണ്. ഏതൊരു അബോർഷനും നടക്കുക ഓപ്പറേഷൻ തീയേറ്ററിലാണ്. അതായത് ഏതെങ്കിലുമൊരു അത്യാഹിത രോഗിയെ അവഗണിച്ചാണ് ഗർഭച്ഛിദ്രത്തിനായുള്ള സ്ത്രീയെ അകത്തു കടത്തുന്നത്. ശരിയായ ആരോഗ്യ സംരക്ഷണത്തെ തകരാറിലാക്കുന്ന ഇത്തരം നിയമങ്ങളെ നാം എന്തിന് വോട്ട് ചെയ്ത് നടപ്പിലാക്കണം”; ഡൊണാലി അയർലന്റിലെ ജനങ്ങളോട് ചോദിക്കുന്നു.

“ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് മുന്നോട്ടു വയ്ക്കുന്ന ആശയം ഇന്നത്തെ ആരോഗ്യ സംവിധാനത്തെ തകർക്കാനുതകുന്നതാണ്. അതിനാൽ എനിക്ക് ഒരിക്കലും വോട്ട് ചെയ്യാൻ സാധിക്കുകയില്ല. ഒരു നേഴ്സ് അഥവാ ഒരു പൗരൻ എന്ന നിലയിൽ ആളുകളോട് മെയ് 25 ന് ‘നോ’ എന്ന് വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു” എന്ന് പറഞ്ഞു കൊണ്ടാണ് മേരി വീഡിയോ അവസാനിപ്പിക്കുന്നത്.