ജപ്പാൻ പ്രകൃതിദുരന്തം: പ്രാർത്ഥന വാഗ്ദാനം ചെയ്ത് പാപ്പ

0
587

വത്തിക്കാൻ: ജപ്പാനിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെയും പേമാരിയുടെയും ഇരകൾക്ക് ഫ്രാൻസിസ് പാപ്പയുടെ സാന്ത്വനസന്ദേശം. കഴിഞ്ഞ ദിവസമയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പ്രകൃതി ദുരന്തബാധിതരെ പാപ്പ ആശ്വസിപ്പിച്ചത്.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരുക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നതായും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയേറ്റു വഴി അയച്ച സന്ദേശത്തിൽ പാപ്പ അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കുന്ന സർക്കാർ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥരെയും മറ്റു സന്നദ്ധസേവരെയും പാപ്പ ശ്ലാഘിക്കുകയും പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തു.

ജൂലൈ 7, 8 ദിവസങ്ങളിലുണ്ടായ പേമാരിയിൽ നൂറിലേറെപ്പേർ മരിച്ചെന്നും ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അനേകരെക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമല്ല. ഹിരോഷിമ നഗരം ഉൾപ്പെടുന്ന ജപ്പാന്റെ തെക്കു-പടിഞ്ഞാറൻ പ്രവിശ്യയാണ് വെള്ളപ്പൊക്കത്തിലും പേമാരിയിലും വലയുന്നത്. നദീതീരങ്ങൾ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. മലമ്പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.