ദുരിതാശ്വാസം വാക്കിലല്ല, പ്രവൃത്തിയിൽ; ഇന്നോവ കാർ ലേലം ചെയ്യാൻ വരാപ്പുഴ ആർച്ച്ബിഷപ്പ്

ഡോ. കളത്തിപ്പറമ്പിൽ ഇനി സഞ്ചരിക്കുക ചെറിയ കാറിൽ

0
7832

കൊച്ചി: പ്രളയ ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കുണ്ടായ നഷ്ടങ്ങളിൽ പങ്കുചേരുന്നതിനും വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ, ഒന്നരവർഷം മാത്രം പഴക്കമുള്ള ‘ഇന്നോവ ക്രിസ്റ്റ’ കാർ ലേലം ചെയ്യുന്നു. ആർച്ച്ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാറിലായിരിക്കും ഇനി അദ്ദേഹത്തിന്റെ യാത്ര.

അതിരൂപതയിൽ ആഘോഷങ്ങളും ജൂബിലികളും ചെലവ് ചുരുക്കി അതിലൂടെ മിച്ചം പിടിക്കാവുന്ന തുക പുനരധിവാസ പദ്ധതികൾക്കായി വകയിരുത്തണമെന്ന്‌
കഴിഞ്ഞദിവസം ഇടയലേഖനത്തിലൂടെ ആർച്ച്ബിഷപ്പ് അറിയിച്ചിരുന്നു. അതിന്റെ തുടർച്ചയാണ്, ഇന്നോവ കാർ ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം.

കാർ ലേലം ചെയ്തു കിട്ടുന്ന തുക ദുരിതബാധിതരുടെ ഭവനനിർമ്മാണ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് തീരുമാനം. കാറ് നേരിട്ട് വന്ന് പരിശോധിക്കുന്നതിനും വില പറയുന്നതിനും എറണാകുളം മറൈൻ ഡ്രൈവിന് സമീപമുള്ള വരാപ്പുഴ ആർച്ച്ബിഷപ്പ് ഹൗസിൽ ഇന്ന് (3.9 18) മുതൽ രാവിലെ 10.00 മുതൽ സൗകര്യം ഉണ്ടായിരിക്കും.