കാൽമണിക്കൂറിനുള്ളിൽ കാൽലക്ഷംരൂപ; മാതൃകയായി മാമംഗലത്തെ കുട്ടിക്കൂട്ടം

0
3334
എറണാകുളം: പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാൻ കുട്ടിക്കൂട്ടം രംഗത്തിറങ്ങിയപ്പോൾ, ദൈവാലയ മുറ്റത്ത് ഉയർന്നത് വലിയൊരു പലഹാര പീഡിക. കുട്ടികളുടെ നന്മ പ്രവൃത്തിയിൽ ആകൃഷ്ടരായ മുതിർന്നവർ, പലഹാരങ്ങൾ വാങ്ങാൻ മത്‌സരിച്ചപ്പോൾ കാൽ മണിക്കൂറുകൊണ്ട് കുട്ടിക്കൂട്ടം സമാഹരിച്ചത് കാൽലക്ഷത്തിൽപ്പരം രൂപ! മാമംഗലം മൗണ്ട് കാർമൽ ദൈവാലയത്തിലെ മതബോധന വിദ്യാർത്ഥികൾ ഒരുക്കിയ ഫുഡ്‌ഫെസ്റ്റാണ് അനുകരണീയ മാതൃകയായത്.
ദുരിതബാധിതരെ സഹായിക്കണമെന്ന  വികാരി ഫാ. ജോസഫ് പണിക്കശേരിയുടെ ആഹ്വാനപ്രകാരം, പോക്കറ്റ് മണിയും കുടുക്കയിൽ ശേഖരിച്ചുവെച്ച തുകകളും ഉൾപ്പെടെ തരക്കേടില്ലാത്ത ഒരു തുക കുട്ടിക്കൂട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. കഴിയുന്ന സഹായങ്ങൾ ഇനിയും ചെയ്യണമെന്ന വികാരിയുടെ വാക്കുകളാണ് ഫുഡ്‌ഫെസ്റ്റ് എന്ന ആശയത്തിലേക്ക് 11-ാം ക്ലാസ് വിദ്യാർത്ഥികളെ നയിച്ചത്.
അവരുടെ ആഗ്രഹത്തിന് മാതാപിതാക്കളും അധ്യാപകരും പിന്തുണ അറിയിച്ചതോടെ 24 മണിക്കൂറിനുള്ളിൽ വിഭവങ്ങളുടെ നീണ്ട നിരതന്നെ ഒരുക്കപ്പെട്ടു. ഉണ്ണിയപ്പം, പഴമ്പൊരി, അച്ചപ്പം, കുഴലപ്പം, ബ്രഡ് റോൾ, സാൻഡ്‌വിച്ച്  എന്നുവേണ്ട പരമ്പരാഗത ശൈലിയിൽ ഒരുക്കിയ വിന്താലുവും കോഴിക്കറിയും ബോട്ടിക്കറിയുംവരെ ഫുഡ്‌കോർട്ടിൽ ഇടംപിടിച്ചു. എല്ലാം ഹോം മെയിഡ്.
ന്യായമായ വിലയായിരുന്നു ഓരോ വിഭവങ്ങൾക്ക് നൽകിയിരുന്നതെങ്കിലും അതിൽ കൂടുതൽ പണം നൽകി അവ വാങ്ങാനും നിരവധിപേർ മനസുകാട്ടി. സമാഹരിച്ച തുക ഇടവക വികാരിമുഖേന ദുരിതാശ്വാസനിധിയിലേക്ക് കൈമാറിക്കഴിഞ്ഞെങ്കിലും, സാധിക്കുന്നതെല്ലാം ഇനിയും ചെയ്യണം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ  നൽകുന്ന പ്രചോദനത്താൽ സേവനത്തിന്റെ പുതുവഴികൾ തേടുകയാണ് മാമംഗലത്തെ കുട്ടിക്കൂട്ടം.