കുട്ടനാടിന്റെ വേദനയില്‍ പങ്കുചേരാം…

0
640
Kuttanad Flood

മാനതകളില്ലാത്ത ദുരിതങ്ങളുടെ നടുവിലാണ് കുട്ടനാട്ടിലെ ജനങ്ങള്‍. പ്രളയജലം വീടും ജീവനോപാധികളും കൃഷിയിടങ്ങളും വിഴുങ്ങിയിരിക്കുന്നു. സ്വന്തം വീട്ടില്‍ എന്ന് തിരിച്ചെത്താന്‍ കഴിയുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരങ്ങള്‍. രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍ പ്രളയത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. പല പ്രദേശങ്ങളും പുറമേനിന്ന് ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടായി. ദുരന്തങ്ങളെ കൈകാര്യം ചെയ്യാന്‍ ഇനിയും നാം പഠിച്ചിട്ടില്ലെന്നതിന്റെ തെളിവായിരുന്നു ആദ്യദിവസങ്ങളില്‍ പല ഗവണ്‍മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം. എല്ലാം നഷ്ടപ്പെട്ട് ഇറങ്ങിയവര്‍ സൗജന്യമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കുവേണ്ടി മണിക്കൂറുകള്‍ ക്യൂ നില്‌ക്കേണ്ടിവന്നു. ഇത് ഒട്ടും ആശാസ്യമല്ല. ദുരിതങ്ങളുടെ നടുവില്‍പ്പെട്ടവരോട് കാണിക്കേണ്ടത് നിയമങ്ങളുടെ നൂലാമാലകളല്ല, കാരുണ്യത്തിന്റെ മുഖമായിരിക്കണം.

ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും സംഭവിക്കുന്ന കാര്യം, വാര്‍ത്തകളില്‍നിന്നും വിഷയം മറയുമ്പോള്‍ നഷ്ടങ്ങള്‍ വ്യക്തിപരമായി മാറും. ഗവണ്‍മെന്റിന്റെ സഹായങ്ങള്‍ നാമമാത്രമായി ചുരുങ്ങുകയും ചെയ്യും. ഇവിടെ അങ്ങനെ ഉണ്ടാകാന്‍ പാടില്ല. ജീവിതം ദുരിതത്തിലായ അവരെ സാധാരണ ജീവിതത്തിന് പ്രാപ്തരാക്കുന്ന വിധത്തിലുള്ള ഇടപെടലുകളാണ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. അതിന് കാലതാമസവും നിയമക്കുരുക്കുളും ഒഴിവാക്കുകയും വേണം. വെള്ളപ്പൊക്കത്തില്‍ സര്‍വവും നഷ്ടമായതിന്റെ വേദന അനുഭവിക്കുന്നവര്‍ ഉദ്യോഗസ്ഥരുടെ കനിവു തേടി ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട പതിവുസാഹചര്യം സൃഷ്ടിക്കപ്പെടില്ലെന്ന് ഗവണ്‍മെന്റ് ഉറപ്പുവരുത്തണം. കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ബാങ്കുകളില്‍നിന്നും എടുത്ത ലോണുകള്‍ അടച്ചുതീര്‍ക്കാനുണ്ട്. ഇനി എങ്ങനെ ജീവിതം മുമ്പോട്ടുകൊണ്ടുപോകുമെന്നത് അനേകരുടെ ഉല്‍ക്കണ്ഠകളാണ്. കൃഷി നഷ്ടപ്പെട്ടു.

താറാവും കോഴിവളര്‍ത്തലുമായി കഴിഞ്ഞവര്‍ക്ക് അതും നഷ്ടമായി. ഭാവിലേക്ക് പ്രതീക്ഷയര്‍പ്പിച്ചവയായിരുന്നു അവയൊക്കെ. ദൈനംദിന ചെലവുകളും മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളും ചോദ്യചിഹ്നംപോലെ മുമ്പിലുണ്ട്. ഇനി കൃഷി ഇറക്കുന്നതിന് സാമ്പത്തിക ചെലവുണ്ട്. നഷ്ടപരിഹാര പാക്കേജില്‍ ഇവയെല്ലാം പരിഗണിക്കപ്പെടണം. സാധാരണരീതിയില്‍ ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വീടുനഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് അനുവദിക്കുന്ന പണം അതിന് തികയുന്നതല്ലെന്ന് എല്ലാവര്‍ക്കും നിശ്ചയമുണ്ടെങ്കിലും അങ്ങനെ തുടര്‍ന്നുപോരുകയാണ് പതിവ്. അക്കാര്യത്തില്‍ മാനുഷിക പരിഗണനകള്‍ ഉണ്ടാകണം. മാനദണ്ഡങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കണം. ഒരു മനുഷ്യായുസുകൊണ്ട് സമ്പാദിച്ചതെല്ലാം നഷ്ടമായ അനേകരുണ്ട്. അതിനാല്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കേണ്ടിയിരിക്കുന്നു.

ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഏറെ മുന്നേറിയെന്ന് അഭിമാനിക്കുമ്പോഴും അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതില്‍ നാം ഇനിയും ബഹുദൂരം മുമ്പോട്ടുപോകാനുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചു. വെള്ളം ഉയര്‍ന്നതുമൂലം ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാതെയായി. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടോയ്‌ലെറ്റുകള്‍ ഒരുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ദിവസങ്ങള്‍ പാഴാക്കി. ഇനിയെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ ചര്‍ച്ചചെയ്തു സമയം പാഴാക്കരുത്. ഇത്രയും വ്യപ്തി ഉണ്ടാകാറില്ലെങ്കിലും കുട്ടനാട്ടില്‍ വെള്ളപ്പൊക്കം ആദ്യമായി സംഭവിക്കുന്നതല്ല. അതിനാല്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സംവിധാനങ്ങള്‍ ഒരുങ്ങിയിരിക്കണം. ദുരന്തം ഉണ്ടായതിനുശേഷം അതിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം മതിയായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന് ഈ സംഭവത്തില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം.

ക്രിസ്തീയ സ്‌നേഹത്തിന്റെ നേര്‍കാഴ്ചകളുടെ ദൃശ്യങ്ങള്‍ ഈ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടിയവരെയും പുറംലോകത്തേക്ക് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോയവരെയും സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത് ക്രൈസ്തവ സഭകളായിരുന്നു. ദുരിതത്തിന്റെ ആഘാതം പേറുന്നവരെ സഹായിക്കാന്‍ പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്‌സും വിവിധ അല്മായ സംഘടനകളും കരംകോര്‍ത്തു. വിവിധ രൂപതകളില്‍നിന്നും ആഹാരസാധനങ്ങളും വസ്ത്രങ്ങളും എത്തിക്കാന്‍ കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമായി മാറിയത് സഭയുടെ കരുതലാണ്. വേദനിക്കുന്നവരുടെയും ദുരിതങ്ങളില്‍ അകപ്പെട്ടവരുടെയും ഒപ്പമാകുക എന്നത് ക്രൈസ്തവരുടെ കര്‍ത്തവ്യമാണ്. എവിടെയൊക്കെ യാതനകള്‍ ഉണ്ടാകുന്നുണ്ടോ അവിടേക്ക് സ്വന്തം സുരക്ഷിതത്വംപോലും അവഗണിച്ച് അവരെ സഹായിക്കുക എന്നത് ക്രൈസ്തവര്‍ എന്നും പുലര്‍ത്തുന്ന മനോഭാവമാണ്. കുട്ടനാട്ടിലെ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുന്നതിനായുള്ള പരിശ്രമങ്ങളില്‍ അലിവുനിറഞ്ഞ ഹൃദയത്തോടെ നമുക്കും പങ്കാളികളാകാം.