സായിബാബകോളനി ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയം സുവര്‍ണജൂബിലി നിറവില്‍

0
863
Little Flower Shrine Gold is full of golden jubilee

കോയമ്പത്തൂര്‍ നഗരത്തില്‍ ആദ്യകാലത്ത് തൊഴില്‍, വ്യാപാരം എന്നീ കാര്യങ്ങള്‍ക്ക്എത്തിയ ക്രൈസ്തവരായ മലയാളികള്‍ക്കായി 1968 ഓഗസ്റ്റ് 19-ന് സ്ഥാപിതമായതാണ് സായിബാബ കോളനിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇടവക. കേരള സഭയില്‍ അന്നുണ്ടായിരുന്ന ആത്മീയ ഉണര്‍വും പ്രേഷിത തീക്ഷ്ണതയും സ്വയം കേന്ദ്രീകൃത അവസ്ഥയില്‍നിന്നും ദൈവകേന്ദ്രീകൃത അവസ്ഥയിലേക്ക് ജീവിതം മാറ്റുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് പ്രചോദനമായി. 1956-ല്‍ അന്നത്തെ തൃശൂര്‍ രൂപതാധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് ആലപ്പാട്ടിന്റെ അനുഗ്രഹാശിസുകളോടെ മിഷന് ആരംഭം കുറിച്ചു.

1831 മെയ് 11-ന് സ്ഥാപിതമായ കര്‍മലീത്ത സഭ (സി.എം.ഐ) ആഗോള സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. സഭാനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മാനവരാശിയുടെ ഉന്നമനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെ സി.എ.ഐ സഭ കോയമ്പത്തൂര്‍ പ്രദേശത്തേക്ക് കടന്നുവന്നു. 1964 ഡിസംബര്‍ 30-ന് തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ കീഴില്‍ കോയമ്പത്തൂര്‍ സായിബാബ കോളനിയില്‍ സി.എം.ഐ സഭ ഒരു റീജനല്‍ ഭവനം സ്ഥാപിച്ചു. 1968 ഓഗസ്റ്റ് 19-ന് രാമനാഥപുരം ഇടവക വിഭജിച്ച് ലിറ്റില്‍ ഫ്‌ളവര്‍ ഇടവക സി.എം.ഐ സഭയുടെ ആശ്രമത്തോട് ചേര്‍ന്ന് സി.എം.ഐ വൈദികരുടെ മേല്‍നോട്ടത്തില്‍ നിലവില്‍ വന്നു. സായിബാബ കോളനിയിലും ആര്‍.എസ്.പുരത്തും താമസിച്ചിരുന്ന നാല്‍പതോളം കത്തോലിക്ക കുടുംബങ്ങളാണ് ആരംഭകാലഘട്ടത്തില്‍ ഇടവകയില്‍ ഉണ്ടായിരുന്നത്. അന്നത്തെ ലിറ്റില്‍ ഫ്‌ളവര്‍ ആശ്രമ സുപ്പീരിയര്‍ ആയിരുന്ന ഫാ. ലെയോണ്‍ സിയൂസ് സി.എം.ഐ ആയിരുന്നു ഇടവകയുടെ പ്രഥമ വികാരി. 1970-ല്‍ ഇടവകയില്‍ അഞ്ചുസമിതികള്‍ ആരംഭിച്ചു.

‘കുടുംബസമ്മേളനം’ എന്ന ആശയം ആദ്യമായി നടപ്പിലാക്കുകവഴി ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയം കേരള കത്തോലിക്ക സഭയ്ക്കുതന്നെ ഉത്തമ മാതൃകയായി. 1971-ല്‍ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ ഈ കുടുംബകൂട്ടായ്മ തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഈ പ്രസ്ഥാനം ആരംഭിക്കുന്നതിനും കുടുംബസമ്മേളനം എന്ന ആശയം കേരളസഭ മുഴുവന്‍ പടര്‍ന്നു.

പള്ളിയ്‌ക്കൊരു പള്ളിക്കൂടം’ എന്ന വിശുദ്ധ ചാവറയച്ചന്റെ ആശയത്തെ മുന്‍നിര്‍ത്തി 1972-ല്‍ ലിസ്യു ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആശ്രമത്തോടുചേര്‍ന്ന് ആരംഭിച്ചു. ഫാ. ജോര്‍ജ് ഹാഡ്രിയനായിരുന്നു ഈ സ്‌കൂളിന്റെ പ്രഥമ പ്രിന്‍സിപ്പല്‍. 1976 ഫെബ്രുവരി ഒന്നിന് പുതിയ ദൈവാലയത്തിന് തൃശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ഗബ്രിയേല്‍ ചിറമ്മേല്‍ തറക്കല്ലിട്ടു. 1978 ജനുവരി ഒന്നിന് പാലക്കാട് രൂപത ബിഷപ് മാര്‍ ജോസഫ് ഇരുമ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇടവക അതിര്‍ത്തിയുടെ വിസ്തൃതിയും ഇടവക ജനങ്ങളുടെ സൗകര്യവും കണക്കിലെടുത്ത് ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയില്‍നിന്ന് 1986-ല്‍ കവുങ്ങംപാളയം സെന്റ് ജോസഫ് ഇടവകയും 1991-ല്‍ പൂമാര്‍ക്കറ്റ് സെന്റ് ജോസഫ് ഇടവകയും 1994-ല്‍ ഇടയാര്‍പാളയം ഇന്‍ഫന്റ് ജീസസ് ഇടവകയും രൂപീകൃതമായി. പാലക്കാട് രൂപതയില്‍ 1997-ല്‍ ആദ്യമായി പിതൃവേദി രൂപംകൊണ്ടത് ഈ ഇടവകയിലാണ്. ആവില, അസീസി എന്നീ സന്യാസി സമൂഹം വിശ്വാസപരിശീലനരംഗത്തും കുടുംബകൂട്ടായ്മ യോഗത്തിലും ഭവനസന്ദര്‍ശനങ്ങളിലും നല്‍കിവരുന്ന നിസ്വാര്‍ത്ഥസേവനങ്ങള്‍ പ്രശംസനീയമാണ്. ഇടവകയുടെ സുവര്‍ണജൂബിലിവര്‍ഷം ആഘോഷങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്താതെ ആധ്യാത്മികതലത്തിലും ജീവിതത്തിന്റെ പ്രായോഗികവശത്തിനും വേണ്ടത്ര പ്രാധാന്യം കൊടുത്തുകൊണ്ടാണ് രൂപം നല്‍കിയത്. ആതുരസേവനം, സാമൂഹ്യസേവനം, ആത്മീയകൂട്ടായ്മ, ജനപങ്കാളിത്തം, സ്മാരക നിര്‍മാണം, ലിറ്റററി എന്നിവയായിരുന്നു ആ മേഖലകള്‍.

ഈ 12-ന് നടക്കുന്ന സുവര്‍ണ ജൂബിലിയാഘോഷങ്ങളില്‍ ബിഷപ്പുമാരായ മാര്‍ പോള്‍ ആലപ്പാട്ട്, ബിഷപ് മാര്‍ ആന്റണി കരിയില്‍, ഫാ. ജോയ് കൊളങ്ങാടന്‍ സി.എം.ഐ, ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സി.എം.ഐ, ലൂയിസ് അറയ്ക്കല്‍, ഫാ. ഫ്രാന്‍സി സ് തൈവളപ്പില്‍, റവ.ഡോ. ഫി ലിപ്‌സ് പൊന്തേക്കല്‍, സിസ്റ്റര്‍ പാട്രിക്, ലുയീസ് അറക്കല്‍, ഫ്രാന്‍സിസ് രാജന്‍ പൊറത്തൂര്‍ എന്നിവര്‍ പങ്കെടുക്കും.


തോമസ് തട്ടരടി