Follow Us On

28

March

2024

Thursday

വിശുദ്ധ മദര്‍ തെരേസയെ വെറുതെ വിടാം

വിശുദ്ധ മദര്‍ തെരേസയെ വെറുതെ വിടാം

വിതകാലത്ത് ലോകം ഒരാളെ വിശുദ്ധരായി കാണുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. കാരുണ്യത്തിന്റെ ആള്‍രൂപമായി ലോകം ഗണിക്കുന്ന വിശുദ്ധ മദര്‍ തെരേസയെ ക്രിസ്ത്യാനികള്‍ മാത്രമല്ല, ദൈവവിശ്വാസികള്‍ അല്ലാത്തവര്‍പ്പോലും അങ്ങനെയാണ് കണ്ടത്. മദറിന്റെ ജീവിതം കണ്ടാണ് സമൂഹം അങ്ങനെ വിളിച്ചത്. ലോകം മദറിന് മുമ്പില്‍ രാജ്യങ്ങളുടെ വാതിലുകള്‍ മലര്‍ക്കേ തുറന്നിട്ടു. മദര്‍ തെരേസയുടെ ഭവനങ്ങള്‍ രാജ്യത്ത് ഉണ്ടാകുന്നതു അഭിമാനമായി കരുതി. ആ സ്ഥാപനങ്ങള്‍ തങ്ങളുടെ കാരുണ്യത്തിന്റെ കഥകളാണ് ലോകത്തോട് പറയുന്നതെന്നതില്‍ അവര്‍ക്ക് സംശയങ്ങളില്ലായിരുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിട്ടാണ് ലോകം വിശുദ്ധ മദര്‍ തെരേസയെ കാണുന്നത്. മദര്‍ തെരേസ എന്നു കേള്‍ക്കുമ്പോള്‍പ്പോലും കാരുണ്യത്തിന്റെ ചിത്രങ്ങളായിരിക്കും മനസുകളിലേക്ക് ഓടിയെത്തുന്നത്. ജന്മംകൊണ്ട് അല്‍ബേനിയക്കാരിയായിരുന്നെങ്കിലും കര്‍മംകൊണ്ട് ഭാരതത്തിന്റെ പുത്രിയായിരുന്നു ആ കാരുണ്യത്തിന്റെ മാലാഖ.

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ സെന്ററുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ വിശുദ്ധ മദര്‍ തെരേസയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. രാഷ്ട്രീയ നേതൃത്വവും നിയമസംവിധാനങ്ങളും ഇക്കാര്യത്തില്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. റാഞ്ചിയിലെ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ പത്രക്കുറിപ്പായി പുറത്തുവിട്ടിരുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്ററിന്റെ നിരപരാധിത്വവും അധികാരികള്‍ ഏതുവിധത്തിലാണ് നിയമത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചതെന്നുമൊക്കെ അതില്‍ വളരെ വ്യക്തമാണ്. ജാര്‍ഖണ്ഡില്‍ നിലനില്ക്കുന്ന രാഷ്ട്രീയ സാഹചര്യം ഈ പ്രശ്‌നത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 26 ശതമാനവും ആദിവാസി വിഭാഗങ്ങളില്‍പ്പെടുന്ന സംസ്ഥാനത്ത് ബിജെപി ഭരണത്തിലേറിയതുമുതല്‍ ആദിവാസികളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി തീരുമാനങ്ങള്‍ എടുത്തിരുന്നു. അതിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളെ കത്തോലിക്കാ സഭ പിന്തുണച്ചതോടെ പല തീരുമാനങ്ങളില്‍നിന്നും ഗവണ്‍മെന്റിന് പിന്തിരിയേണ്ടിവന്നിരുന്നു. അതേത്തുടര്‍ന്ന് മിഷനറിമാരെ ശത്രുക്കളായി പ്രഖ്യാപിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നുവരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മിഷനറീസ് ഓഫ് ചാരിറ്റിയിലെ റെയ്ഡും കള്ളക്കേസുകളും.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതു മുതല്‍ മദറിനെ പലവിധത്തില്‍ അവഹേളിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയിരുന്നു. ആരോപണം ഉയര്‍ത്തിയവര്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടായതിനെതുടര്‍ന്ന് അതില്‍നിന്നെല്ലാം പിന്‍വലിയേണ്ടിവന്നു. മിഷനറിമാരുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുന്നതായിരുന്നു പലരെയും അസ്വസ്ഥപ്പെടുത്തിയത്. ഇങ്ങനെ ഒരു കേസ് ഉണ്ടായതിനെ തുടര്‍ന്ന് അവരെല്ലാം വീണ്ടും മദറിന് എതിരെ തിരിഞ്ഞിരിക്കുകയാണ്. റാഞ്ചിയിലെ നിര്‍മല ശിശുഭവന് എതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്. അവിവാഹിതരായ അമ്മമാരെ സംരക്ഷിക്കുന്ന നിര്‍മല്‍ ഹൃദയയിലും പോലീസ് റെയിഡു നടത്തി അവിടെ ഉണ്ടായിരുന്ന ഗര്‍ഭിണികളെയും അമ്മയെയും ഗവണ്‍മെന്റിന്റെ ഷെല്‍ട്ടര്‍ ഹോമുകളിലേക്കു മാറ്റി. ചാനല്‍ ക്യാമറകളുടെ മുമ്പിലൂടെയാണ് ആ സ്ത്രീകളെ കൊണ്ടുപോയത്. അതിലൂടെ അവര്‍ എത്രമാത്രം അപമാനിക്കപ്പെട്ടു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ മാത്രം 244 സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുഷ്ഠരോഗികള്‍ മുതല്‍ എയ്ഡ്‌സ് രോഗികള്‍ വരെയാണ് അവിടുത്തെ അന്തേവാസികള്‍. ഇവരെയൊക്കെ ഏറ്റെടുക്കാന്‍ ഗവണ്‍മെന്റ് തയാറാകുമോ? ലാഭം ലഭിക്കുന്ന ഒരു സ്ഥാപനംപോലും നടത്താത്തവരാണ് ഈ സമൂഹം.

യഥാര്‍ത്ഥത്തില്‍ മദര്‍ തെരേസ അല്ല അവരുടെ ലക്ഷ്യം. മിഷനറിമാരെയും അവര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അവഹേളിക്കാനുള്ള അവസരമായിട്ടാണ് വിഷയത്തെ സമീപിക്കുന്നത്. മദര്‍ തെരേസയുടെ അനുയായികള്‍ പണത്തിനുവേണ്ടി കുട്ടികളെ വില്ക്കുന്നവരാണെന്ന് വരുത്തിയാല്‍ മിഷനറിമാരെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്താന്‍ കഴിയുമെന്ന ചിന്തയാണ് അതിനു പിന്നില്‍. വിശുദ്ധ മദര്‍ തേരേസക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ലോകത്തിന്റെ മുമ്പില്‍ നമ്മുടെ രാജ്യമാണ് അവഹേളിതരാകുന്നത്. സമൂഹം തള്ളിക്കളഞ്ഞവരെ ഏറ്റെടുത്ത് ശുശ്രൂഷിക്കുന്നവരെ അപമാനിക്കുമ്പോള്‍ നാം ലോകത്തിനു മുമ്പില്‍ ചെറുതാകുകയാണ്. ആരോപണങ്ങളിലൂടെയും പീഡനങ്ങളിലൂടെയും തകര്‍ക്കാന്‍ കഴിയുന്നതായിരുന്നെങ്കില്‍ ക്രിസ്തുമതം എന്നേ ഇല്ലാതായേനെ. ഇത്തരം സംഭവങ്ങളില്‍ നാം നിശബ്ദത പാലിക്കരുത്. എന്നാല്‍, ക്രിസ്തീയ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രതിഷേധങ്ങളും പാടില്ല. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പ്രചാരണങ്ങളില്‍ വീഴാതിരിക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം ഏറെ പ്രാര്‍ത്ഥിക്കുകയും വേണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?