കാരണം കുസൃതിചോദ്യം; പക്ഷേ, വാക്കുപാലിക്കാൻ ഉറച്ച് മെസി!

0
234

ബൂവനേഴ്‌സ് ഐരിസ്: ഇത്തവണ ത്തെ ഫുട്‌ബോൾ ലോകകപ്പ് കിരീടത്തിൽ അർജന്റീന മുത്തമിടുമോ? മുത്തമിട്ടാൽ ലയണൽ മെസി ദൈവമാതാവിനെ കാണാനെത്തും, കാൽനടയായി. ഒരു മാധ്യമ പ്രവർത്തകയുടെ കുസൃതിചോദ്യത്തിന് നൽകിയ ഉത്തരമാണെങ്കിലും, പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്തെപ്രതി ആ വാദ്ഗാനം പാലിക്കാൻ മനസുകൊണ്ട് ഒരുങ്ങിത്തുടങ്ങിയത്രേ മെസി. സാൻ നിക്കോളയിലെ ഔർ ലേഡി ഓഫ് റോസറി ദൈവാലയത്തിലേക്കായിരിക്കും ‘മാന്ത്രിക കാലുകളുടെ’ ഉടമയായ മെസിയുടെ തീർത്ഥാടനം.

‘നാം ലോക ചാമ്പ്യന്മാരായാൽ, ലൂജനിലേക്കാണോ സാൻ നിക്കോളയിലേക്കാണോ കാൽനടയായി തീർത്ഥാടനം നടത്തേണ്ടത്?,’ പ്രമുഖ സ്‌പോർട്‌സ് ലേഖകനും അർജന്റീനക്കാരനുമായ മാരിൻ അരെവലോ പൊടുന്നനെ തൊടുത്ത ഈ ചോദ്യത്തിന് മെസിയുടെ ആദ്യ പ്രതികരണം പുഞ്ചിരിയായിരുന്നു. ഒരു നിമിഷത്തിനുശേഷമാണ്, തന്റെ ജന്മനാടായ അരേയോ സേക്കോയിൽനിന്ന് ഏറെ അകലെയല്ലാത്ത, തന്റെതന്നെ പ്രായമുള്ള സാൻ നിക്കോളായിലെ മരിയൻ തീർത്ഥാടനകേന്ദ്രം മെസി തിരഞ്ഞെടുത്തത്.

‘അതെ, തീർച്ചയായും സാൻ നിക്കോളാസ് തിരഞ്ഞെടുക്കുന്നു,’ തന്റെ സന്നദ്ധത വ്യക്തമാക്കുന്നതിനൊപ്പം അത് ഉറപ്പായും പാലിക്കുമെന്ന് ഉറപ്പിക്കുംവിധം മെസി മാധ്യമപ്രവർത്തന് ഹസ്തദാനമേകി. ലോകകപ്പിന് ഒരുക്കമായുള്ള അന്താരാഷ്ട്ര സൗഹൃദ ടൂർണമെന്റിനായി എത്തിയപ്പോഴായിരുന്നു മെസി^ മാരിൻ അരെവലോ കൂടിക്കാഴ്ച. അരേയോ സേക്കോയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് സാൻ നിക്കോളാസ്.ടീമിലെ മറ്റൊരു താരം സെർജിയോ എൽ കുൻ അഗ്യൂറോ ഈ വാഗ്ദാനത്തിൽ പങ്കുചേർന്നതും ശ്രദ്ധേയമായി.

വളരെ ചുരുങ്ങിയ ചരിത്രമേ ഉള്ളുവെങ്കിലും തീർത്ഥാടക പ്രവാഹത്താൽ സുപ്രസിദ്ധമാണ് സാൻ നിക്കോളാസിന്റെ ഔവർ ലേഡി ഓഫ് ദ റോസറി ദൈവാലയം. മെസി ജനിക്കുന്നതിന് കേവലം നാല് വർഷംമുമ്പ് 1983ലാണ് ആ ദൈവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഒരു കുടുംബിനിക്ക് പരിശുദ്ധ കന്യാകാമറിയം ദർശനം നൽകിയതുമുതൽ തുടങ്ങുന്നു ആ ചരിത്രം. 1983 സെപ്തംബർ 25 ആയിരുന്നു ആ ദിനം. പാപ്പ ആശീർവദിച്ച കന്യകനാഥയുടെ ചിത്രം വിസ്മൃതിയിലായിട്ടുണ്ടെന്നും അത് കണ്ടെത്തണമെന്നുമായിരുന്നു പരിശുദ്ധ അമ്മ നൽകിയ നിർദേശം.

അന്വേഷണങ്ങൾക്കൊടുവിൽ രൂപതാ കത്തീഡ്രലിന്റെ മണിമാണികയിൽനിന്ന് പ്രസ്തുത ഈ സ്വഭാവസവിശേഷതകളുള്ള ചിത്രം കണ്ടുകിട്ടി, ജപമാല രാജ്ഞിയുടെ രൂപയിരുന്നു അത്. നാളുകൾക്കകം, പരാന നദിക്കരയിൽ ‘ദ ലിറ്റിൽ ഫീൽഡ്’ എന്ന് അർത്ഥം വരുന്ന ‘എൽ കാംപിറ്റോ’യിൽ ദൈവാലയ നിർമാണം ആരംഭിച്ചു. 28 വർഷങ്ങൾ പിന്നിട്ട് 2014ലാണ് ദൈവാലയം യാഥാർത്ഥ്യമായത്.

കാൽനടയാത്രയായും കുതിരപ്പുറത്തും വിവിധ സ്ഥലങ്ങളിൽനിന്നുള്ള നൂറുകണക്കിന് തീർത്ഥാടകരാണ് ഇന്ന് ഇവിടം സന്ദർശിക്കുന്നത്. സെപ്റ്റംബർ 25 നാണ് ഏറ്റവും പ്രധാനപ്പെട്ട വാർഷിക തീർത്ഥാടനം നടക്കുന്നത്. ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ. അതുകൊണ്ടുതന്നെ സാൻ നിക്കോളാസ് ദേശം കാത്തിരിക്കുകയാണ്- ദൈവം തിരുമനസായാൽ ഈ സെപ്തംബർ 25ന് മെസി ദൈവമാതാവിന്റെ ഭവനം സന്ദർശിക്കാനെത്തും.