‘ക്രിസ്തു പ്രാണനേക്കാൾ വലുത്’; ബൊക്കോഹറാമിന്റെ തടവിൽ ശരിബുവിന് പതിനഞ്ചാം ജന്മദിനം

0
143

നൈജീരിയ: ക്രിസ്തുവിശ്വാസം തൃജിക്കാത്തതിനെ തുടർന്ന് രണ്ടു മാസത്തിലേറെയായി ബോക്കാഹറാമിന്റെ തടവിൽ കഴിയുന്ന പെൺകുട്ടിക്ക് പതിനഞ്ചാം ജന്മദിനം. കഴിഞ്ഞ മേയ് പതിനാലിനായിരുന്നു ഭീകരർ തടവിലാക്കിയിരിക്കുന്ന ലീഹ് ശരിബുവിന്റെ പതിനഞ്ചാം ജന്മദിനം. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാനും ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താനും തയ്യാറാകാത്തത് മൂലം ലീഹ് ശരിബു എൺപത്തഞ്ചുദിവസമായി ബോക്കോഹറാമിന്റെ തടവിലാണ്.

വടക്കു കിഴക്കൻ മേഖലയിലെ ദപ്ച്ചിയിലെ സ്‌കൂളിൽ നിന്നും ഫെബ്രുവരി 19 ന് ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ 110 സ്‌ക്കൂൾ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ശരിബു. തീവ്രവാദികളുടെ വ്യവസ്ഥകൾ അംഗീകരിച്ചതിനെ തുടർന്ന് ശരിബു ഒഴികെയുള്ള മറ്റെല്ലാ വിദ്യാർത്ഥികളെയും ഭീകരർ മോചിപ്പിച്ചിരുന്നു. നൈജീരിയയിലെ ‘പ്രീമിയം ടൈംസ്’ എന്ന പത്രമാണ് ബോക്കോഹറാം ഭീകരരുടെ തടവിലുള്ള ശരിബുവിന് തിങ്കളാഴ്ച പതിനഞ്ചുവയസായതായി റിപ്പോർട്ട് ചെയ്തത്. തട്ടിക്കൊണ്ടുപോകപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികളിൽ ശരിബു മാത്രമേ ഭീകരരുടെ തടവിലുള്ളൂ എന്നും പത്രം റിപ്പോർട്ടുചെയ്തു.

തന്റെ മകൾ ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുന്നതുവരെ അവർ അവളെ മോചിപ്പിക്കില്ലെന്ന് ശരിബുവിന്റെ മാതാപിതാക്കൾ പറയുന്നു. “എന്റെ മകൾ ജീവനോടെയുണ്ട്. പക്ഷെ ക്രിസ്ത്യാനിയായതുകൊണ്ട് അവർ അവളെ മോചിപ്പിക്കില്ല. മതപരിവർത്തനം നടത്തിയാൽ മോചിപ്പിക്കാമെന്ന് അവർ അവളോട് പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും മുസ്ലീമാകില്ലെന്നായിരുന്നു അവരുടെ മറുപടി. ദു:ഖമുണ്ട്, പക്ഷെ ക്രിസ്തുവിനെ തള്ളിപ്പറയാൻ അവൾ തയ്യാറായില്ല. അതിൽ വളരെ സന്തോഷം”; ശരിബുവിന്റെ പിതാവ് നഥാൻ പറഞ്ഞു.