പ്രാർത്ഥനയില്ലാതെ ഒന്നും സാധ്യമല്ല: ഈഗിൾസ് കോച്ച് ഡഗ് പെഡേഴ്‌സൻ

0
424

ഫിലാഡെൽഫിയ: പ്രാർത്ഥനയില്ലാതെ ഒന്നും സാധ്യമല്ലെന്നും യേശുവിനെ രക്ഷകനും, കർത്താവുമായി സ്വീകരിച്ചിരിക്കുന്ന ഒരു ടീം തനിക്കുണ്ടെന്നും ഫിലാഡെൽഫിയ ഈഗിൾസ് കോച്ച് ഡഗ് പെഡേഴ്‌സൻ.

2020-ൽ ആരംഭിക്കാൻ പോകുന്ന ഫെയിത്ത് ലിബർട്ടി ഡിസ്‌കവറി സെന്ററിനെക്കുറിച്ച് വിവരിക്കുന്നതിനായി അമേരിക്കൻ ബൈബിൾ സൊസൈറ്റി ഫിലാഡെൽഫിയായിൽ ഒരുക്കിയ അത്താഴവിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത സഭകളിൽ നിന്നുള്ള ആയിരത്തോളം വിശ്വാസികളാണ് അത്താഴവിരുന്നിൽ പങ്കെടുത്തത്.

“താനും ടീമംഗങ്ങളും ദിവസവും രാവിലെ ബൈബിൾ വായിക്കാറുണ്ട്. പരിശുദ്ധാത്മാവാണ് തന്നെയും ടീമിനേയും ബന്ധിപ്പിച്ചിരിക്കുന്നത്. ഈഗിൾസിനെക്കുറിച്ച് ദൈവത്തിനു പ്രത്യേക പദ്ധതിയുണ്ട്. പിന്നെയെല്ലാം ദൈവത്തിന്റെ കരങ്ങളിലാണ്”; പെഡേഴ്‌സൺ പറഞ്ഞു. ഫെബ്രുവരിയിൽ പെഡേഴ്‌സന്റെ നേതൃത്വത്തിൽ ഫിലാഡെൽഫിയ ഈഗിൾസ് തങ്ങളുടെ ആദ്യത്തെ സൂപ്പർ ബൗൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.

ജനങ്ങളെ ബൈബിൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1816-ലാണ് അമേരിക്കൻ ബൈബിൾ സൊസൈറ്റി സ്ഥാപിതമായത്. ഇതുവരെ 600 കോടിയോളം ബൈബിളുകളാണ് ലോകവ്യാപകമായി സൊസൈറ്റി വിതരണം ചെയ്തത്. ആറു കോടി ഡോളർ ചിലവഴിച്ചാണ് ബൈബിൾ സൊസൈറ്റിയുടെ ഫെയിത്ത് ലിബർട്ടി ഡിസ്‌കവറി സെന്റർ നിർമ്മിക്കുന്നത്. അമേരിക്കയുടെ ആരംഭം മുതൽ ഇന്നുവരെ രാഷ്ട്രത്തിൽ ബൈബിളും ക്രൈസ്തവ വിശ്വാസവും വഹിച്ച പങ്ക് വ്യക്തമാക്കുന്ന വിധമാണ് ഫെയിത്ത് ലിബർട്ടി ഡിസ്‌കവറി സെന്റർ നിർമ്മാണം. ഉദ്ഘാടനം ചെയ്ത് ആദ്യവർഷത്തിനുള്ളിൽ ഏകദേശം നാലുലക്ഷത്തോളം ആളുകൾ സെന്റർ സന്ദർശിക്കുമെന്നാണ് കരുതുന്നത്.