ഫിലീപ്പൈൻസ് സഭ ഉപവസിച്ച് പ്രാർത്ഥിക്കും

0
433

മനില: ദൈവദൂഷണം പറയുന്നവരുടെ മാനസാന്തരത്തിനായി ഫിലീപ്പൈൻസ് കത്തോലിക്കാ സഭാ മൂന്നുദിവസം ഉപവസിച്ച് പ്രാർത്ഥിക്കും. കഴിഞ്ഞദിവസം ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെർട്ട ദൈവദൂഷണം പറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്തെ ബിഷപ്പ്‌സ് കൗൺസിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂലൈ പതിനേഴു മുതൽ പത്തൊൻപത് വരെയാണ് ഉപവാസ പ്രാർത്ഥന നടക്കുക.

ദൈവദൂഷകർക്കും കള്ളസാക്ഷികൾക്കും നിയമലംഘകർക്കെതിരായ പോരാട്ടം എന്ന വ്യാജേന കൊലപ്പെടുത്തുന്നവർക്കും ദൈവകരുണയും നീതിയും ലഭിക്കാൻ പ്രാർത്ഥനയും ഉപവാസവും നടത്തണമെന്ന് ബിഷപ്പ് പാബ്‌ളോ ഡേവിഡ് പറഞ്ഞു. “അധികാരം കൈയ്യാളുന്ന നേതാക്കൾ പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ യേശു കാണിച്ചു തന്ന വഴിയെ വിശ്വാസികൾ നീങ്ങണം”; അദ്ദേഹം വ്യക്തമാക്കി.

അതേസമയം താൻ ദൈവദൂഷണം പറഞ്ഞതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായതിനെ തുടർന്ന് ബിഷപ്പ് കൗൺസിൽ അധ്യക്ഷനുമായി ഡൂട്ടെർട്ട ചർച്ച നടത്തിയതായും വാർത്തയുണ്ട്. മുൻപും കത്തോലിക്കാ സഭയ്‌ക്കെതിരെ ഡൂട്ടെർട്ട വിവാദപരാമർശങ്ങൾ നടത്തിയിരുന്നു.