‘ലോകയുവജനസംഗമം 2019’: ഫ്രാൻസിസ് പാപ്പ പങ്കെടുക്കും

0
563

വത്തിക്കാൻ: ഇതാ! കർത്താവിൻറെ ദാസി, അങ്ങേ ഹിതംപോലെ എന്നിൽ നിറവേറട്ടെ! (ലൂക്ക 1- 38) എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി അടുത്തവർഷം പനാമയിൽ നടക്കുന്ന ലോക യുവജനസംഗമത്തിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ജനുവരി 23-മുതൽ 27-വരെയാണ് തെക്കെ അമേരിക്കൻ രാജ്യമായ പനാമയിൽ ലോക യുവജനസംഗമം നടക്കുക.

അതേസമയം, പനാമ റിപ്പബ്ലിക്കിൻറെയും ദേശീയ മെത്രാൻ സമിതിയുടെയും ക്ഷണം സ്വീകരിച്ചാണ് പാപ്പ യുവജനസംഗമത്തിൽ പങ്കെടുക്കുന്നതെന്ന് വത്തിക്കാൻറെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേർക്ക് വ്യക്തമാക്കി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1985-ൽ ആഗോള യുവജനസംഗമത്തിന് തുടക്കമിട്ടത്. രൂപതകളിൽ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടായിരുന്നു യുവജനസംഗമത്തിന്റെ ആരംഭം. പിന്നീടാണ് രണ്ടോ മൂന്നോ വർഷംകൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സമ്മേളനങ്ങൾക്ക് രൂപംനല്കിയത്.

ആതിഥേയ രാഷ്ട്രമായ പനാമയുടെ മെത്രാൻ സമിതിയും വത്തിക്കാൻറെ അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും ചേർന്നാണ് യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്നത്. ഇരുന്നൂറിലധികം യുവജനങ്ങൾ അംഗങ്ങളായുള്ള അന്തർദേശിയ അൽമായ നിർവ്വാഹക സമിതിയും സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് സന്നദ്ധ സേവകർക്കൊപ്പം സംഘടനകളും ദേശിയ-പ്രാദേശിക പ്രസ്ഥാനങ്ങളും നല്കുന്ന പിന്തുണയും യുവജനസംഗമത്തിന് കരുത്തേകുന്നു.