Follow Us On

28

March

2024

Thursday

ഭാരതസഭയുടെ വളര്‍ച്ചയും പരിശുദ്ധ കന്യകാമറിയവും

ഭാരതസഭയുടെ വളര്‍ച്ചയും പരിശുദ്ധ കന്യകാമറിയവും
1950 ജനുവരി 26-ന് ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സ്വയം ഭരണാധികാരമുള്ള ജനായത്ത ഭരണവ്യവസ്ഥിതിയിലുള്ള പരമാധികാര റിപ്പബ്ലിക്കായി. അതേവര്‍ഷം നവംബര്‍ ഒന്നിന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണം സഭയുടെ വിശ്വാസപൈതൃകത്തിന്റെ അവിഭാജ്യഘടകമെന്ന് പ്രഖ്യാപിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ത്തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാളും പിന്നീട് ആഘോഷിച്ചു തുടങ്ങി.

സ്വാതന്ത്ര്യവും വിശ്വാസവും ഒന്നിച്ച് വളരുമ്പോഴാണ് മനുഷ്യജീവിതം പൂര്‍ണതയിലെത്തുന്നത്. ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന് സ്വാതന്ത്ര്യത്തോടെ സമ്മതം നല്‍കിയത് നസ്രത്തിലെ ശാലീനതയില്‍ വളര്‍ന്ന കന്യകാമറിയമാണ്. മാനവചരിത്രത്തിലെ ഏറ്റവും വലിയ സംഭവത്തിന് അങ്ങനെ നസ്രത്ത്ഗ്രാമം സാക്ഷിയായി. ദൈവഹിതത്തിന് പൂര്‍ണമായി സ്വയം സമര്‍പ്പിച്ച കന്യകാമറിയത്തിന് ദൈവം നല്‍കിയ അംഗീകാരമായിരുന്നു സ്വര്‍ഗാരോപണം.

1950 നവംബര്‍ ഒന്നിന് പന്ത്രണ്ടാം പീയൂസ് പാപ്പയുടെ ‘മ്യൂനിഫിച്ചേസ് ദേയൂസ്’ എന്ന ഔദ്യോഗിക പ്രഖ്യാപനത്തില്‍ വായിക്കുന്നു: ”നിത്യകന്യകയും ദൈവമാതാവും അമലോത്ഭവയുമായ പരിശുദ്ധ കന്യകാമറിയം ഇഹലോകജീവിതത്തിന്റെ പരിസമാപ്തിയില്‍ ശരീരത്തോടും ആത്മാവോടുംകൂടെ സ്വര്‍ഗമഹത്വത്തില്‍ പ്രവേശിക്കപ്പെട്ടു” എന്ന്. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതല്‍ ദൈവസാന്നിധ്യത്തിലൂടെ നൈര്‍മല്യത്തിന്റെ പ്രതീകമായിരുന്ന പരിശുദ്ധ കന്യകാമറിയത്തിന് സ്വര്‍ഗാരോപണം മകുടം ചാര്‍ത്തുകയായിരുന്നു എന്ന് മാര്‍പാപ്പ വിശദീകരിക്കുന്നു. ഇരുപതാം നൂറ്റാണ്ട് സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണ്. പാശ്ചാത്യ മേധാവിത്വത്തില്‍നിന്ന് വിമോചിതമാകാന്‍ പലവിധ സമരങ്ങളും നടന്നു. എന്നാല്‍ സുവിശേഷമൂല്യങ്ങളിലടിയുറച്ച അഹിംസയിലൂടെയാണ് ഭാരതം സ്വാതന്ത്ര്യം നേടിയത്. മറ്റു പല രാജ്യങ്ങള്‍ക്കും ഈ ധാര്‍മിക സമരശൈലി മാതൃകയും മാര്‍ഗദീപവുമായി.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഭാരതസ്വാതന്ത്ര്യദിനത്തോടൊപ്പം ആഘോഷിക്കപ്പെടുന്നു എന്നത് ആനന്ദകരമായ അനുഭവമാണ്. ദൈവികമായ വീണ്ടെടുക്കലിന്റെ ആഘോഷമാണിത്. ഈ ലോക സ്വാതന്ത്ര്യം നല്‍കുന്ന ആനന്ദത്തെക്കാളും പ്രാധാന്യം കര്‍ത്താവ് നമുക്കായി നല്‍കുന്ന സ്വര്‍ഗീയ സ്വാതന്ത്ര്യത്തിനാണ്. ലോകത്തിന് നല്‍കാന്‍ കഴിയാത്ത സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്നവരാണ് നാം. രാജ്യത്തിന്റെ ഭൗതിക പുരോഗതിക്ക് പുറമെ ആധ്യാത്മിക പുരോഗതിയുടെ തലങ്ങളും നാം നേടിയെടുക്കേണ്ടതുണ്ട്.

ദേശസ്‌നേഹികള്‍ ജീവന്‍ നല്‍കി വലിയ വിലകൊടുത്ത് നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും നാം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ തന്നെ പാരതന്ത്ര്യം അനുഭവിക്കുന്നവരെ വിസ്മരിക്കരുത്. വിശ്വാസത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍, മൗലികാവകാശങ്ങളുടെ പേരില്‍ എല്ലാം സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ നമുക്കു ചുറ്റിനുമുണ്ട്. വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവരെ ഓര്‍ക്കേണ്ട ദിനം കൂടിയാണിത്. ഭരണകൂടവും ബന്ധപ്പെട്ടവരും പലതും ചെയ്‌തെങ്കിലും അതൊക്കെ അപര്യാപ്തമായി തുടരുന്നു, സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യര്‍ നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. നിതാന്ത ജാഗ്രതയോടെ മാനുഷികമൂല്യങ്ങള്‍ക്ക് കാവലാകണമെന്ന ഭാരിച്ച ഉത്തരവാദിത്വവും അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

ദേശസ്‌നേഹികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ജീവത്യാഗം പാഴാകാതിരിക്കാന്‍ നമുക്ക് ഓരോ ഭാരതീയന്റെയും സംരക്ഷകനാകാന്‍ കഴിയണം. സ്‌നേഹത്തിലും ത്യാഗത്തിലും സഹിഷ്ണുത നിറഞ്ഞ മതേതരത്വത്തിലുമൂന്നിയ മഹത്തായ ജനാധിപത്യത്തിന്റെ പേരില്‍ അഭിമാനിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഓരോ വികസന പ്രവര്‍ത്തനങ്ങളിലും സഹര്‍ഷം പങ്കുചേരാം.

1947 ഓഗസ്റ്റ് 15-ന് വെറും നാലു രൂപതകള്‍ മാത്രമുണ്ടായിരുന്ന സീറോ മലബാര്‍ സഭ ഇന്ത്യയ്ക്കകത്തും പുറത്തുമായി 34 രൂപതകളും ഒരു എക്‌സാര്‍ക്കേറ്റുമായി വളര്‍ന്നു. രണ്ട് രൂപതകള്‍ മാത്രമുണ്ടായിരുന്ന സീറോ മലങ്കര സഭക്ക് 11 രൂപതകളും ഒരു എക്‌സാര്‍ക്കേറ്റുമായി. ഭാരതത്തിലെ ലത്തീന്‍ സഭ 23 പ്രൊവിന്‍സുകളിലായി 131 രൂപതകളായി ഉയര്‍ന്നു. 1947 ഓഗസ്റ്റ് 15-ന് ഭാരതത്തില്‍ നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനം ഭാരതത്തിലും ആഗോളതലത്തിലും പ്രതിഫലനമുണ്ടാക്കി എന്നത് ചരിത്രസത്യം.

റവ.ഡോ. സേവ്യര്‍ കൂടപ്പുഴ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?