സൈക്കളിലേറി സിസ്റ്റര്‍ റ്റീഗ വരുന്നു…

0
895
Sister Tige come in bycycle

ജാബുവ: സിസ്റ്റര്‍ സെബാസ്റ്റിന റ്റീഗ, കാല്‍ നൂറ്റാണ്ടായി മധ്യപ്രദേശിലെ ആദിവാസികള്‍ക്കുവേണ്ടി കഠിനമായി പരിശ്രമിക്കുകയാണ്. 56 വയസുള്ള സിസ്റ്റര്‍ മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ ഡോണ്‍ബോസ്‌കോ സെക്കുലര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ 111 വനഗ്രാമങ്ങള്‍ സൈക്കിളില്‍ സഞ്ചരിച്ചു പോഷകാഹാരം ഇല്ലാത്തവരെ, പ്രത്യേകിച്ചു കുട്ടികളെ കണ്ടെത്തി അവര്‍ക്കു പോഷകാഹാരം കൊടുക്കുവാനുള്ള യജ്ഞത്തിലാണ്.

‘സൈക്കിള്‍ സിസ്റ്റര്‍’ എന്നറിയപ്പെടുന്ന സിസ്റ്റര്‍ സെബാസ്റ്റിന റ്റീഗ 25 വര്‍ഷം മുമ്പ് ഇവിടെ എത്തുമ്പോള്‍ നല്ല റോഡുകളോ ഗതാഗത സൗകര്യമോ എത്തിപ്പെടാത്ത ഗ്രാമങ്ങളില്‍ ജനങ്ങള്‍ കാല്‍നടയായും കാളവണ്ടികളിലും ആണ് സഞ്ചരിച്ചിരുന്നത്. അന്നെല്ലാം ദിവസവും പത്തുമൈല്‍ നടന്നിരുന്ന സിസ്റ്റര്‍, പിന്നെ സൈക്കിളിലായി യാത്രകള്‍. അങ്ങനെ ഗ്രാമവാസികള്‍ സിസ്റ്റര്‍ റ്റീഗയെ ‘സൈക്കിള്‍ സിസ്റ്റര്‍’ എന്ന് വിളിച്ചു. ആ വനഗ്രാമവാസികള്‍ക്ക് അന്നും ഇന്നും സിസ്റ്ററുടെ യഥാര്‍ത്ഥ പേരറിയില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ എത്താത്ത മേഖലകളില്‍ ആണ് സിസ്റ്റര്‍ റ്റീഗയുടെ സേവനം. സൈക്കിള്‍ പോലും കാണാത്ത ആ ജനങ്ങള്‍ സൈക്കിളില്‍ സിസ്റ്ററിനെ കാണുമ്പോള്‍ അതിശയത്തോടു കൂടി കുടിലുകളില്‍ നിന്നും പുറത്തേക്കു വരുന്നു. മിക്കവാറും ദിവസങ്ങളില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വരെ സിസ്റ്റര്‍ യാത്ര ചെയ്യും.

എല്ലാ വീടുകളിലും അഞ്ചും ആറും കുട്ടികള്‍ ഉണ്ടാകും. എന്നാല്‍ പോഷകഹാരക്കുറവ് മൂലം ക്ഷീണിച്ചും ഉടല്‍ ശോഷിച്ചും വയറുവീര്‍ത്ത അവസ്ഥയിലും ആയിരുന്നു കുട്ടികള്‍. പോഷകാഹാരക്കുറവ് മൂലം കുട്ടികളുടെ മരണം അവിടെ നിത്യസംഭവം ആയിരുന്നു. പോഷകഹാരഹാരക്കുറവിനെ പറ്റി ഗ്രാമവാസികള്‍ തീര്‍ത്തും അജ്ഞരായിരുന്നു. സിസ്റ്ററും സഹപ്രവര്‍ത്തകരും കാടും മലയും ചവുട്ടി കുടിലുകള്‍ സന്ദര്‍ശിച്ചു പോഷകാഹാരങ്ങളും മരുന്നുകളും വിതരണം ചെയ്തു. ചില ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ മൂലം കോണ്‍വെന്റിലേക്കു തിരിച്ചുവരുവാന്‍പോലും സാധിക്കുമായിരുന്നില്ല. അപ്പോഴെല്ലാം ചില കുടിലുകളില്‍ താമസിച്ചു അടുത്ത ദിവസങ്ങളില്‍ ആണ് കോണ്‍വെന്റിലേക്കു മടങ്ങിയത്. ദുര്‍ബലരായ കുട്ടികളെ സിസ്റ്റര്‍ സൈക്കിളില്‍ കയറ്റി സഭയുടെ ആശുപത്രി ആയ ജീവന്‍ ജ്യോതി ആശുപത്രിയിലേക്ക് കൊണ്ടുവരും. 25,000-ല്‍ അധികം കുട്ടികളെ പോഷകാഹാരകുറവില്‍ നിന്നും ടീം രക്ഷപെടുത്തി.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നും നല്ല ഭക്ഷണവും പാര്‍പ്പിടവും വ്യക്തിക്ക് അനിവാര്യമാണെന്നും സിസ്റ്റര്‍ ഗ്രാമവാസികളോട് പറയുന്നു. സ്വയം സഹായ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കുവാനും സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍ തുടങ്ങുവാനും സിസ്റ്റര്‍ നേതൃത്വം നല്‍കുന്നു.

സിസ്റ്റര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ചിലര്‍ സിസ്റ്ററെ ഭീഷണിപ്പെടുത്തിയെങ്കിലും അവരോടും സിസ്റ്റര്‍ സൗമ്യമായി സംസാരിച്ചു. ”ഈ പാവങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍ ഞാന്‍ ഒഴിവാകാം..” അതോടെ അവരുടെ വാക്കുമുട്ടി. തന്റെ ജീവിത കാലം മുഴുവന്‍ ഈ സാധുക്കള്‍ക്കായി പ്രവര്‍ത്തിക്കണമെന്നാണ് സിസ്റ്ററിന്റെ ആഗ്രഹം.