ട്രംപും കിമ്മുമായുള്ള കൂടിക്കാഴ്ച നാളെ; പരിശുദ്ധ അമ്മയോട് പ്രാത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ

0
178

വത്തിക്കാൻ സിറ്റി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ നാളെ നടക്കുന്ന ഉച്ചകോടിക്ക് പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഉച്ചകോടിയുടെ വിജയത്തിനായി പ്രാർത്ഥിക്കുന്നതായും സമാധാനപൂർണ്ണമായ അന്തരീക്ഷം കൊറിയയുടെയും ലോകത്തിന്റെയും ഭാവിക്ക് ലഭിക്കുന്നതിനായി പിന്തുണയും പ്രാർത്ഥനയും വാഗ്ദാനം ചെയ്യുന്നതായും പാപ്പ പറഞ്ഞു. “നമുക്കൊരുമിച്ച് കൊറിയയുടെ രാജ്ഞിയായ പരിശുദ്ധ അമ്മയോട് ഈ ചർച്ച നയിക്കാൻ പ്രാർത്ഥിക്കാം. ലോകത്തിലുള്ള എല്ലാ ജനങ്ങളും നോർത്ത് കൊറിയൻ മേധാവിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ നടക്കുന്ന ആദ്യ മീറ്റിംഗിനായി പ്രാർത്ഥിക്കണം”; ഫ്രാൻസിസ് പാപ്പ പറഞ്ഞു.

1950-53 ലെ കൊറിയൻ യുദ്ധം മുതൽ അമേരിക്കയും ഉത്തരകൊറിയയയും ചിരവൈരികളാണ്. കൂടാതെ, യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും ഇതുവരെ ഫോണിൽ പോലും സംസാരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇരുരാഷ്ട്രനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം, കൊറിയൻ ഉപദ്വീപിൽ ശാശ്വത സമാധാനം ഉറപ്പാക്കൽ, കൊറിയൻ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം, ഉത്തരകൊറിയയ്‌ക്കെതിരായി സാമ്പത്തിക, നയതന്ത്ര ഉപരോധം, ഉത്തരകൊറിയയ്ക്കു രാജ്യാന്തരവേദികളിൽ അംഗീകാരം (നിരായുധീകരണം സംബന്ധിച്ചു ധാരണയുണ്ടായാലേ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യൂ) എന്നിവയാകും ഇരുരാഷ്ട്ര നേതാക്കളും തമ്മിൽ ചർച്ച ചെയ്യുക.

കിമ്മിനൊപ്പം വിദേശകാര്യമന്ത്രി റി യോംഗ് ഹോ, പ്രതിരോധമന്ത്രി നോ ക്വാംഗ് ചോൽ എന്നിവരും ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപും കിം ജോംഗ് ഉന്നുംതമ്മിലുള്ള ചർച്ചകൾ വിജയിപ്പിക്കുവാൻ മധ്യസ്ഥ ശ്രമവുമായി ദക്ഷിണ കൊറിയൻ സർക്കാർ പ്രതിനിധികളും സിംഗപ്പൂരിലെത്തിയതായി വിവരമുണ്ട്.