ക്രൈസ്തവര്‍ ഭീകരവാദികളല്ല: ജാര്‍ഖണ്ഡ് ബിഷപ്പുമാര്‍

0
1167
The Christians are not terrorists Jharkhand Bishops

ഭോപ്പാല്‍: ക്രൈസ്തവരെ ഭീകരവാദികളായി സംശയിക്കരുതെന്ന് ജാര്‍ഖണ്ഡിലെയും പോര്‍ട്ട് ബ്ലയറിലെയും ഒമ്പത് കത്തോലിക്കാ ബിഷപ്പുമാര്‍. ജാര്‍ഖണ്ഡിലെ ഡാല്‍ട്ടന്‍ ഗഞ്ച് രൂപത ബിഷപ് ആനന്ദ് ജോജോ, ഡുംഗ രൂപത ബിഷപ് ജൂലിയസ് മാറാന്‍ഡി, ഗുംല രൂപത ബിഷപ് പോള്‍ അലോയിസ് ലാക്കറ, ഹസാരിബാഗ് രൂപത ബിഷപ് ജോജോ ആനന്ദ്, ജംഷഡ്പൂര്‍ രൂപത ബിഷപ് ഫെലിക്‌സ് ടോപ്പോ, കുന്തി രൂപത ബിഷപ് ബിനോയ് കന്തുല്‍ന, പോ ര്‍ട്ട് ബ്ലയര്‍ രൂപത ബിഷപ് അലക്‌സിദാസ്, റാഞ്ചി രൂപത ബിഷപ് ഫെലിക് ടോപ്പോ, സിംഡേഗാ രൂപത ബിഷപ് വിന്‍സന്റ് ബാര്‍വ എന്നിവര്‍ ഇതുസംബന്ധിച്ച് നിവേദനവുമായി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മ്മുവിനെ സന്ദര്‍ശിച്ചു.

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ഭീകരവിരുദ്ധ സ്‌ക്വാഡിനെ ഉപയോഗിച്ച് നടത്തുന്ന അന്വേഷണങ്ങള്‍വഴി, ക്രൈസ്തവരെ ഭീകരവാദികളായിട്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണുന്നതെ ന്നും നിവേദനത്തില്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയുടെ കോപ്പി കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി രാജനാഥ് സിങ്ങിനും നല്‍കിയിട്ടുണ്ട്.

ഭീകരവിരുദ്ധ സ്‌ക്വാഡ്, സംസ്ഥാനത്തുള്ള വിവിധ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് വിദേശസഹായം ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളുടെയും വിശദവിവരങ്ങള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. 88 ക്രിസ്ത്യന്‍ എന്‍.ജി.ഒ സംഘടനകളുടെ മേല്‍ അന്വേഷണം നടത്തുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി.എന്നാല്‍ ക്രൈസ്തവേതര എന്‍.ജി.ഒ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ സാമ്പത്തിക ഇടപാടുകളെപ്പറ്റിയോ യാതൊരു അന്വേഷണത്തിനും കേന്ദ്രമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്ന് റാഞ്ചി സഹായമെത്രാന്‍ ഡോ. ടെലസ്‌ഫോര്‍ ബിലുംഗ് പറഞ്ഞു.

ക്രൈസ്തവര്‍ വിദേശരാജ്യ ഫണ്ടുപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്ന പരാതിയിലാണ് ഈ അന്വേഷണങ്ങള്‍. ക്രൈസ്തവ സംഘടനകള്‍ ആദിവാസികളെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എതിരാണ്. ഇവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദിവാസിനയങ്ങളെ എതിര്‍ക്കുന്ന വിഭാഗമാണ്. ക്രൈസ്തവരുടെ വിശ്വാസത്തിന് ഭീഷണിയാകുന്ന വിധത്തിലും ആരാധനാലയങ്ങളുടെ മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും പുരോഹിതരെയും സന്യാസികളെയും കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്യുന്ന വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെ നിയന്ത്രിക്കണമെന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളില്‍നിന്നും ക്രൈസ്തവ എന്‍.ജി.ഒ സംഘടനകള്‍ക്ക് ലഭിക്കുന്ന തുക, ഇന്ത്യന്‍ ഫോറിന്‍ കോണ്‍ട്രിബ്യുഷന്‍സ് റഗുലേഷന്‍ ആക്ടുപ്രകാരമാണ്. പ്രസ്തുത തുക ഓഡിറ്റു ചെയ്ത റിപ്പോര്‍ട്ട് കേന്ദ്രമന്ത്രാലയത്തിന് നല്‍കുന്നുണ്ട്. എന്നിട്ടും പോലിസ് ഈ സംഘടനകള്‍ക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സി.ബി.സി.ഐ ജനറല്‍ സെക്രട്ടറി ബിഷപ് ഡോ.തിയോഡര്‍ മസ്‌ക്രനസ് പറഞ്ഞു.

മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ എല്ലാ ഭവനങ്ങളിലും പരിശോധന നടത്തുവാന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധയും ഉത്തരവിട്ടിരുന്നു. ആദിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെയും കൃഷിസ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്ന നിയമഭേദഗതിക്കെതിരെ ഇവര്‍ നടത്തിയ പ്രതിഷേധങ്ങളെ സഭ അനുകൂലിച്ചതാണ് സഭയ്‌ക്കെതിരെ തിരിയാന്‍ കാരണമായത്.