Follow Us On

28

March

2024

Thursday

മറിയത്തിന്റെ സ്വര്‍ഗാരോപണം നല്‍കുന്ന സന്ദേശങ്ങള്‍

മറിയത്തിന്റെ സ്വര്‍ഗാരോപണം  നല്‍കുന്ന സന്ദേശങ്ങള്‍

കത്തോലിക്കസഭയില്‍ അനേകം വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുന്നുണ്ട്. എന്നാല്‍ അവരില്‍ ഒരാളുടെതന്നെ വിവിധ തിരുനാളുകള്‍ ആഘോഷിക്കുന്ന ഏക വിശുദ്ധ പരിശുദ്ധ മറിയമാണ്. മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍, കര്‍മലമാതാവിന്റെ തിരുനാള്‍, സ്വര്‍ഗാരോപണ തിരുനാള്‍, ജപമാലരാജ്ഞിയുടെ തിരുനാള്‍, ലൂര്‍ദുമാതാവിന്റെ തിരുനാള്‍, ഫാത്തിമ മാതാവിന്റെ തിരുനാള്‍ തുടങ്ങി പല തിരുനാളുകള്‍. മറ്റൊരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ പേരില്‍ ഇല്ലാത്ത ഒരു തിരുനാള്‍ മറിയത്തിന്റെ മാത്രം നാമത്തില്‍ ആഘോഷിക്കുന്നുണ്ട്. അത് മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളാണ്.
കാരണം ലോകത്തില്‍ ഒരു മനുഷ്യനും ഇല്ലാത്ത ചില പ്രത്യേകതകള്‍ മറിയത്തിനുണ്ട്. മറിയം ജന്മപാപം ഇല്ലാതെ ജനിച്ച ഏകമനുഷ്യനാണ്. മറിയം യേശുവിന്റെ അമ്മയാണ്. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച ഏക സ്ത്രീയാണ്. കര്‍മംകൊണ്ട് ഒരു പാപവും ചെയ്യാത്ത വ്യക്തിയാണ്. മരിച്ച് മണ്ണായിത്തീരണം എന്ന ദൈവനിയമത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തിയാണ്. ആത്മശരീരങ്ങളോടെ ദൈവം സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ വ്യക്തിയാണ്. ത്രലോക രാജ്ഞിയായി ദൈവത്താല്‍ മുടി ധരിപ്പിക്കപ്പെട്ട വ്യക്തിയാണ്. അധഃപതിച്ച മനുഷ്യവര്‍ഗത്തിന്റെ ഏക അഭിമാനപാത്രമാണ്. ഓഗസ്റ്റ് 15-ന് മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ സഭ ആഘോഷിക്കുന്നു. എല്ലാ വായനക്കാര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍ ആശംസിക്കുന്നു.
എല്ലാ മനുഷ്യര്‍ക്കും മരണവും മരണാനന്തര ജീവിതവും ഉണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. മരണം കഴിഞ്ഞാലുടന്‍ തനതുവിധിയുണ്ട്. ആ വിധിയനുസരിച്ച് ആത്മാവ് സ്വര്‍ഗം, ശുദ്ധീകരണസ്ഥലം, നരകം എന്നിവയില്‍ ഒരു സ്ഥലത്തേക്ക് അയക്കപ്പെടും. പിന്നെ അവിടെയാണ് ജീവിതം. ഇതില്‍ ശുദ്ധീകരണസ്ഥലത്തുള്ളവര്‍ എന്നെങ്കിലും സ്വര്‍ഗത്തില്‍ എത്തും. ലോകാവസാനത്തില്‍ പൊതുവിധിയും ഉണ്ടാകും. പൊതുവിധി കഴിഞ്ഞാല്‍ പിന്നെ രണ്ട് സ്ഥലങ്ങളേ ഉണ്ടാകൂ; സ്വര്‍ഗവും നരകവും. ലോകാവസാനത്തില്‍ ഓരോരുത്തരുടെയും ആത്മാവ് ഉയിര്‍പ്പിക്കപ്പെട്ടതും രൂപാന്തരം പ്രാപിച്ചതുമായ ശരീരത്തോട് ചേരും. പിന്നീട് നിത്യകാലവാസം ഒന്നുകില്‍ സ്വര്‍ഗത്തില്‍, അല്ലെങ്കില്‍ നരകത്തില്‍. മരണവും മരണാനന്തര ജീവിതവും സ്വര്‍ഗവും എല്ലാം സത്യമാണ്. നാം ഓരോരുത്തരും അഭിമുഖീകരിക്കേണ്ട സത്യങ്ങളാണെന്ന് ദൈവം നമ്മളോട് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞതെല്ലാം സത്യമാണ് എന്നതിന്റെ തെളിവാണ് മറിയത്തിന്റെ മരണവും സ്വര്‍ഗാരോപണവും.
രണ്ടാമത്തെ കാര്യം ഇതാണ്: ദൈവഹിതം അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് അതിന്റെ നന്മ ഉണ്ടാകും. മാനുഷികമായി ചിന്തിച്ചാല്‍ വലിയ നഷ്ടങ്ങളും സഹനങ്ങളും നിറഞ്ഞതായിരുന്നു മറിയത്തിന്റെ ജീവിതം. പക്ഷേ അതെല്ലാം ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് മറിയം ജീവിച്ചു. അങ്ങനെ ജീവിച്ചപ്പോള്‍ പരിശുദ്ധാത്മാവ് മറിയത്തില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചു. അതുകൊണ്ട് സഹനങ്ങള്‍ക്കിടയിലും ശാന്തത പുലര്‍ത്തുവാനും ഹൃദയത്തില്‍ ആനന്ദിക്കുവാനും മറിയത്തിന് കഴിഞ്ഞു. തന്നെയുമല്ല, അതുവഴി ലോകത്തിന് ഒരു രക്ഷകനെ കിട്ടുകയും ചെയ്തു. വ്യക്തിപരമായി താന്‍ ത്രിലോക രാജ്ഞിയായി മുടി ധരിപ്പിക്കപ്പെടേണ്ടതിന് സ്വര്‍ഗത്തിലേക്ക് ആത്മശരീരങ്ങളോടെ മറിയം എടുക്കപ്പെടുവാന്‍ അത് കാരണമാവുകയും ചെയ്തു. നമ്മളും ദൈവഹിതമനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതുമൂലം ചില സഹനങ്ങള്‍ ഉണ്ടാകാം. പക്ഷേ, ആ സഹനങ്ങള്‍ക്കിടയിലും ദൈവം തരുന്ന ഒരു ശാന്തത നമുക്ക് ലഭിക്കും.
മൂന്നാമത് നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: എല്ലാ മനുഷ്യരും സ്വര്‍ഗത്തില്‍ എത്തുന്നില്ല എന്ന ദുഃഖസത്യമാണത്. നിരവധി ബൈബിള്‍ വചനങ്ങള്‍ ഇതിന് തെളിവായിട്ടുണ്ട്. ധനവാന്റെയും ലാസറിന്റെയും ഉപമ അവസാനവിധിയെപ്പറ്റിയുള്ള യേശുവിന്റെ പ്രഭാഷണം (മത്തായി 25:31-46), വിശുദ്ധരുടെ പ്രതിഫലത്തെപ്പറ്റി വെളിപാട് പുസ്തകത്തിലുള്ള വിവരണം (7:9-17), യേശു പറഞ്ഞ നിരവധി വചനങ്ങള്‍ (ഒരു മനഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നശിച്ചാല്‍ എന്ത് ഫലം; ആത്മാവിന് പകരമായി എന്ത് കൊടുക്കും? തുടങ്ങിയ) സ്വര്‍ഗം, നരകം, ശുദ്ധീകരണസ്ഥലം എന്നിവയില്‍ ആയിരിക്കുന്ന ആത്മാക്കളെ ദൈവം വിശുദ്ധ ഫൗസ്റ്റിന തുടങ്ങിയ വിശുദ്ധര്‍ക്ക് കാണിച്ചുകൊടുത്തുകൊണ്ട് ആത്മീയ വെളിപ്പെടുത്തലുകള്‍ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.
ഈ പശ്ചാത്തലത്തിലാണ് മാതാവ് നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത്. മറിയം പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, ലോകത്തില്‍ പാപം പെരുകുന്നു. രണ്ട്, അതിനാല്‍ ലോകത്തിന്റെമേല്‍ ദൈവത്തിന്റെ കോപം ജ്വലിക്കുന്നു. മൂന്ന്, ദൈവം ലോകത്തെ ശിക്ഷിക്കുവാന്‍ ഒരുങ്ങുന്നു. നാല്, അതിനാല്‍ ദൈവകോപം ശമിപ്പിക്കുവാനും പാപങ്ങള്‍ക്ക് പരിഹാരം ചെയ്തുകൊണ്ട് ജപമാല ചൊല്ലിയും ത്യാഗം ചെയ്തും പ്രാര്‍ത്ഥിക്കണം.
നമുക്കും അടുത്ത തലമുറകള്‍ക്കും നന്നായി ജീവിക്കുവാനും വിശ്വാസം സംരക്ഷിച്ചുകൊണ്ട് ജീവിക്കുവാനും പറ്റിയ അന്തരീക്ഷം വേണം. അതിന് ലോകത്തില്‍ പാപം പെരുകാതിരിക്കണം. അനേകര്‍ക്ക് മാനസാന്തരം ഉണ്ടാകണം. മക്കള്‍ വഴിതെറ്റിപ്പോകാതിരിക്കണം. അവരുടെ വിശ്വാസം ക്ഷയിക്കാതിരിക്കണം. ഇക്കാര്യങ്ങള്‍ക്കൊക്കെവേണ്ടി നമ്മളും കൂടുതല്‍ പ്രാര്‍ത്ഥിക്കുകയും ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ജപമാലകള്‍ ചൊല്ലുകയും ചെയ്യേണ്ടിയിരിക്കുന്നു. സഭകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. സഭകള്‍ക്കുള്ളില്‍ത്തന്നെ ഭിന്നതകള്‍ കൂടുന്നു.
സഭാംഗങ്ങള്‍തന്നെ സഭക്കെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതിന് ചിലര്‍ കാരണങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനുപുറമേ, സഭയെ ദുര്‍ബലപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സാത്താന്‍ പ്രവര്‍ത്തനനിരതനാണ്. സാത്താന്റെ തലയെ തകര്‍ത്ത മറിയത്തിന്റെ മധ്യസ്ഥത ഈ കാലഘട്ടത്തിന് വളരെ അനിവാര്യമാണ്. അതിനാല്‍ നമ്മെ സഹായിക്കാന്‍ കഴിവുള്ള മറിയത്തിന്റെ മധ്യസ്ഥത നമുക്ക് കൂടുതലായി തേടാം.
ഫാ. ജോസഫ് വയലില്‍ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?