ലൗദാത്തോ സീക്ക് മൂന്നാം പിറന്നാൾ: വത്തിക്കാനിൽ രാജ്യാന്തര സമ്മേളനം

0
241

വത്തിക്കാൻ: ഫ്രാൻസിസ് പാപ്പയുടെ പാരിസ്ഥിതിക പ്രബോധനമായ ലൗദാത്തോ സീയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 5-മുതൽ 6-വരെ വത്തിക്കാനിൽ രാജ്യാന്തര സമ്മേളനം നടക്കും. സമാപനദിനമായ ജൂലൈ 6 ന് വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് പാപ്പ സമ്മേളനത്തെ അഭിസംബോധനചെയ്യും.

സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘമാണ് പൊതുഭവനമായ ഭൂമി സംരക്ഷിക്കാനും, അത് ഭാവിതലമുറയ്ക്ക് വാസയോഗ്യമാക്കാനും ഉദ്‌ബോധിപ്പിക്കുന്ന ലൗദാത്തോ സീയെ അടിസ്ഥാനമാക്കി തുടർപഠനവും, വിലയിരുത്തലും പ്രായോഗിക പദ്ധതികളും ചർച്ച ചെയ്യാൻ രാജ്യാന്തര സമ്മേളനം വിളിച്ചിരിക്കുന്നത്.

എങ്ങനെയുള്ള ഭൂമിയാണ് നാം ഭാവിതലമുറയ്ക്ക് കൈമാറാൻ ഒരുങ്ങുന്നത് എന്ന ചാക്രികലേഖനത്തിലെ പാപ്പയുടെ ചോദ്യം ലോകമാനസാക്ഷിയെ വീണ്ടും ഓർപ്പിക്കാനാണ് രാജ്യാന്തരതലത്തിൽ സമ്മേളനം വിളിച്ചുകൂട്ടിയിരിക്കുന്നതെന്നും പഠനത്തിനും വിലയിരുത്തലിനും കർമ്മപദ്ധതികൾക്കും ഊന്നൽ നൽകിയാണ് സമ്മേളനം സജ്ജമാക്കിയിരിക്കുന്നതെന്നും മാനവപുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തലവൻ കർദ്ദിനാൾ പീറ്റർ ടേർക്‌സൺ പറഞ്ഞു.

സഭാവിശ്വാസികൾക്കു പ്രകൃതിയോടുള്ള സമീപനം ഐച്ഛികമല്ല എന്ന് ചാക്രിക ലേഖനത്തിൽ പാപ്പ വ്യക്തമാക്കുന്നു. നമുക്ക് ആവശ്യമില്ലാത്തതെല്ലാം പുറത്തേക്കു വലിച്ചെറിയാമെന്ന നിലപാടിനെ വിമർശിക്കുന്ന പാപ്പ ആവശ്യങ്ങളും അനാവശ്യങ്ങളും വേർതിരിക്കണമെന്നും ആവശ്യപ്പെടുന്നു. നമ്മുടെ പൊതുഭവനനിർമ്മാണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇനിയും മനുഷ്യവർഗത്തിന് കഴിയും. എല്ലാം നഷ്ടപ്പെട്ടെന്ന തോന്നൽ വേണ്ടെന്നും ഇനിയും ഇടപെടാനാകുമെന്നും പാപ്പ ലൗദാത്തോ സീയിൽ ഓർമ്മിപ്പിക്കുന്നു.