ഇത് എതിര്‍പ്പിന്റെ കാലം

0
358
This is the time of respite

ഒരു പ്രമുഖ മാധ്യമത്തിന്റെ പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ആ നോവലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതും നോവല്‍ പ്രസിദ്ധീകരിക്കുന്നത് പിന്‍വലിക്കുന്നുവെന്ന് മാധ്യമ കമ്പനി പ്രഖ്യാപിച്ചതും അടുത്ത നാളുകളിലാണല്ലോ. നോവല്‍ പിന്‍വലിക്കുന്നുവെന്ന് ആ മാധ്യമം അറിയിച്ചപ്പോള്‍, പ്രസിദ്ധീകരണം തുടരണം എന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു.

പറയാന്‍ ഉദ്ദേശിച്ച കാര്യം ഇതാണ്. ഒരു നോവലിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിന്റെ പേരിലാണ് ഈ ഭീഷണി ഉണ്ടായത്. സത്യത്തില്‍ നോവല്‍, കഥ, സിനിമ എന്നിവയിലെ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതും അവരെക്കൊണ്ട് ഓരോന്ന് പറയിക്കുന്നതും ആ കഥയോ നോവലോ എഴുതുന്ന ആളുകള്‍ തന്നെയാണല്ലോ. എഴുത്തുകാരന് പറയാനുള്ളതാണ് കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കുന്നത്. എതിര്‍പ്പ് വന്നപ്പോള്‍ നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ വേണ്ടപ്പെട്ടവര്‍ തീരുമാനിച്ചു. അപ്പോള്‍ എതിര്‍പ്പിനെ ഭയപ്പെടുന്നുണ്ട്. എന്നാല്‍ ഇതേ കമ്പനിയുടെ മാധ്യമങ്ങള്‍വഴി സഭയെ വികൃതമാക്കി കാണിക്കുവാന്‍ എന്തുമാത്രം സ്‌പേസാണ് ഈ നാളുകളില്‍ ഉപയോഗിച്ചത്. മറ്റൊരു മാധ്യമവും ഇത്രയും കടന്നാക്രമണം നടത്തിയിട്ടില്ല എന്ന് തോന്നുന്നു. എന്തുകൊണ്ടാണ് ഇത്രയും ആക്രമണം? സഭക്ക് ഗുണ്ടകളില്ല, ഭീഷണിപ്പെടുത്താന്‍ ആളുകളില്ല, ആരും ചോദിക്കാനും പറയാനും ഇല്ല. എല്ലാം ക്ഷമിക്കുന്നപ്രാര്‍ത്ഥിക്കുന്ന ഒരു മനസാണല്ലോ സഭയുടേത്. അതാണല്ലോ ക്രിസ്തു പഠിപ്പിച്ചത്. എഴുതുന്നവരും പ്രസിദ്ധീകരിക്കുന്നവരും തെറ്റു ചെയ്യുന്നവര്‍ക്കെതിരെ എഴുതിക്കോട്ടെ. എന്നാല്‍ എല്ലാവരെയും വിഷമിപ്പിക്കുന്നവിധം എഴുതണോ?

സഭകളില്‍ തെറ്റു ചെയ്തവര്‍ ഉണ്ട്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇനിയെങ്കിലും അങ്ങനെയൊക്കെ സംഭവിക്കാതെയുമിരിക്കട്ടെ. പക്ഷേ ഒന്നുണ്ട്, സഭ ഒന്നാകെ മോശമായിട്ടില്ല; മോശമാകുകയുമില്ല. തകര്‍ന്നിട്ടില്ല; തകരുകയുമില്ല. ഇത്രയും വിമര്‍ശനങ്ങളും അപമാനഭാരവും സഹിച്ച് നില്‍ക്കുമ്പോഴും സഭ കുട്ടനാട്ടിലും മറ്റും എത്ര നന്മകളാണ് മഴക്കെടുതിയുടെ ഈ നാളുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ ഏതെങ്കിലും പത്രത്തില്‍ (ദീപിക ഒഴികെ) ഒരു വാര്‍ത്തയും അതിനെപ്പറ്റി കണ്ടില്ല. ചുരുങ്ങിയ പക്ഷം മലബാര്‍ എഡിഷനുകളിലെങ്കിലും. ഒരു ചാനലിലും അതിന്റെ ഒരു വാര്‍ത്തയും വിഷ്വലും കണ്ടില്ല. അതിന്റെ കാരണമെന്താണ്? അത് സഭ ചെയ്യുന്ന നല്ല കാര്യമല്ലേ? അതിന് പബ്ലിസിറ്റി കൊടുക്കണ്ട, അത്രതന്നെ.

ഒരു ഉദാഹരണം പറയട്ടെ. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള വാര്‍ത്തകള്‍ ഉണ്ടായപ്പോള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ അദ്ദേഹത്തിനെതിരെ കേസ് എടുക്കേണ്ട ആവശ്യമില്ല എന്ന സുപ്രീം കോടതിവിധി വന്നപ്പോള്‍ മാധ്യമങ്ങളില്‍ ആ വാര്‍ത്തക്ക് എന്ത് പ്രാധാന്യം കിട്ടി? നിഷ്പക്ഷമെന്ന് മാധ്യമങ്ങള്‍ അവകാശപ്പെടുമ്പോഴും അത്ര നിഷ്പക്ഷമൊന്നുമല്ല എന്നതിന്റെ തെളിവല്ലേ അത്?
മീഡിയക്കെതിരെ എഴുതാനല്ല ഇവിടെ ശ്രദ്ധിക്കുന്നത്. അവയുടെ പ്രസക്തിയും അവ ചെയ്യുന്ന നന്മകളും കണ്ടില്ലെന്ന് നടിക്കാനുമല്ല. പക്ഷേ ചില കാര്യങ്ങള്‍ കുറച്ചുകൂടി വിവേകത്തോടെയും പക്വതയോടെയും ചെയ്യാന്‍ അവര്‍ക്ക് കഴിയണം. ഒരു ഉദാഹരണം പറയട്ടെ, ഇന്ത്യയിലെ ഇപ്പോഴത്തെ നിയമം അനുസരിച്ച് വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടാല്‍ പുരുഷന്‍ മാത്രമാണ് കുറ്റക്കാരന്‍. എന്നാല്‍ സ്ത്രീയെകൂടി കുറ്റക്കാരിയാക്കുന്ന നിയമഭേദഗതി കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവരാനുള്ള ആലോചനയിലാണ്. ഇതിനെതിരെ ഒരു പ്രമുഖ മലയാള പത്രത്തില്‍ ഒരു ലേഖനം വന്നു. ലേഖനകര്‍ത്താവ് ഗവണ്‍മെന്റ് നയത്തെ എതിര്‍ക്കുകയാണ്.

എന്നുതന്നെയുമല്ല, സ്ത്രീ-പുരുഷ ബന്ധങ്ങള്‍ കുടുംബ-വിവാഹബന്ധത്തില്‍ ഒതുക്കിനിര്‍ത്തേണ്ട കാര്യമില്ല എന്ന ആഹ്വാനം കൂടി നല്‍കുകയാണ്. അങ്ങനെ വന്നാല്‍ ആര്‍ക്കും ആരോടും പരസ്പരം സമ്മതമാണെങ്കില്‍ ശാരീരികബന്ധം ആകാം. ഈ ആശയം അഥവാ ആവശ്യം മുന്നോട്ടുവച്ച ലേഖനം ഒരു പത്രം പ്രസിദ്ധീകരിക്കുമ്പോള്‍ ആ ആശയത്തെ പിന്തുണക്കുന്നുണ്ടോ? പിന്തുണക്കുന്നുണ്ടെങ്കില്‍, ഭാവിയില്‍ എങ്ങനെയുള്ള ഒരു സമൂഹം ഉണ്ടായിക്കാണാനാണ് ആ പത്രം ആഗ്രഹിക്കുന്നത്? ഇനി, ഞങ്ങള്‍ ആ ആശയത്തെ പിന്തുണച്ചില്ല, ആശയങ്ങള്‍ ലേഖനം എഴുതിയ ആളിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്ന് പറഞ്ഞ് മാധ്യമത്തിന് വേണേല്‍ കൈകഴുകാം. എന്നാല്‍ സമൂഹത്തെ, ഭാവിതലമുറകളെ നശിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ തങ്ങളുടെ മാധ്യമത്തെ ഉപയോഗിക്കുവാന്‍ തയാറല്ല എന്ന നിലപാട് ആ മാധ്യമത്തിന് സ്വീകരിച്ചുകൂടായിരുന്നോ?

ഏതായാലും ലോകത്ത് തിന്മകള്‍ പെരുകുന്ന കാലമാണിത്. മനുഷ്യരുടെ ദുരിതങ്ങള്‍ വര്‍ധിക്കുന്ന കാലമാണിത്. മനുഷ്യര്‍ പരസ്പരം ഭിന്നിച്ചും പോരടിച്ചും തല്ലിയും കൊന്നും നടക്കേണ്ട കാലമല്ലിത്. സമാധാനമുള്ള, സ്‌നേഹമുള്ള, ഐക്യമുള്ള ഒരു ലോകം ഉണ്ടാക്കുവാന്‍ പരസ്പരം കൈകോര്‍ക്കേണ്ട സമയമാണിത്. കഴിവുകളും പണവും സാങ്കേതിക വിദ്യയും മനുഷ്യവിഭവവും എല്ലാം ഇതിനുവേണ്ടിയാണ് ഉപയോഗിക്കേണ്ടത്. ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

ക്രിസ്തു ക്രൂശിക്കപ്പെട്ടു. ശ്ലീഹന്മാര്‍ എല്ലാവരും ക്രൂശിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. അനേകം വിശ്വാസികള്‍ ഇന്നോളം കൊല്ലപ്പെട്ടു. വലിയ പീഡകള്‍ സഹിച്ച് മരിക്കുമ്പോഴും അവര്‍ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. വിശ്വാസം ഉപേക്ഷിച്ചില്ല. ഉള്ളില്‍ വിശ്വാസം സൂക്ഷിച്ചുകൊണ്ട്, പുറമെ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ഈ പീഡനവും മരണവും അഭയാര്‍ത്ഥികളായി പോകേണ്ട സ്ഥിതിയും ഒന്നും ഉണ്ടാകുമായിരുന്നില്ല.

ആദ്യരക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍ മുതല്‍ സഭയുടെ ചരിത്രം നോക്കുക. അതിനാല്‍ സഭ തകരില്ല. വിശ്വാസികള്‍ പതറരുത്. അതേസമയം വിശ്വാസികള്‍, അഭിഷിക്തര്‍, സമര്‍പ്പിതര്‍, വിശുദ്ധിയില്‍ ജീവിക്കുവാന്‍, നല്ല മാതൃകകള്‍ ആകുവാന്‍, എളിയവര്‍ക്ക് കൂടുതല്‍ സേവനം ചെയ്യുവാന്‍, അനാവശ്യ കാര്‍ക്കശ്യങ്ങള്‍ ഒഴിവാക്കുവാന്‍, ബഹുമാനത്തോടെ എല്ലാവരോടും കൂടുതല്‍ പെരുമാറുവാന്‍, പ്രാര്‍ത്ഥിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അടിക്കാന്‍ വടി ഇട്ടുകൊടുക്കേണ്ട. വിമര്‍ശിക്കാന്‍ വിഷയങ്ങള്‍ ഉണ്ടാക്കിക്കൊടുക്കേണ്ട.


ഫാ. ജോസഫ് വയലില്‍ CMI