കുടിയേറ്റക്കാരെ സഹായിക്കുന്നവർ നല്ല സമരിയാക്കാർ: ഫ്രാൻസിസ് പാപ്പ

0
256

വത്തിക്കാൻ: കുടിയേറ്റക്കാരെ സഹായിക്കുന്നവരും അവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നവരും നല്ല സമരിയാക്കാരാണെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞദിവസം രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കുടിയേറ്റക്കാർക്കുവേണ്ടി ദിവ്യബലിയർപ്പിക്കുകയായിരുന്നു പാപ്പ. കുടിയേറ്റക്കാർ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേയ്ക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന ലാമ്പദൂസ ദ്വീപിലേയ്ക്കുള്ള തന്റെ സന്ദർശനത്തിന്റെ അഞ്ചാംവാർഷിക നാളിലാണ് പാപ്പാ കുടിയേറ്റക്കാർക്കൊപ്പം സമൂഹബലിയർപ്പിച്ചത്.

കള്ളന്മാരുടെ കൈയ്യിൽപ്പെട്ട യാത്രികനോട് സമരിയക്കാരൻ രേഖകളോ, യാത്രയുടെ കാരണമോ, ലക്ഷ്യമോ ഒന്നും ചോദിച്ചില്ല. മറിച്ച് ആ മനുഷ്യനെ ശുശ്രൂഷിക്കുകയും അയാളുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഈശോ പറഞ്ഞ ഈ കഥ നമുക്കും ജീവിതചുറ്റുപാടുകളിൽ മാതൃകയാക്കാം. എന്നാൽ കൈയ്യിൽ അഴുക്കാകാതിരിക്കാനും വസ്ത്രത്തിൽ ചുളിവ് വീഴാതിരിക്കാനും ആഗ്രഹിച്ച ഫരീസേയനും ലേവ്യനും പുരോഹിതനും മുറിപ്പെട്ടു വഴിയിൽക്കിടക്കുന്നവനെ കണ്ടിട്ടും കാണാതെ കടന്നുപോയി. അവരോടു ക്രിസ്തു പറയുന്നു, ”ബലിയല്ല ഞാൻ കരുണയാണ് ആഗ്രഹിക്കുന്നത്. പാപ്പ പറഞ്ഞു.

കുടിയേറ്റത്തിനവസാനം ഭീകരമായ സാഹചര്യങ്ങൾ അതിജീവിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നവരെ പ്രോത്സാഹിപ്പിച്ച പാപ്പ അവർക്ക് തന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രതിസന്ധികൾക്കിടയിലും പ്രത്യാശയുടെ സാക്ഷികളായി പതറാതെ ജീവിക്കണമെന്നും എത്തിപ്പെടുന്ന രാജ്യത്തെ സംസ്‌ക്കാരത്തോടും നിയമങ്ങളോടും ആദരവുള്ളവരാകണമെന്നും പാപ്പ പറഞ്ഞു.