ഗുഡ്‌ബൈ പീറ്റർ അങ്കിൾ; ‘ഗിന്നസ് ആൾട്ടർ ബോയ്’ ഇനി ചരിത്രം

പീറ്റർ റെയ്‌ലി ആൾട്ടർ ബോയ് ആയിരുന്നത് 91 വർഷം!

0
795

സ്‌കോട്ട്‌ലൻഡ്: നിങ്ങൾ എത്ര വയസുവരെയുള്ള ആൾട്ടർ ബോയ്‌സിനെ കണ്ടിട്ടുണ്ട്? 15 വയസ് ഏറിയാൽ 20. എന്നാ
ൽ, 100 വയസ് പിന്നിട്ട ഒരു ആൾട്ടർ ബോയ് ഉണ്ടായിരുന്നു, ഇക്കഴിഞ്ഞയാഴ്ചവരെ- കുട്ടികൾമുതൽ വൃദ്ധർവരെയുള്ളവരെല്ലാം ‘പീറ്റർ അങ്കിൾ’
എന്ന് വിളിച്ചിരുന്ന പീറ്റർ റെയ്‌ലി. ഇടവകയ്ക്ക് പുറത്തേക്ക് കാര്യമായി അറിയപ്പെട്ടില്ലെങ്കിലും, ഏറ്റവും കൂടുതൽ കാലം അൾത്താര ശുശ്രൂഷകനായിരുന്നതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയായിരുന്നു പീറ്റർ അങ്കിൾ. തന്റെ 100-ാം പിറന്നാളിൽ ‘ഗിന്നസ് ബുക്കിൽ’ പേര് രേഖപ്പെടുത്തപ്പെട്ടപ്പോൾ അദ്ദേഹം അൾത്താരശുശ്രൂഷയിൽ പൂർത്തിയാക്കിയത് 91 വർഷങ്ങൾ!

സഭയുടെചരിത്രത്തിൽ ഇത്രയും കാലം അൾത്താര ശുശ്രൂഷകനായി സേവനം ചെയ്തവർ ഉണ്ടായിട്ടുണ്ടാവില്ല, ഇനി ഉണ്ടാകാനും സാധ്യതയില്ലെ എന്നാണ്
അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ വാക്കുകൾ.മദർവെൽ രൂപതയിലെ സാൾട്ട് കോട്ട്‌സ് സെന്റ് മേരീസ് ദൈവാലയത്തിൽ അൾത്താര ശുശ്രൂഷകനായി 1924ൽ സേവനം തുടങ്ങിയപ്പോൾ കുഞ്ഞ് പീറ്ററിന് പ്രായം ഒൻപത്. നന്നേ ചെറുപ്പത്തിൽ തന്നെ പിതാവിനെ ബിസിനസിൽ സഹായിക്കേണ്ടി വന്നതിനാൽ വിദ്യാഭ്യാസം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. പക്ഷേ, ഇടവക ദൈവാലയത്തിലെ അൾത്താര ശുശ്രൂഷാദൗത്യം അദ്ദേഹം 100-ാം വയസുവരെ തുടർന്നു.

ഇക്കഴിഞ്ഞയാഴ്ചയായിരുന്നു 103 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. മരണാനന്തര ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ജനാവലി മാത്രംമതി, അദ്ദേഹത്തിന്റെ
വിശിഷ്~ സേവനങ്ങളെ ഇടവകാംഗങ്ങൾ എപ്രകാരമാണ് സ്വീകരിച്ചിരുന്നതെന്ന് വ്യക്തമാക്കാൻ. പീറ്റർ റെയ്‌ലിയുടെ ജീവിതത്തിന്റെ ഭാഗമായ സെന്റ് മേരീസ് ദൈവാലത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സമീപത്തുള്ള സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിലായിരുന്നു മരണാനന്തര ശുശ്രൂഷകൾ.

പീറ്റർ റെയ്‌ലിയെ തേടിയെത്തിയ അംഗീകാരങ്ങളും നിരവധിയാണ്. പേപ്പൽ ബഹുമതിയായ ‘ബെനവരേന്തി മെഡൽ’ സമ്മാനിച്ചാണ് ഈ അപൂർവ പ്രതിഭയെ 2009ൽ ബനഡിക്ട് 16-ാമൻ പാപ്പ ആദരിച്ചത്. 2015ൽ ബ്രിട്ടീഷ് രാജ്ഞിയുടെ പിറന്നാൾ ദിനത്തിൽ ബ്രിട്ടീഷ് എംപെയർ മെഡലും ഇദ്ദേഹത്തെ തേടിയെത്തി. 100-ാം പിറന്നാളിൽ ഫ്രാൻസിസ് പാപ്പയിൽനിന്ന് ആശീർവാദം സ്വീകരിക്കാനുള്ള ഭാഗ്യവും പീറ്റർ അങ്കിളിനു ലഭിച്ചിരുന്നു.

ബിജു നീണ്ടൂർ