ക്രിസ്തുരാജൻ ഇംഗ്ലണ്ടിലെ രാജവീഥിയിലേക്ക്; ശാലോം വേൾഡിൽ കാണാം തത്‌സമയം

0
2856

ലിവർപൂൾ: ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലണ്ടനിലെ രാജവീഥികൾ ഒരുങ്ങിക്കഴിഞ്ഞു, ദിവ്യകാരുണ്യനാഥനെ വരവേൽക്കാൻ. സെപ്തംബർ ഏഴുമുതൽ ഒൻപതുവരെ ലിവർപൂൾ നഗരം ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ‘അഡോറംസ് 2018’ന്റെ മുഖ്യസവിശേഷതയും അതുതന്നെയാവും. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് ഇതിനു മുമ്പ് ലണ്ടൻ ആതിഥ്യമരുളിയതിന്റെ ശതാബ്ദിവർഷത്തിൽ കൈവന്ന ഈ അനുഗ്രഹ ദിനങ്ങൾ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയുംസഭ. നമുക്ക് ആരാധിക്കാം എന്നാണ് ‘അഡോറംസ്’ എന്ന വാക്കിന്റെ അർത്ഥം.

ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള മഹത്തായ സ്‌നേഹം പ്രോത്സാഹിപ്പിക്കുക, സഭാചരിത്രത്തിൽ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ആഴമായ ബോധ്യം പകർന്ന് നൽകുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവകകളിലെ മതാധ്യാപകരെയും വിദ്യാർത്ഥികളെയും ദിവ്യകാരുണ്യനാഥനെ ആരാധിക്കാൻ ഒരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നിവയാണ് ‘അഡോറംസ് 2018’ ന്റെ ലക്ഷ്യങ്ങൾ.

ദൈവശാസ്ത്ര പ്രബന്ധാവതരണം, യൂക്കരിസ്റ്റിക് മിനിസ്റ്റർമാർക്കുവേണ്ടിയുള്ള ക്ലാസുകൾ, ദിവ്യകാരുണ്യ സെമിനാറുകൾ എന്നിവയാണ് ‘സിംപോസിയം ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ ദിനത്തിലെ പ്രധാന പരിപാടികൾ. കൂടാതെ ആശുപത്രികളിലും കെയർ ഹോമുകളിലും ജയിലുകളിലും സേവനമനുഷ്~ിക്കുന്ന സന്നദ്ധപ്രവർത്തകർക്കായുള്ള ശിൽപ്പശാലകളും ആദ്യദിനത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ലിവർപൂളിലെ എ.സി.സിയാണ് വേദി. ലിവർപൂൾ ആർച്ച്ബിഷപ്പ് മാൽക്കം മക്മഹന്റെ പ്രാരംഭ പ്രാർത്ഥനയോടെയാകും പരിപാടികൾക്ക് തുടക്കമാവുക.

പതിനായിരം പേരെ ഉൾക്കൊള്ളാനാകുന്ന എക്കോ അരീനയിലാണ് രണ്ടാം ദിന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ബർമിംഗ്ഹാം അതിരൂപതാ സഹായമെത്രാൻ റോബർട് ബ്രയൻ പ്രാരംഭ പ്രാർത്ഥന നയിക്കും. ദിവ്യബലിയും ഉണ്ടാകും. പ്രഭാഷണങ്ങളും ദിവ്യകാരുണ്യ ഭക്തി പ്രഘോഷിക്കുന്ന നാടകവുമാവും ‘കോൺഗ്രസ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന രണ്ടാം ദിനത്തിന്റെ സവിശേഷതകൾ. ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനും പ്രമുഖ വാഗ്മിയും ദൈവശാസ്ത്രജ്ഞനും ‘വേർഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനുമായ റോബർട്ട് ബാരനാണ് മുഖ്യപ്രഭാഷകൻ. പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ പരിപാടികൾ സമാപിക്കും.

‘പിൽഗ്രിമേജ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സമാപന ദിനത്തിൽ തിരുക്കർമങ്ങൾ ലിവർപൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റൻ കത്തീഡ്രലിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30ന് അർപ്പിക്കുന്ന ദിവ്യബലിക്ക് ആർച്ച്ബിഷപ്പ് മക്മഹൻ മുഖ്യകാർമികനാകും. തുടർന്ന് 11.00ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പ് കൗൺസിൽ അധ്യക്ഷനും വെസ്റ്റ്മിനിസ്റ്റർ ആർച്ച്ബിഷപ്പുമായ വിൻസെന്റ് നിക്കോൾസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം. ആർച്ച്ബിഷപ്പ് മക്മഹൻ വചനസന്ദേശം നൽകും. തുടർന്ന്, 1.00ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തുടക്കമാകും. അയ്യായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. 2.45ന് ബെനഡിക്ഷനോടെ ദിവ്യകാരുണ്യ കോൺഗ്രസിന് തിരശീലവീഴും.

സഭയുടെ പ്രേക്ഷിതദൗത്യത്തിൽ പരിശുദ്ധ കുർബാനയുടെ പ്രാധാന്യം, വൈദികരും സമർപ്പിതരും അത്മായരും ചേർന്ന് അരക്കിട്ടുറപ്പിക്കുന്ന സമ്മേളനങ്ങളാണ് ദിവ്യകാരുണ്യ കോൺഗ്രസുകൾ. രാജ്യത്ത് വിശ്വാസത്തകർച്ചയും ഭൗതികതയുടെ അതിപ്രസരവും നടമാടുന്ന സാഹചര്യത്തിൽ ദിവ്യകാരുണ്യ സമ്മേളനത്തിനു വലിയ പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ കോൺഫറൻസിലൂടെ യു.കെയിലെങ്ങും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാനും വളർത്താനും കഴിയുമെന്നാണ് സഭ പ്രത്യാശിക്കുന്നത്.