ലണ്ടന്റെ നിരത്തിൽ ചരിത്രം രചിച്ച് അഡോറംസ്; ദിവ്യകാരുണ്യ നാഥനെ വണങ്ങി ബ്രിട്ടീഷ് ജനം

ലിവർപൂൾ ദർശിച്ച ഏറ്റവും വലിയ ജനാവലികളിലൊന്നെന്ന് ബി.ബി.സി

0
6988

യു.കെ: പ്രാർത്ഥനാഗാനങ്ങളും ദൈവസ്തുതികളുംകൊണ്ട് നഗരവീഥികൾ ഭക്തിസാന്ദ്രമായി. കർദിനാൾമാരും വൈദികരും സമർപ്പിതരും അൽമായ സമൂഹവും ദിവ്യകാരുണ്യനാഥന് അകമ്പടിയൊരുക്കി. ആയിരക്കണക്കിനുവരുന്ന വിശ്വാസികളുടെ പ്രാർത്ഥനാനിർഭരമായ ഒരുക്കത്തിനുള്ള സമ്മാനമെന്നവണ്ണം ലണ്ടനിലെ രാജവീഥികളിലേക്ക് ദിവ്യകാരുണ്യനാഥൻ എഴുന്നള്ളിയപ്പോൾ രചിക്കപ്പെട്ടത് പുതുചരിത്രമാണ് ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഇംഗ്ലണ്ടിലെ ഒരു നഗരവിഥി ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വേദിയാകുന്നു.

ലിവർപൂൾ നഗരം ആതിഥേയത്വം വഹിച്ച ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ‘അഡോറംസ് 2018’ന്റെ സമാപദിനത്തിലായിരുന്നു ഈ ചരിത്രനിമിഷം. ദിവ്യബലിയർപ്പണം, യൂക്കരിസ്റ്റിക് മിനിസ്റ്റർമാർക്കുവേണ്ടിയുള്ള ക്ലാസുകൾ, ദിവ്യകാരുണ്യ സെമിനാറുകൾ എന്നിങ്ങനെ സർവവും ദിവ്യകാരുണ്യനാഥനിൽ കേന്ദ്രീകരിച്ച ദിനങ്ങൾക്ക് അർത്ഥപൂർണമായ സമാപ്തി. യു.കെയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരത്തോളം പേർ നേരിട്ട് സാക്ഷിയായ ഈ ചരിത്രനിമിഷത്തിന്, ശാലോം വേൾഡ് ടി.വിയിലൂടെ ലക്ഷക്കണക്കിനാളുകളും സാക്ഷ്യം വഹിച്ചു. നമുക്ക് ആരാധിക്കാം എന്നാണ് ‘അഡോറംസ്’ എന്ന വാക്കിന്റെ അർത്ഥം.

ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള സ്‌നേഹം പ്രോത്സാഹിപ്പിക്കുക, സഭാചരിത്രത്തിൽ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ബോധ്യം പകരുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘അഡോറംസിൽ’ കത്തോലിക്കർക്കുപുറമെ ആംഗ്ലിക്കൻ, മെത്തഡിസ്റ്റ് സഭാപ്രതിനിധികൾ പങ്കെടുത്തതും സവിശേഷമായി. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ സന്ദർശനത്തിനുശേഷം ലിവർപൂൾ ദർശിച്ച ഏറ്റവും വലിയ ജനാവലി എന്നാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിലെ പങ്കാളിത്തത്തെ ബി.ബി.സി വിശേഷിപ്പിച്ചത്.