ഹോളിവീൻ 2019: കൂടുതൽ കരുത്തിൽ യൂറോപ്പിലെ വിശുദ്ധസൈന്യം

വ്യാപകമാകുന്നു ഹോളിവീൻ; അണിചേരാൻ അകത്തോലിക്കരും

0
1758

യു.കെ: സാത്താൻ ആരാധനയ്ക്ക് സമാനമായ ഹാലോവീൻ ആഘോഷങ്ങൾക്ക് ബദലായി ക്രിസ്തീയ വിശ്വാസികൾ സംഘടിപ്പിക്കുന്ന ‘ഹോളീവീൻ’ (ഓൾ സെയിന്റ്സ് ഡേ ആഘോഷം) ഇത്തവണ കൂടുതൽ ദൈവാലയങ്ങളിലേക്ക് വ്യാപിക്കുമ്പോൾ, ആഘോഷം അവിസ്മരണീയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു യു.കെയിലെ വിശുദ്ധസൈന്യം!

പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിയാൻ പ്രേരിപ്പിക്കുന്ന ഹാലോവീനിൽനിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള ബദൽ മാർഗമാണ് വിശുദ്ധരുടെ വസ്ത്രങ്ങൾ ധരിച്ച കുട്ടികളെ അണിനിരത്തുന്ന ‘ഹോളിവീൻ’. കഴിഞ്ഞ വർഷം, ഏതാനും മലയാളി കത്തോലിക്കാ ദൈവാലയങ്ങളിൽ മാത്രം നടന്ന ഈ ആഘോഷം ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും.

കത്തോലിക്കർക്കൊപ്പം ഇതരക്രൈസ്തവവിഭാഗങ്ങളും ഈ അനുകരണീയ മാതൃക ഏറ്റെടുത്തുകഴിഞ്ഞു. ഇത്തവണ ഹോളീവിൻ ആഘോഷത്തിൽ പങ്കുചേരാനെത്തുന്ന ദൈവാലയങ്ങളുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ വർദ്ധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

യൂറോപ്പിലേക്ക് കുടിയേറിയ എല്ലാ പ്രവാസ സമൂഹങ്ങളെപ്പോലെ മലയാളികളും ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു പതിവ്. എന്നാൽ, ഹാലോവീന് പിന്നിലെ അപകടം മനസിലാക്കി കൊടുക്കാൻ സഹായിക്കുന്ന ‘ഹോളിവീൻ’ ആഘോഷത്തിലൂടെ ക്രിയാത്മകമായ മാറ്റം പ്രകടമാണ്. കഴിഞ്ഞ വർഷം 10 സീറോ മലബാർ കേന്ദ്രങ്ങളിൽ നടന്ന ഹോളീവിൻ ആഘോഷം വലിയ ചലനം യു.കെയിൽ സൃഷ്ടിച്ചിരുന്നു.

സീറോ മലബാർ സഭയുടെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹാലോവീന് തൊട്ടു മുമ്പു വരുന്ന ഞായറാഴ്ച ഹോളിവീൻ ആഘോഷം നടത്താനുള്ള ഒരുക്കങ്ങൾ നടക്കുകയാണിപ്പോൾ. കുട്ടികൾ വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങൾ അണിഞ്ഞ് ദൈവാലയങ്ങളിൽ എത്തുന്നതുതന്നെയാകും അന്നേ ദിവസത്തെ പ്രധാന സവിശേഷത. രണ്ടാം ശനിയാഴ്ച കൺവെൻഷനോട് അനുബന്ധിച്ച് കഴിഞ്ഞ വർഷം സെഹിയോൻ ധ്യാനകേന്ദ്രം സംഘടിപ്പിച്ച ഹോളിവീൻ ആഘോഷത്തിൽ വിശുദ്ധരുടെ വേഷവിധാനങ്ങളോടെനൂറുകണക്കിന് കുഞ്ഞുങ്ങൾ പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു.

സീറോ മലബാറിനെ കൂടാതെ സീറോ മലങ്കര, മലയാളി ലാറ്റിൻ, യാക്കോബായ, ഓർത്തഡോക്‌സ് എന്നിവയാണ് ഹോളിവീന് തയാറെടുക്കുന്ന ഇതര സഭാ വിഭാഗങ്ങൾ. പൈശാചിക വേഷങ്ങൾക്ക് പകരം വിശുദ്ധരുടെ വേഷങ്ങൾ ധരിക്കണം എന്നതിനൊപ്പം, ഹോളിവീൻ ആഘോഷവുമായി ബന്ധപ്പെട്ട് വത്തിക്കാൻ മറ്റ് രണ്ട് മാർഗനിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. വീടുകളിൽ പൈശാചിക രൂപങ്ങൾ സ്ഥാപിക്കുന്നതിന് പകരം വാതിലുകളിലും ജനലുകളിലും വിളക്കുകൾക്കും വിശുദ്ധരുടെ ചിത്രങ്ങൾക്കും സ്ഥാനം നൽകണം, ഹോളിവീൻ രാത്രിയിൽ കുട്ടികൾ ഭക്തിയിലും ജാഗരണപ്രാർത്ഥനയിലും ചെലവിടണം എന്നിവയാണവ.