ബെൽഫാസ്റ്റ് ‘ഗേ കേക്ക് ‘ വിധി: വിജയിച്ചത് വിശ്വാസസ്വാതന്ത്ര്യം

0
1080

യു.കെ: തീവ്രസെക്യുലറിസത്തിന്റെ കടന്നു കയറ്റത്താൽ ദൈവീക കൽപ്പനകൾ ലംഘിക്കാൻ സാധുത നൽകുന്ന നിയമ നിർമാണങ്ങൾ ശക്തിപ്പെടുമ്പോൾ, യഥാർത്ഥ ദൈവവിശ്വാസിക്ക് ചെറുത്തുനിൽക്കാൻ ധൈര്യം പകരുന്ന വിധി: ബെൽഫാസ്റ്റിലെ കുപ്രസിദ്ധമായ ‘ഗേ കേക്ക് കേസി’ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ ഇപ്രകാരം വിശേഷിപ്പിക്കാം. ഇക്കഴിഞ്ഞ ഒക്ടോബർ 10ന് യു.കെ സുപ്രീം കോടതിയിലെ അഞ്ചംഗ ബഞ്ച് ഐക്യകണ്~മായാണ് കേക്ക് കേസിൽ ‘ആഷേർസ്’ ബേക്കറി ഉടമകൾക്ക് അനുകൂലമായി വിധിപ്രസ്താവിച്ചത്. ‘ഗേ മാര്യേജിനെ പിന്തുണയ്ക്കുന്നു’ എന്ന് കേക്കിൽ എഴുതണമെന്ന സ്വവർഗാനുരാഗിയായ ഉപഭോക്താവിന്റെ ആവശ്യം പരിഗണിക്കാതിരുന്നത് ലിംഗ വിവേചനം ആണെന്നതായിരുന്നു കേസ്.

ബേക്കറി ഉടമകളായ ഡാനിയേൽ മാക് ആൾതർ- ആമി മാക് ആൾതർ ദമ്പതികളുടെ വിശ്വാസത്തിൽ ഉറച്ച നിലപാടാണ്, പ്രാദേശിക കോടതിയിൽ ആരംഭിച്ച് ഹൈക്കോടതിയും പിന്നിട്ട് സുപ്രീം കോടതിവരെ നീണ്ട നിയമപോരാട്ടത്തിലൂടെ അനുകൂല വിധി നേടാൻ കാരണം. വിധി പ്രസ്താവം വന്നതിനെ തുടർന്ന് സുപ്രീം കോടതിക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട ഇവർ പറഞ്ഞ വാക്കുകളും ഏറെ പ്രസക്തമാണ്: ‘ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരെ ഒളിഞ്ഞും തെളിഞ്ഞും ഭീഷണി ഉയരുന്ന യൂറോപ്പിൽ ഓരോ വിശ്വാസിയും താങ്കളുടെ വിശ്വാസ സംരക്ഷണത്തിനായി ഉറച്ച നിലപാടെടുക്കണം. നമ്മുടെ ക്രൈസ്തവ വിശ്വാസം ആരുടെയും മുമ്പിൽ അടിയറവ് വെക്കാനുള്ളതല്ല, മറിച്ച് പ്രഘോഷിക്കാനുള്ളതാണ്.’

വിശ്വാസംതന്നെ പ്രധാനം

തന്റെ മതവിശ്വാസത്തിനെതിരായി തന്റെ സർഗാത്മകതയും സാങ്കേതിക പാടവവും ഉപയോഗിക്കാതിരിക്കുക എന്നത് ഭരണഘടന നൽകുന്ന അടിസ്ഥാന അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാൽ. ബെൽഫാസ്റ്റിലുള്ള ‘ആഷേർസ്’ ബേക്കറി ഉടമകളായ ദമ്പതികൾക്ക് ഈ അടിസ്ഥാന അവകാശം നേടിയെടുക്കാൻ നാല് വർഷം നിയമയുദ്ധം നടത്തേണ്ടിവന്നു. കേവലം, മുപ്പത്തിയാറര പൗണ്ട് മാത്രം വിലയുള്ള കേക്കിനുവേണ്ടി നാലു വർഷം നീണ്ട കേസിൽ ഇരു കക്ഷികൾക്കുംകൂടി ഏകദേശം നാലരലക്ഷം പൗണ്ട് ചെലവായി എന്നതും കൗതുകം.

കേസിന്റെ പിന്നാമ്പുറം

അമേരിക്കയിൽ അടുത്ത കാലത്തുണ്ടായ ‘മാസ്റ്റർപീസ് കേക്ക്’ കേസുമായി ഏറെ സാമ്യമുള്ള കേസാണിത്. 2014ലാണ് കേസിനാസ്പദമായ സംഭവം. ‘ഗേ മൂവ്‌മെന്റ്’ അനുഭാവിയായ ഗത്തേരി ലീ ‘ആഷേർസ്’ ബേക്കേഴ്‌സിനെ സമീപിച്ച് സ്വവർഗ വിവാഹത്തിന് കേക്ക് ഓർഡർ ചെയ്തതോടെയായിരുന്നു തുടക്കം. ‘ഗേ മാര്യേജിനെ പിന്തുണയ്ക്കുന്നു’ എന്ന് കേക്കിൽ എഴുതണം എന്നായിരുന്നു ആവശ്യം.

കേക്ക് ഉണ്ടാക്കാൻ സമ്മതം അറിയിച്ച ബേക്കറി ഉടമ ഡാനിയേൽ, പക്ഷേ, സന്ദേശം എഴുതാൻ വിസമ്മതിച്ചു. ക്രൈസ്തവ വിശ്വാസിയായ തനിക്ക് സ്ത്രീ- പുരുഷ വിവാഹത്തെ മാത്രമേ അംഗീകരിക്കാനാകൂ. അതിനാൽ, തന്റെ വിശ്വാസത്തിന് വിരുദ്ധമായ സന്ദേശം കേക്കിൽ രേഖപ്പെടുത്താനാവില്ല എന്നായിരുന്നു ഡാനിയേലിന്റെ മറുപടി.

ക്രുദ്ധനായ ഗരേത്തി ലി ഈക്വാളിറ്റി കമ്മീഷന്റെ സഹായത്തോടെ ഡാനിയേലിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ആഷേർസ് ബേക്കറി ഉടമ തനിക്കെതിരെ ലിംഗ വിവേചനം കാണിച്ചു എന്ന ആരോപണം ശരിവെച്ച കൺട്രീ കോർട്ട് മേയ് 2015 ‘ആഷേർസ്’ ബേക്കറി ഉടമയ്‌ക്കെതിരെ വിധിയെഴുതി. 500 പൗണ്ട് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു അത്. തുടർന്ന്, ‘ആഷേർസ്’ ബേക്കറി ഉടമകൾ സന്നദ്ധ സംഘടനയായ ‘ദ ക്രിസ്റ്റ്യൻ ഇൻസ്റ്റിറ്റ്യൂട്ടി’ന്റെ സഹായത്തോടെ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തെങ്കിലും അവിടെയും കേസ് പരാജയപ്പെട്ടു, ഒക്ടോബർ 2016ന്

സുപ്രീം കോടതിയിലേക്ക്

എന്നാൽ, തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന അവർ വിശ്വാസസംരക്ഷണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ‘ഗേ കേക്ക്’ കേസിൽ യാതൊരു വിധ ലിംഗ വിവേചനവും നടന്നിട്ടില്ലെന്ന് അടിവരയിട്ടാണ് ബേക്കറിക്ക് അനുകൂലമായി സുപ്രീം കോടതി വിധിയെഴുതിയത്. കേക്കിൽ എഴുതാൻ നിർദേശിച്ച സന്ദേശത്തെയാണ്, അല്ലാതെ സന്ദേശം കൊടുത്ത വ്യക്തിയെ അല്ല ബേക്കറി ഉടമകൾ എതിർത്തതെന്നും കോടതി അസന്നിഗ്ദമായി വ്യക്തമാക്കി.

ആഷേർസ് ഉടമകളെ സഹായിച്ചത് ‘ദ ക്രിസ്റ്റ്യൻ ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന സംഘടനയാണെങ്കിൽ, നികുതിദായകരുടെ പണം കൊണ്ട് പ്രവർത്തിക്കുന്ന ‘ഈക്വാളിറ്റി കമ്മീഷൻ’ സ്വവർഗാനുകൂലിയെ സഹായിച്ചു എന്നതാണ് വൈചിത്രം! സ്വവർഗ വിവാഹത്തിന്റെ കാര്യത്തിലായാലും ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയ വിഷയങ്ങളിലായാലും തങ്ങളുടെ ശക്തമായ നിലപാട് തൊഴിൽമേഖലകളിലും പൊതു സമൂഹത്തിലും ഉയർത്തിപ്പിടിക്കാൻ ക്രൈസ്തവ വിശ്വാസികളെ ഈ വിധി ധൈര്യപ്പെടുത്തും എന്നാണ് പ്രതീക്ഷ.

ബിജു നീണ്ടൂർ