ജീവിത മേഖലകളിൽ ക്രിസ്തുസാക്ഷ്യം പകരാൻ കൺവെൻഷൻ സഹായിക്കണം: മാർ ക്ലീമിസ്

പത്താമത് സീറോ മലങ്കര കൺവെൻഷന് തിരിതെളിഞ്ഞു

0
615

ന്യൂയോർക്ക്: പരിശുദ്ധാത്മാവിൽ നവീകരിക്കപ്പെടുന്നതിനും സഭാ ശുശ്രൂഷകളിൽ പങ്കുചേർന്നുകൊണ്ട് തങ്ങൾ ജീവിക്കുന്ന മേഖലകളിൽ ക്രിസ്തു സാക്ഷ്യമേകാനും കൺവെൻഷൻ സഹായിക്കണമെന്ന് സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. നോർത്ത് അമേരിക്കയിലെ പത്താമത് സീറോ മലങ്കര കൺവൻഷന് സ്റ്റാഫോർഡ് ഹിൽട്ടൻ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം വിളിക്കപ്പെട്ടിരിക്കുന്നത് സുവിശേഷത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും, അതിലൂടെ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്ന യേശുവിന്റെ സാന്നിധ്യം മറ്റുള്ളവരിലേക്ക് പകരാനും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്ത് അമേരിക്കൻ എപ്പാർക്കി അധ്യക്ഷൻ ബിഷപ്പ് രൂപതാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്‌തെഫാനോസ് ആമുഖ പ്രസംഗം നടത്തി. വികാരി ജനറൽ റവ. ഡോ. പീറ്റർ കോച്ചേരിൽ സ്വാഗതവും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോൺ പി. വർഗീസ് കൃതജ്ഞതയും പറഞ്ഞു.

2018ൽ വത്തിക്കാനിൽ നടക്കുന്ന യുവജന സിനഡിന്റെ ആപ്തവാക്യമായ യൂത്ത്, ഫെയ്ത്ത്, ഡിസേൺമെന്റ് എന്നതുതന്നെയാണ് കൺവൻഷൻ മുഖ്യ ചർച്ചാവിഷയമാക്കിയിരിക്കുന്നത്. മോൺ. ജയിംസ് മക്‌ഡൊണാൾഡ്, റവ.ഡോ. റോയ് പാലാട്ട് സി.എം.ഐ, റവ.ഡോ. ഏബ്രഹാം ഒരപ്പാങ്കൽ, സിസ്റ്റർ ഡോ. ജോസ്‌ലിൻ എസ്.ഐ.ഡി, സിസ്റ്റർ ജോവാൻ, ഡോ. ആന്റണി റെയ്മണ്ട്, ബ്രയാൻ മേഴ്‌സിയർ എന്നിവർ വിവിധ വിഷങ്ങളിൽ ക്ലാസുകൾ നയിക്കും.

വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ഡിസ്‌കഷൻ, വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ നയിക്കുന്ന മോട്ടിവേഷണൽ പ്രഭാഷണം, സഭാധികാരികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം എന്നിവയ്‌ക്കൊപ്പം എല്ലാ ദിവസവും ദിവ്യബലിയും അർപ്പിക്കപ്പെടും. കുമ്പസാരം, കൗൺസിലിംഗ് എന്നിവയ്ക്കുള്ള സൗകര്യവുമുണ്ടായിരിക്കും. ബൈബിൾ, സഭാചരിത്രം, ആരാധനാക്രമം എന്നിവയെ ആസ്പദമാക്കിയുള്ള മെഗാ ക്വിസ് മത്സരമാണ് മറ്റൊരു സവിശേഷത.

അമേരിക്കയിലെ സീറോ മലങ്കര മക്കളുടെ സഭാത്മക കൂട്ടായ്മകളിൽ ഏറ്റവും ശ്രദ്ധേയമാണ് മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന കൺവൻഷൻ. സീറോ മലങ്കര സഭാ പൈതൃകവും മൂല്യങ്ങളും അമേരിക്കയുടെ സാംസ്‌കാരിക പശ്ചാത്തലത്തിൽ ധ്യാന, പഠനങ്ങൾക്ക് വിഷയമാക്കാനും ഈ മൂല്യങ്ങൾ സഭാ കൂട്ടായ്മയിൽ ആഘോഷിക്കാനുമുള്ള വേദികൂടിയാകും കൺവൻഷനുകൾ. നോർത്ത് അമേരിക്കൻ സീറോ മലങ്കര ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്‌തെഫാനോസ് ചെയർമാനും, വികാരി ജനറാൾ മോൺ. പീറ്റർ കോച്ചേരി വൈസ് ചെയർമാനുമായ 100 അംഗ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ഡോ. ജോർജ് കാക്കനാട്ട്