Follow Us On

29

March

2024

Friday

ക്രൈസ്തവരുടെ മോചനം: സമ്മർദം ശക്തമാക്കി അമേരിക്ക; ഇറാനും തുർക്കിയും അയയും?

ക്രൈസ്തവരുടെ മോചനം: സമ്മർദം ശക്തമാക്കി അമേരിക്ക; ഇറാനും തുർക്കിയും അയയും?

വാഷിംഗ്ടൺ ഡിസി: പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനവും അതിന്റെ തുടർച്ചയായി ഇറാൻ, തുർക്കി ഭരണകൂടത്തിനു നൽകിയ താക്കീതുകളും സത്ഫലം സമ്മാനിക്കുമെന്ന് നിരീക്ഷകർ. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയായി പ്രവർത്തിച്ചു എന്ന കുറ്റംചുമത്തി അന്യായമായി തടവിലടച്ച സുവിശേഷപ്രഘോഷകൻ ഉൾപ്പെടെ നാല് ക്രൈസ്തവരെ ഉടൻ മോചിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ഇറാന് നൽകിയിരിക്കുന്നതെങ്കിൽ, സുവിശേഷ പ്രഘോഷകനെ മോചിപ്പിക്കാത്തതിൽ തുർക്കിക്കുമേൽ സാമ്പത്തിക നടപടികൾ ചുമത്താനുള്ള നീക്കത്തിലാണ് അമേരിക്ക.
സയോണിസ്റ്റ് ക്രൈസ്തവതയെ പ്രോത്സാഹിപ്പിക്കുന്നു, ഭവന ദൈവാലയങ്ങൾ നടത്തുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് യൂസെഫ് നാടാർഖാനി,സാഹെബ് ഫദായി, യാസർ മൊസായെബ്‌സാദെ, മൊഹമ്മദ് റേസാ ഒമീദി എന്നിവർക്ക് 10 വർഷത്തെ തടവ് ശിക്ഷയാണ് ഇറാൻ വിധിച്ചിരിക്കുന്നത്. തുർക്കി പ്രസിഡന്റ് തയിബ് എർദോഗനെതിരെ നടന്ന അട്ടിമറി ശ്രമത്തിൽ പങ്കുണ്ട് എന്ന് ആരോപിച്ച് രണ്ട് വർഷംമുമ്പ് ആൻഡ്രൂ ബ്രൻസൺ എന്ന ഇവാഞ്ചലിക്കൽ പ്രെസ്ബിറ്റീരിയൻ പാസ്റ്ററെ തുർക്കി തടവിലടക്കുകയായിരുന്നു.
പാസ്റ്റർ ആൻഡ്രൂ ബ്രൻസണെ വിട്ടുതരണം എന്ന ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനു വില കൽപ്പിക്കാതിരുന്നതിനെ തുടർന്നാണ് ട്രംപ് ഭരണകൂടം സാമ്പത്തിക നടപടികൾക്കൊരുങ്ങുന്നത്. അമേരിക്കയിലേയ്ക്ക് തുർക്കി കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെമേൽ ഇരട്ടി ചുങ്കം ഏർപ്പെടുത്തിയതോടെ തുർക്കിയുടെ കറൻസിയായ ലിറയുടെ മൂല്യം ഇടിഞ്ഞു. ഇപ്പോൾ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന രാജ്യത്തിന് കൂടുതൽ പ്രഹരമേൽപ്പിക്കുന്നതാണ് ഈ നടപടി. ഈ പ്രതിസന്ധി പരിഹരിക്കാൻ പാസ്റ്ററെ മോചിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ തുർക്കിക്കു മുന്നിൽ ഇല്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
തുർക്കിയിലെ ഇസ്മിർ എന്ന ഒരു നഗരത്തിലായിരുന്നു പാസ്റ്റർ ബ്രൻസൺ കുടുബത്തോടൊപ്പം കഴിഞ്ഞിരുന്നത്. 2016 ഒക്ടോബർ മാസമാണ് ബ്രൻസണെ വ്യാജ ആരോപണം ഉന്നയിച്ച് തുർക്കി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിശ്വാസത്തിന്റെ പേരിലാണ് ബ്രൻസണെ തുർക്കി അറസ്റ്റ് ചെയ്തതെന്ന് അമേരിക്കൻ ക്രൈസ്തവസമൂഹം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. വചനപ്രഘോഷകന്റെ മോചനം ഡൊണാൾഡ് ട്രംപ് ഏറ്റെടുത്തതോടെ സംഭവം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി. ആഴ്ചകൾക്കുമുമ്പ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും നൽകിയ മുന്നറിയിപ്പുകൾ പ്രസിഡന്റ് തയിബ് എർദോഗൻ തളളുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?