ക്രൈസ്തവവിരുദ്ധതയുമായി വീണ്ടും നെറ്റ്ഫ്‌ളിക്‌സ്: പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം

0
1126
കാലിഫോർണിയ: ക്രൈസ്തവ വിശ്വാസത്തെ തുടരെത്തുടരെ അവഹേളിക്കുന്ന ഓൺലൈൻ സ്ട്രീമിങ് സർവീസായ നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം. യേശുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമം ലൈംഗീകപരമായ പരാമർശങ്ങൾ നടത്താൻ ഉപയോഗിച്ച ‘ഇൻസാറ്റിയബിൾ’ എന്ന പരമ്പരയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
‘ഇൻസാറ്റിയബിൾ’ സംപ്രേഷണം ചെയ്യുന്നത് നിർത്തണമെന്നാണ് ക്രൈസ്തവ വിശ്വാസികൾ ഉന്നയിക്കുന്ന ആവശ്യം.  ഇക്കാര്യം ആവശ്യപ്പെട്ട്  രണ്ടരലക്ഷം പേർ ഒപ്പിട്ട ഓൺലൈൻ പരാതി നെറ്റ്ഫ്‌ളിക്‌സിന് കൈമാറിയിട്ടുണ്ട്. സ്വവർഗലൈംഗികത, ഗർഭച്ഛിദ്രം എന്നിങ്ങനെയുള്ള സാമൂഹ്യ തിന്മകളും പ്രോത്സാഹിക്കുന്ന പരമ്പര മുമ്പുതന്നെ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.  കൗമാരപ്രായക്കാരെയാണ് ‘ഇൻസാറ്റിയബിൾ’ പരമ്പര കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്.
ഗർഭച്ഛിദ്രത്തെ പ്രകീർത്തിക്കുന്ന, ദൈവനിന്ദാപരമായ പ്രസ്താവനകൾ ഉൾപ്പെടുത്തിയ ‘ദ ബ്രേക്ക് വിത്ത് മിച്ചൽ വൂൾഫ്’ എന്ന പരമ്പര ‘നെറ്റ്ഫ്‌ളിക്‌സ്’ പ്രക്ഷേപണം ചെയ്തത് ഈയിടെ വിവാദമായിരുന്നു. പരമ്പരയിലെ അവതാരകയായ മിച്ചൽ വൂൾഫ് ഗർഭച്ഛിദ്രത്തെ പ്രകീർത്തിക്കുന്ന പരാമർശങ്ങൾ നടത്തിയതിനെതിരെ  ബാൾട്ടിമോർ ഔർ ലേഡി ഓഫ് വിക്ടറി ദൈവാലയ വികാരി ഫാ. ജോൺ റാപ്പിസാർഡാ രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.
നെറ്റ്ഫ്‌ളിക്‌സ് വരിസംഖ്യാ അംഗത്വം ഉപേക്ഷിക്കുന്നവിവരം കമ്പനി അധികൃതരെ രേഖാമൂലം അറിയിച്ച അദ്ദേഹം, മറ്റുള്ളവരെ വരിസംഖ്യാ അംഗത്വം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുമെന്നും മുന്നറിയിപ്പ നൽകുകയുംചെയ്തു. സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് അധികൃതർ പുനരാലോചന നടത്തുംവരെ അംഗത്വം ഉപേക്ഷിക്കാൻ മറ്റുള്ളവരെയും പ്രേരിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.