സീറോ മലബാർ കൺവെൻഷൻ: രജിസ്‌ട്രേഷൻ കിക്കോഫ് സെപ്തം. 16ന് ഹൂസ്റ്റണിൽ

0
1119

ഹൂസ്റ്റൺ: അമേരിക്കയിലെ സീറോ മലബാർ സമൂഹം കാത്തിരിക്കുന്ന ‘സീറോ മലബാർ നാഷണൽ കൺവെൻഷൻ 2019’ന്റെ (എസ്.എം.എൻ.സി) രജിസ്േ്രടഷൻ കിക്കോഫിന് സെപ്തംബർ 16ന് തുടക്കമാകും. കൺവെൻഷൻ ജനറൽ കൺവീനറും ചിക്കാഗോ സീറോ മലബാർ സഹായമെത്രാനുമായ മാർ ജോയ് ആലപ്പാട്ടാണ് ആതിഥേയരായ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോന ദൈവാലയത്തിൽ നടക്കുന്ന കിക്കോഫിന്റെ ഉദ്ഘാടകൻ. തുടർന്നുള്ള ദിനങ്ങളിൽ വിവിധ ദൈവാലയങ്ങളിൽ കിക്കോഫുകൾ സംഘടിപ്പിക്കും.

ഫൊറോനാ വികാരിയും കൺവെൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, യൂത്ത് കൺവീനർ ഫാ. രാജീവ് വലിയവീട്ടിൽ, കൺവെൻഷൻ ഭാരവാഹികൾ തുടങ്ങിയവർക്കൊപ്പം റീജ്യണിലെയും ഇടവകയിലെയും വിശ്വാസീസമൂഹവും പങ്കെടുക്കും. കൺവെൻഷനായി തയാറാക്കിയിരിക്കുന്ന പ്രത്യക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും.

ഫൊറോനായിൽ നിന്ന് പരമാവധി കുടുംബങ്ങളെ രജിസ്‌ട്രേഷൻ കിക്കോഫിൽ പങ്കെടുപ്പിക്കുമെന്നു കൺവൻഷൻ ചെയർമാൻ അലക്‌സാണ്ടർ കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളത്തിൽ എന്നിവർ പറഞ്ഞു. തുടർന്ന് രൂപതയിലെ മറ്റു ഇടവകകളിലും കൺവൻഷന്റെ കിക്കോഫുകൾ സംഘടിപ്പിക്കും.

ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷന്റെ രജിസ്‌ട്രേഷനിൽ ആകർഷകമായ പാക്കേജുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2019 ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ നടക്കുന്ന കൺവെൻഷനിൽ 5,000ൽപ്പരം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഹിൽട്ടൺ അമേരിക്കാസ് കൺവെൻഷൻ നഗറാണ് വേദി. കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കുമായി സെമിനാറുകൾ ഉൾപ്പെടെ വിവിധ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്താണ് കൺവെൻഷൻ രക്ഷാധികാരി.

മാർട്ടിൻ വിലങ്ങോലിൽ