’40 ഡേയ്‌സ്’ കാംപെയിൻ 415 നഗരങ്ങളിൽ; അത്ഭുതങ്ങൾ പ്രതീക്ഷിച്ച് ടീം പ്രോ ലൈഫ്

0
567
ന്യൂയോർക്ക്: അനേകം ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത സന്നദ്ധസംഘടനയായ ’40 ഡേയ്‌സ് ഫോർ ലൈഫ്’ 415 നഗരങ്ങളിൽ കാംപെയിനുമായ് എത്തുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് അമേരിക്കയിലെ ടീം പ്രോ ലൈഫ്. സെപ്തംബർ 26ന് ആരംഭിച്ച കാംപെയിൻ നവംബർ നാലിനാണ് സമാപിക്കുന്നത്.
ഉപവാസവും പ്രാർത്ഥനയും മുറുകെപ്പിടിച്ച് ഗർഭച്ഛിദ്ര വിരുദ്ധ ബാനറുകളേന്തി ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽ സമാധാനപരമായി നടത്തുന്ന പ്രതിഷേധമാണ് ’40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ പ്രവർത്തന രീതി. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരു
ന്ന ഡേവിഡ് ബെരേറ്റ് 2007ൽ രൂപം കൊടുത്ത മുന്നേറ്റം ഏതാണ്ട് 50 രാജ്യങ്ങളിൽ സജീവമാണിന്ന്. ഏകദേശം ഏഴരലക്ഷം പേർ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുമുണ്ട്.
സംഘടനയുടെ വിവിധ ഇടപെടലുകളെ തുടർന്നു ഇതുവരെ 14,600 ജീവനുകൾ ഭ്രൂണഹത്യയിൽനിന്ന് രക്ഷിക്കാനായി എന്നാണ് കണക്കുകൾ. ഒരു ദശാബ്ദംകൊണ്ട് 96 ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടിക്കാനായി. അതുപോലെ, ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന 178 പേരുടെ മാനസാന്തരത്തിനും പ്രചോദനമായി. അവിടങ്ങളിലെ ജോലിഉപേക്ഷിച്ച അവരെല്ലാം ഇന്ന് ’40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ വക്താക്കളാണ്. ഈ കണക്കുകളാണ്, അമേരിക്കയിലെ പുതിയ കാംപെയിൻ അത്ഭുതം രചിക്കുമെന്ന പ്രതീക്ഷ പകരുന്നത്.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ’40 ഡേയ്‌സ് ഫോർ ലൈഫ്’ ക്യാംപെയിനു കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ടെന്നും കൂടുതൽ ആളുകൾക്ക് പരിശീലനം നൽകാൻ സാധിക്കുന്നുണ്ടെന്നും പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ ഷോൺ കാർണി പറഞ്ഞു. സംഘടനയുടെ സ്ഥാപകൻ ഡേവിഡ് ബെരേറ്റ്, ഇക്കഴിഞ്ഞ ഈസ്റ്റർനാളിൽ പ്രൊട്ടസ്റ്റൻറ് ചിന്താഗതി ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചതും വലിയ വാർത്തയായിരുന്നു.