Follow Us On

28

March

2024

Thursday

ഭാരതസഭയുടെ വിശ്വാസതീക്ഷ്ണത പ്രവാസ മണ്ണിലും വളർത്തണം: ആർച്ച്ബിഷപ്പ് പിയർ

ഭാരതസഭയുടെ വിശ്വാസതീക്ഷ്ണത പ്രവാസ മണ്ണിലും വളർത്തണം: ആർച്ച്ബിഷപ്പ് പിയർ
ഫിലഡൽഫിയ: ഭാരത കത്തോലിക്കാ സഭയുടെ വിശ്വാസതീക്ഷ്ണത പ്രവാസ മണ്ണിലും വളർത്താൻ വിശ്വാസീസമൂഹം പ്രതിജ്ഞാബദ്ധരാവണമെന്ന് പേപ്പൽ നുൺഷ്യോ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയർ ആഹ്വാനം ചെയ്തു. ഫിലാഡൽഫിയാ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷന്റെ (ഐ.എ.സി.എ.) റൂബി ജൂബിലി, ഹെറിറ്റേജ് ഡേ ആഘോഷം എന്നിവയ്ക്ക് തുടക്കംകുറിച്ച് അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും അടിസ്ഥാനമിട്ട ഭാരതസഭയ്ക്ക് ലോകത്തിന് വലിയ സാക്ഷ്യം കൊടുക്കാനാകും. പൂർവീകരിൽനിന്ന് പകർന്നുകിട്ടിയ ധാർമികമൂല്യങ്ങൾ കാത്തുസൂക്ഷിച്ച് പുതു തലമുറയിലേക്ക് പകരുന്നതിലൂടെ വലിയസാക്ഷ്യമാണ് നിങ്ങൾ നിർവഹിക്കുന്നത്. സഹനങ്ങൾ ഏറ്റുവാങ്ങുന്ന സഭയ്ക്കുമാത്രമേ ഉത്തമ സാക്ഷികളായിത്തീരാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിലാഡൽഫിയാ അതിരൂപതാ സഹായമെത്രാനും പ്രവാസി അഭയാർത്ഥി കാര്യാലയത്തിന്റെ ചുമതലക്കാരനുമായ ജോ മക്കിന്റൈർ, കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, നോർത്ത് അമേരിക്കൻ സീറോ മലങ്കര എപ്പാർക്കി അധ്യക്ഷൻ ബിഷപ്പ് മാർ ഫീലിപ്പോസ് സ്റ്റെഫാനോസ് എന്നിവർക്കൊപ്പം നിരവധി വൈദികരും സഹകാർമികരായി. പേപ്പൽ നുൺഷ്യോ ആദ്യമായാണ് ഫിലാഡൽഫിയായിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
അമേരിക്കൻ മലയാളികൾക്ക് വിശിഷ്യാ, മലയാളി കത്തോലിക്കർക്ക് മാതൃകയായി പരിലസിക്കുന്ന ഐ.എ.സി.എ, വിശാല ഫിലാഡൽഫിയ റീജ്യണിലെ കേരളീയ പാരമ്പര്യത്തിലുള്ള കത്തോലിക്കരുടെ കൂട്ടായ്മയാണ്. ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിക്കുന്ന ഹെറിറ്റേജ് ദിനാഘോഷത്തിൽ വിശാലഫിലാഡൽഫിയ റീജിയണിലെ സീറോ മലബാർ, സീറോ മലങ്കര, ക്‌നാനായ, ലത്തീൻ സമൂഹം പങ്കെടുന്നതും ശ്രദ്ധേയമാണ്.
ദൈവാലയങ്കണത്തിൽ എത്തിച്ചേർന്ന വിശിഷ്ടാതിഥികൾക്ക് ഊഷ്മള സ്വീകരണമാണ് വിശ്വാസീസമൂഹം നൽകിയത്. തുടർന്നായിരുന്നു ദിവ്യബലിയർപ്പണം. ജൂബിലി ദമ്പതിമാരെ ആദരിക്കൽ, ഐ.എ.സി.എ. യുവജന വിഭാഗത്തിന്റെ ഉത്ഘാടനം, വിവിധ കലാപരിപാടികൾ എന്നിവയായിരുന്നു ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ മറ്റ് ആകർഷണം. തിരഞ്ഞെടുക്കപ്പെട്ട 24 കുടുംബങ്ങൾക്ക് പേപ്പൽ ബ്ലസിംഗ് ഷീൽഡ് സമ്മാനിക്കുകയും ചെയ്തു.
ഫിലാഡൽഫിയാ അതിരൂപതയിലെ പ്രവാസി- അഭയാർത്ഥി കാര്യാലയം ഡയറക്ടർ മാറ്റ് ഡേവീസും പരിപാടികളിൽ സന്നിഹിതനായിരുന്നു. സംഘടനയുടെ ചെയർമാനും സെന്റ് ജോൺ ന്യൂമാൻ ക്‌നാനായ മിഷൻ ഡയറക്ടറുമായ ഫാ. റെന്നി എബ്രഹാം കാട്ടേൽ, വൈസ് ചെയർമാനും സെന്റ് ജൂഡ് സീറോ മലങ്കര വികാരിയുമായ റവ. ഡോ. സജി മുക്കൂട്ട്, സെന്റ് തോമസ് ദൈവാലയ വികാരി ഫാ. വിനോദ് മ~ത്തിപ്പറമ്പിൽ, ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. ഷാജി സിൽവ എന്നിവർ പ്രസംഗിച്ചു. ചാർലി ചിറയത്ത് (പ്രസിഡന്റ്), ഫിലിപ് ജോ (വൈസ് പ്രസിഡന്റ്), തോമസുകുട്ടി സൈമൺ (ജനറൽ സെക്രട്ടറി), മെർലിൻ അഗസ്റ്റിൻ (ജോയിന്റ് സെക്രട്ടറി), സണ്ണി പടയാറ്റിൽ (ട്രഷറർ), സാമുവേൽ ചാക്കോ (ജോയിന്റ് ട്രഷറർ) എന്നിവർ ഒരുക്കങ്ങൾ ക്രമീകരിച്ചു.
ഉപരിപ~നത്തിനും ഉദ്യോഗത്തിനുമായി 1960- 70 കാലഘട്ടങ്ങളിൽ വിശാല ഫിലാഡൽഫിയാ റീജ്യണിൽ താമസമുറപ്പിച്ച മലയാളി കത്തോലിക്കർ 1978ൽ ഏളിയ ഒരു അൽമായ സംഘടനയായി തുടക്കമിട്ട ഐ.എ.സി.എ ഇന്ന് രണ്ടായിരത്തിൽപ്പരം അംഗങ്ങളുള്ള വലിയ പ്രസ്ഥാനമാണ്. പ്രവാസ ജീവിതത്തിൽ മാതൃഭാഷയിലുള്ള ബലിയർപ്പണത്തിനുള്ള അവസരമോ സ്വന്തം ദൈവാലയങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിശ്വാസികളെ ഒരുമിച്ചു നിലനിർത്താൻ സഹായിച്ച സംരംഭവുമാണിത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?