‘റോക്‌ലാൻഡ് സെന്റ് മേരീസ് യൂത്തി’ന്റെ കൂട്ടയോട്ടം; കേരളത്തിലെത്തും $11,000

0
424
ന്യൂയോർക്ക്: അമേരിക്കയിലെ ജീവകാരുണ്യ സംരംഭങ്ങൾക്കായി ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘ഫൈവ് കെ റണ്ണി’ൽ പങ്കെടുക്കുന്നവർ ഇത്തവണ കേരളത്തിനുവേണ്ടി ഓടിയപ്പോൾ കേരളത്തിലെത്തുന്നത് 11,000 ഡോളർ! റോക്ക്‌ലാൻഡ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിലെ ‘സെന്റ് മേരീസ് യൂത്ത് ലീഗാ’ണ് ‘ഫൈവ് കെ റണ്ണി’ന്റെ സംഘാടകർ. സമാഹരിച്ച തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനും ബ്രസ്റ്റ് കാൻസർ റിസർച്ചിനുമായി കൈ മാറും.
ആറാമത്തെ ‘ഫൈവ് കെ റൺ’ ആയിരുന്നു ഇത്തവണത്തേത്. രജിസ്ട്രേഷൻ വഴിയും സംഭാവന വഴിയും ആറു വർഷത്തിനിടയിൽ 70,000ൽപ്പരം ഡോളർ സമാഹരിക്കാനായിട്ടുണ്ട്. ലഭിക്കുന്ന തുക മുഴുവൻ അമേരിക്കയിലെ ജീവകാരുണ്യ സംരംഭങ്ങൾക്ക് നൽകുകയാണ് പതിവ്. അതിൽനിന്ന് വ്യത്യസ്ഥമായി, കേരളത്തിനുവേണ്ടി തുക സമാഹരിക്കാൻ രംഗത്തിറങ്ങിയ ‘സെന്റ് മേരീസ് യൂത്ത് ലീഗി’ന് വലിയ അഭിനന്ദനമാണ് അമേരിക്കയിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും ലഭിക്കുന്നത്.
യുവജനതയുടെ കരുത്തും കാഴ്ചപ്പാടും തെളിയിച്ച്, റോക്ക്‌ലാൻഡ് സ്‌റ്റേറ്റ് പാർക്കിൽ നടന്ന ‘റണ്ണി’ൽ ഇടവകക്കാരും മുഖ്യധാരയിൽ നിന്നുള്ളവരും ഉൾപ്പെടെ 400ൽപ്പരംപേരാണ് പങ്കെടുത്തത്. രാവിലെ 10.00നായിരുന്നു പരിപാടിയെങ്കിലും 8.00നുതന്നെ പാർക്ക് ഉൽസവ പ്രതീതിയിലായി. കേരളത്തിനുവേണ്ടിയുള്ള ഫണ്ടു ശേഖരണം എന്ന പ്രചാരണം അറിഞ്ഞും നിരവധിപേർ എത്തിയിരുന്നു.
ആൽബർട്ട് ജേക്കബ് അമേരിക്കൻ ദേശീയ ഗാനവും ലിഡ കുര്യക്കോസ്, ഡയാന ജേക്കബ് എന്നിവർ ഇന്ത്യൻ ദേശീയഗാനവും ആലപിച്ചതോടെയാണ് പരിപാടികൾ ആരംഭിച്ചത്. പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്ത സെന്റ് മേരീസ് ഇടവക വികാരി റവ. ഡോ. രാജു വർഗീസ്, ഈ സംരംഭത്തിന് നേതൃത്വം കൊടുത്തവർക്കും പങ്കെടുത്തവർക്കും ആശംസകൾ നേർന്നു. പാർക്കിലെ തടാകത്തിനു ചുറ്റുമുള്ള 3.16മൈൽ ദൂരമാണ് ഓടേണ്ടിയിരുന്നത്.
20 മിനിട്ടു 50 സെക്കൻഡ് കൊണ്ട് ഓടിയെത്തിയ ഹാവർസ്‌റ്റേ സ്വദേശി ജോസഫ് ജോസ്ലിനാണ് ഒന്നാം സ്ഥാനം. പരിപാടിയുടെ ഉദ്ദേശ്യം സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞാണ് പതിവ് ഓട്ടക്കാരനല്ലാത്ത താൻ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 18 മിനിട്ടാണ് നിലവിലെ റിക്കാർഡ്. 22 മിനിട്ടുകൊണ്ട് ഓട്ടം പൂർത്തിയാക്കി രണ്ടാം സ്ഥാനം നേടിയ ബിനു ജേക്കബ്, ബഥനി ഇടവകാംഗമാണ്.
22 മിനിട്ട് 30 സെക്കൻഡ് എടുത്ത 14 വയസുകാരൻ അഗസ്റ്റിൻ കുരിയാത്തനാണ് മൂന്നാം സ്ഥാനം. 27 മിനിട്ട് 15 സെക്കൻഡ് കൊണ്ട് ഓട്ടം പൂർത്തിയാക്കിയ 10 വയസുകാരി മായാ റോസൻബർഗാണ് ആദ്യം ഓടിയെത്തിയ പെൺകുട്ടി. വ്യത്യസ്ഥമായ ഈ സംരംഭത്തിന് നേതൃത്വം വഹിച്ച യുവതലമുറയെ വികാരി റവ. ഡോ. രാജു വർഗീസ്, സെക്രട്ടറി സ്വപ്‌ന ജേക്കബ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.