അമേരിക്കയില്‍ വീണ്ടും ഒരുങ്ങുന്നു ‘വിശുദ്ധസൈന്യം’

ഹാലോവീനെ നേരിടാൻ ഹോളീവിൻ

0
1274

ചിക്കോഗോ: സാത്താൻ ആരാധനയ്ക്ക് സമാനമായ ഹാലോവിൻ ദിനാ ഘോഷത്തിനായി രാജ്യം ഒരുങ്ങവെ, അതിനെ നേരിടാൻ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ‘വിശുദ്ധസൈന്യം’ തയാറെടുക്കുന്നു. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിയാൻ പ്രേരിപ്പിക്കുന്ന ഹാലോവിൻ ആഘോഷത്തിൽനിന്ന് പുതുതലമുറയെ രക്ഷിക്കാൻ നൂറുകണക്കിന് ‘വിശുദ്ധർ’ അണിചേരാനൊരുങ്ങുമ്പോൾ അമേരിക്കയിലെ വ്യത്യസ്ഥമായ ഓൾ സെയിന്റ്‌സ് ഡേ പരിപാടികൾ (ഹോളീവിൻ) ഇത്തവണയും ഗംഭീരമാകും.

വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികൾ അണിനിരക്കുന്ന പരേഡുകളും വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന പരിപാടികളുമാണ് അന്നേദിവസത്തെ സവിശേഷത. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിയാൻ പ്രേരിപ്പിക്കുന്ന ഹാലോവീനിൽനിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള ബദൽ മാർഗമാണ് വിശുദ്ധരുടെ വസ്ത്രങ്ങൾ ധരിച്ച് കുട്ടികളെ അണിനിരത്തുന്ന ഓൾ സെയിന്റ്‌സ് ഡേ പരേഡുകൾ. വിശുദ്ധ അൽഫോൻസ, വിശുദ്ധ അമ്മത്രേസ്യ, വിശുദ്ധകൊച്ചു ത്രേസ്യ എന്നുവേണ്ട ക്രിസ്തുവിനൊപ്പം ജീവിച്ച അപ്പസ്‌തോലന്മാർമുതൽ നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച വാഴ്ത്തപ്പെട്ട മദർ തെരേസയും വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമനുംവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ടാകും.

ഹാലോവിൻ ദിനാഘോഷത്തിൽനിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത മാതൃകകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ യു.എസിലെ മലയാളി കത്തോലിക്കർ തുടക്കംകുറിച്ച ഓൾ സെയിന്റ്‌സ് ദിനാഘോഷം ഓരോ വർഷവും കൂടുതൽ ഇടവകകളിലേക്ക് വ്യാപിക്കുകയാണ്. ഈ അനുകരണീയ മാതൃക ഇതര ക്രൈസ്തവ വിഭാഗങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ഒക്‌ടോബർ അവസാനത്തോടെ മാത്രമേ ആഘോഷങ്ങളുടെ പൂർണമായ ചിത്രം വ്യക്തമാകൂ എങ്കിലും, ഇത്തവണ ഹോളീവിൻ ആഘോഷത്തിൽ പങ്കുചേരാനെത്തുന്ന ദൈവാലയങ്ങളുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ വർദ്ധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അമേരിക്കയിലേക്ക് കുടിയേറിയ എല്ലാ പ്രവാസി സമൂഹങ്ങളെപ്പോലെ മലയാളികളും ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു പതിവ്. എന്നാൽ, ഹാലോവീന് പിന്നിലെ അപകടം മനസിലാക്കി കൊടുക്കാൻ സഹായിക്കുന്ന ഓൾ സെയിന്റ്‌സ് ഡേ പരേഡുകളിലൂടെ ക്രിയാത്മകമായ മാറ്റം പ്രകടമാണ്. പൈശാചിക വേഷങ്ങൾക്ക് പകരം വിശുദ്ധരുടെ വേഷങ്ങൾ ധരിക്കണം എന്നതിനൊപ്പം, ഹോളിവീൻ ആഘോഷവുമായി ബന്ധപ്പെട്ട് വത്തിക്കാൻ നൽകിയ മറ്റ് രണ്ട് മാർഗനിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പൈശാചിക രൂപങ്ങൾ സ്ഥാപിക്കുന്നതിന് പകരം വാതിലുകളിലും ജനലുകളിലും വിളക്കുകൾക്കും വിശുദ്ധരുടെ ചിത്രങ്ങൾക്കും സ്ഥാനം നൽകണം, ഹോളിവീൻ രാത്രിയിൽ കുട്ടികൾ ഭക്തിയിലും ജാഗരണപ്രാർത്ഥനയിലും ചെലവിടണം എന്നിവയാണവ.