‘ഗോ ഫണ്ട് മീ’ നിരസിച്ച് ജസ്റ്റീസ് കാവനാഹ്; യുവജനക്ഷേമത്തിന് ലഭിക്കും $ 611,645

ജൂഡീഷ്യൽ എത്തിക്‌സ് ഉയർത്തിപ്പിടിച്ച് ജസ്റ്റീസ്

0
231

വാഷിംഗ്ടൺ ഡി.സി: വ്യാജ ലൈംഗീക ആരോപണങ്ങൾ ഉയർത്തിയ വിവാദങ്ങളിൽ അഗ്‌നിശുദ്ധിവരുത്തി സുപ്രീം കോടതി ജസ്റ്റിസായി ചുമതലയേറ്റ ബ്രെറ്റ് കാവനാഹ് അമേരിക്കൻ സമൂഹത്തിൽ വീണ്ടും ശ്രദ്ധേകേന്ദ്രമാകുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനുവേണ്ടി ‘ഗോ ഫണ്ട് മീ’ ക്യാംപെയിനിലൂടെ ചിലർ സമാഹരിച്ച ആറ് ലക്ഷത്തിൽപ്പരം ഡോളർ നിരസിച്ച നടപടിയാണ് പുതിയ സംഭവം. ജൂഡിഷ്യൽ എത്തിക്‌സ് ഉയർത്തിപ്പിടിക്കുന്ന പുതിയ അദ്ദേഹത്തിന്റെ തീരുമാനംമൂലം പ്രസ്തുത തുക യുവജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ ഒരുങ്ങുകയാണ് ഫണ്ട് സമാഹരിച്ചവർ.

നോർത്ത് കരോളിൻ സ്വദേശിയായ ജോൺ ഹാക്കിൻസ് ബ്രെറ്റ് കാവനാഹിനുവേണ്ടി ഏകദേശം 13,250 പേരിൽനിന്ന് 611,645 ഡോളറാണ് ‘ഗോ ഫണ്ട് മീ’യിലൂടെ പിരിച്ചത്. പണം ജസ്റ്റീസ് കാവനാഹ് നിരസിച്ചതോടെ, അദ്ദേഹം വ്യാപൃതനായിരുന്ന ചില ജീവകാരുണ്യ പദ്ധതികളെക്കുറിച്ച് ഹാക്കിൻസ് അന്വേഷണം നടത്തുകയായിരുന്നു. അതിനെ തുടർന്നാണ് ‘ദി കത്തോലിക് യൂത്ത് ഓർഗനൈസേഷൻ’, ‘ട്യൂഷൻ അസിസ്റ്റൻസ് ഫണ്ട്’, ‘വിക്‌ടോറിയ യൂത്ത് സെന്റർ’ എന്നിവയ്ക്ക് ഈ തുക കൈമാറാൻ തീരുമാനിച്ചത്. സന്നദ്ധസംഘടനകളെ പിന്തുണയക്കാൻ താൽപ്പര്യമില്ലാത്തവർക്ക് പണം തിരികെ നൽകുമെന്നും ഹാക്കിൻസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് ‘ഗോ ഫണ്ട് മീ’ ക്യാപെയിന്റെ പേജിൽ ഹാക്കിൻസ് ഉൾപ്പെടുത്തിയ കുറിപ്പിലൂടെയാണ് കാവനാഹിന്റെ മാതൃകാപരമായ തീരുമാനം ജനങ്ങളറിഞ്ഞത്. ഫണ്ട് നിരസിക്കപ്പെട്ടതിനെ തുടർന്ന് ജസ്റ്റീസ് പിന്തുണയ്ക്കുന്ന, വാഷിംഗ്ടൺ ഡി.സി അതിരൂപതയുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രസ്ഥാനങ്ങളുമായി ഹാക്കിൻസ് സംസാരിച്ചിരുന്നു വിശിഷ്യാ, ‘ദി കത്തോലിക് യൂത്ത് ഓർഗനൈസേഷനി’ൽ. ബ്രെറ്റ് കാവനാഹ് നിരവധി കുട്ടികളെ ബാസ്‌ക്കറ്റ്‌ബോൾ കോച്ചിംഗ് നടത്തിയിട്ടുണ്ട് അവിടെ. വാഷിംഗ്ടൺ ഡി.സി അതിരൂപതയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതിനെ തുടർന്നാണ് പണം കൈമാറാനുള്ള സംഘടനകളെ തിരഞ്ഞെടുത്തത്.

‘ഗോ ഫണ്ട് മീ ക്യാംപെയിനുവേണ്ടി പണം സ്വരൂപിക്കാൻ ജസ്റ്റിസ് കാവനാഹ് ഒരിക്കലും തന്റെ പേര് ഉപയോഗിച്ചിട്ടില്ല. ജൂഡിഷ്യൽ എത്തിക്‌സ് കാത്തുസൂക്ഷിക്കേണ്ടതിനാൽ അദ്ദേഹം അതിന് മുതിർന്നില്ല എന്നതാണ് സത്യം. മാത്രമല്ല, ഫണ്ട് സമാഹരണ ലക്ഷ്യത്തിനായി തന്റെ പേര് ഉപയോഗിക്കുന്നത് നിർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു,’ ഹാക്കിൻസ് വ്യക്തമാക്കി.

പ്രോ ലൈഫ് നിലപാട് പുലർത്തുന്ന കത്തോലിക്കാ വിശ്വാസികൂടിയായ ജസ്റ്റീസ് കാവനാഹിനെ പ്രസിഡന്റ് ട്രംപ് സുപ്രീം കോടതിയിലേക്ക് നാമനിർദേശം ചെയ്തതോടെ വലിയ ആരോപണങ്ങളാണ് ഗർഭച്ഛിദ്ര ലോബി അദ്ദേഹത്തിനെതിരെ സൃഷ്ടിച്ചത്. ജസ്റ്റീസ് കാവനാഹ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഡെബോറെ റമേറസിന്റെ ആരോപണമായിരുന്നു അതിലൊന്ന്. തൊട്ടുപിന്നാലെ, വർഷങ്ങൾക്കുമുമ്പ് ഒരു സ്‌കൂൾ പാർട്ടിയുടെ സമയത്ത് കാവനാഹ് െൈലംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി ക്രിസ്റ്റിൻ ബ്ലാസേയും രംഗത്തെത്തിയിരുന്നു.എന്നാൽ, അതെല്ലാം കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് സംശയത്തിനിടയില്ലാത്തവിധം തെളിയിച്ചാണ് ജസ്റ്റീസ് കാവനാഹ് സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റത്.