പ്രതിസന്ധികളെ നേരിടാൻ പ്രാർത്ഥന; പേപ്പൽ ധ്യാനഗുരു യു.എസിലേക്ക്

0
396

ചിക്കാഗോ: അമേരിക്കൻ സഭയിലെ ഇന്നത്തെ പ്രതിസന്ധികളെ നേരിടാൻ സഭാപിതാക്കൾ ചിക്കാഗോയിലെ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മൊണ്ടലയിൻ സെമിനാരിയിൽ ഒത്തുചേരുന്നു. 2019 ജനുവരി രണ്ടുമുതൽ എട്ടുവരെ നീളുന്ന ധ്യാനത്തിനും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് പേപ്പൽ ധ്യാനഗുരുവും സുപ്രസിദ്ധ വാഗ്മിയുമായ റവ. ഡോ. റെനേറോ കന്തലമെസ്സെയാണ്.

ലൈംഗിക വിവാദങ്ങൾ, ബിഷപ്പുമാരുടെ രാജിവെക്കൽ, ധാർമിക അപജയങ്ങളെ മറച്ചുപിടിക്കാൻ നടത്തിയ അധാർമിക വഴികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ചകളും പ~ന റിപ്പോർട്ടുകളും നവംബർ 12 മുതൽ 14 വരെ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിൽ സമിതി അവതരിപ്പിക്കുന്ന പ്രബന്ധവും ഇതിൽ നിർണായകമാകും.

സഭയിലെ പ്രതിസന്ധികളെ പ്രാർത്ഥനാപൂർവം നേരിടാനാണ് ഫ്രാൻസിസ് പാപ്പയുടെ നിർദേശം. അതുകൊണ്ടുതന്നെ പാപ്പതന്നെയാണ് പേപ്പൽ ധ്യാനഗുരുവിനെ അമേരിക്കയിലേക്ക് അയക്കുന്നത്. കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഡാനിയേൽ ഡിനാർഡോ വത്തിക്കാനോടുള്ള തങ്ങളുടെ കടപ്പാടും സ്‌നേഹവും പ്രത്യേകം തയാറാക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രതിസന്ധികളിൽ പതറുകയല്ല, പ്രാർത്ഥനാപൂർവം പോരാടുകയാണ് വേണ്ടത് എന്നത് സഭയുടെ എക്കാലത്തേയും മാർഗമാണ്. അമേരിക്കൻ സഭയുടെ ചുവടുവെയ്പ്പ് മറ്റു സഭകൾക്കും മാതൃകാപരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റവ. ഡോ. റോയ് പാലാട്ടി