നിയമയുദ്ധത്തിൽ സാത്താൻ തോറ്റു; ദൈവാശ്രയത്വം ഡോളറിൽ തുടരും

'ഇൻ ഗോഡ് വി ട്രസ്റ്റ്' കറൻസിൽനിന്ന് മാറ്റേണ്ടന്ന് യു.എസ് കോടതി

0
232
BERLIN, GERMANY - AUGUST 14: The writing ' In God we trust ' is seen on a dollar bill on August 14, 2015, in Berlin, Germany. (Photo by Thomas Trutschel/Photothek via Getty Images)

ചിക്കാഗോ: അമേരിക്കൻ ജനതയുടെ ദൈവാശ്രയത്വം വ്യക്തമാക്കുന്ന ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ (ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു) എന്ന ആപ്തവാക്യം ഡോളറിൽനിന്ന് ഒഴിവാക്കണമെന്ന സാത്താന്റെ തുടർച്ചയായ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ‘ദൈവത്തിന്റെ കീഴിൽ ഒരു രാഷ്ട്രം’ എന്ന ദേശീയ പ്രതിജ്ഞയിലെ വാചകം രാഷ്ട്രത്തിന്റെ വിശ്വാസപാരമ്പര്യത്തിന് നൽകുന്ന സമാനമായ ആദരവ് തന്നെയാണ് ഡോളറിലെ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ എന്ന വാചകവും നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി സർക്യൂട്ട് കോടതിയാണ് പരാതി തള്ളിയത്.

ചിക്കാഗോ സ്വദേശി കെന്നത്ത് മയ്‌ലെ എന്ന 36 വയസുകാരനായിരുന്നു പരാതിക്കാരൻ. ദൈവത്തെ തള്ളികളഞ്ഞു സാത്താൻ ആരാധകനാണെന്നു അവകാശപ്പെട്ട കെന്നത്ത് ‘തനിക്ക് അംഗീകരിക്കാൻ പറ്റാത്ത മതപരമായ സന്ദേശം പ്രചരിപ്പിക്കാൻ നിർബന്ധിതനാകുന്നതിനാൽ ഡോളറിലെ മുദ്രാവാക്യം മാറ്റണമെന്നാവശ്യപ്പെട്ട് 2017 മേയിലാണ് കീഴ്‌കോടതിയെ സമീപിച്ചത്. പരാതി കീഴ്‌കോടതി തള്ളിക്കളഞ്ഞതിനെ തുടർന്നു കെന്നത്ത് അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ അവിടെയും പരാജയപ്പെട്ടു.

ഇക്കഴിഞ്ഞ മേയ് 29നും മറ്റൊരു കേസിലും സമാനമായ വിധി കോടതി പുറപ്പെടുവിച്ചിരുന്നു. തങ്ങളുടെ അടിസ്ഥാന വിശ്വാസങ്ങൾക്ക് നിരക്കാത്ത സന്ദേശം സ്വീകരിക്കാൻ ഡോളറിൽ അച്ചടിച്ചിരിക്കുന്ന വാചകം ഇടയാക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം നിരീശ്വരവാദികളാണ് സർക്ക്യൂട്ട് കോടതിയെ സമീപിച്ചത്. എന്നാൽ, കറൻസി എന്നത് ഇടപാടുകൾക്കുമാത്രം ഉപയോഗിക്കാനുള്ളതാണെന്നും വിശ്വാസ പരിവർത്തനത്തിനുള്ളതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പരാതി തള്ളിയത്.

അമേരിക്കയുടെ ഔദ്യോഗിക മുദ്രാവാക്യമായ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ 1864 ൽ നാണയങ്ങളിൽ രേഖപ്പെടുത്തി തുടങ്ങിയെങ്കിലും ഇത് കറൻസിൽ അച്ചടിക്കണമെന്ന നിയമം 1956ലാണ് പ്രാബല്യത്തിൽ വന്നത്. ഏതാണ്ട് അക്കാലംമുതൽതന്നെ നിരീശ്വരവാദികൾ ഇടിനെതിരെ നിയമയുദ്ധം ആരംഭിച്ചെങ്കിലും ഇതുവരെ എല്ലാ പരാതികളും കോടതിയിൽ തള്ളപ്പെടുകയായിരുന്നു. പൊലീസ്, അഗ്‌നിശമന സേന ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളിൽ പതിച്ചിരുന്ന ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ വാചകം ഇടക്കാലത്തുവെച്ച് പലരും ഒഴിവാക്കിയെങ്കിലും ഇപ്പോൾ വീണ്ടും ഇടംപിടിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.