മതസ്വാതന്ത്ര്യത്തിന് പിന്തുണ; തോക്കിന് വീറ്റോ: അഭിനന്ദനം ഏറ്റുവാങ്ങി ഒക്‌ലഹോമ ഗവർണർ

ഗവർണറുടെ തീരുമാനത്തെ അനുകൂലിച്ച്  കത്തോലിക്കാ ബിഷപ്പുമാർ

0
197
ഒക്ലഹോമസിറ്റി: കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന ഏജൻസികളുടെ മതസ്വാതന്ത്യം സംരക്ഷിക്കുന്ന ബില്ലിൽ ഒപ്പുവെച്ചും പെർമിറ്റില്ലാതെ ആർക്കും എവിടെയും തോക്ക് കൊണ്ടുവരുന്നതിനു അനുമതി നൽകുന്ന നിയമം വീറ്റോ ചെയ്തും നന്മയുടെ പക്ഷംചേർന്ന ഒക്‌ലഹോമ ഗവർണർ മേരി ഫാലിന്റെ നടപടി മാതൃകയാണെന്ന് വിശ്വാസീസമൂഹം. തോക്കുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയമങ്ങൾക്കുവേണ്ടി രാജ്യത്താകമാനം മുറവിളി ഉയർന്നുവരുന്നതിനിടെയാണ് ഗവർണർ വീറ്റോ ചെയ്തതെന്നത് പ്രത്യേകം ശ്രദ്ധേയവുമായി. സ്വവർഗ വിവാഹിതരും ഏകാംഗജീവിതക്കാരും കുട്ടികളെ ദത്തെടുക്കുന്നത് നിഷേധിക്കുന്ന നിയമവും ചർച്ചയായിട്ടുണ്ട്.
പെർമിറ്റില്ലാതെ ആർക്കും എവിടെയും തോക്ക് കൊണ്ടുവരുന്നതിനു അനുമതി നൽകുന്ന നിയമം 28ന് എതിരെ 59 വോട്ടുകൾക്കാണ് സഭ പാസാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭ ബിൽ ഗവർണറുടെ അംഗീകാരത്തിന് അയച്ചെങ്കിലും വീറ്റോ ചെയ്തതായി ഗവർണറുടെ ഓഫീസ് അറിയിക്കുകയായിരുന്നു. 21 വയസുള്ളവർക്ക് പെർമിറ്റോടുകൂടി കൺസീൽഡ് ഗൺ ഉപയോഗിക്കുന്നതിനുള്ള ഭരണഘടനാവകാശം നിഷേധിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഗവർണർ, നിലവിലുള്ള നിയമം നിലനിൽക്കുന്നതാണ് ഉചിതമെന്നും കൂട്ടിച്ചേർത്തു.
ലെസ്ബിയൻ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നതിനുള്ള അവകാശം മതവിശ്വാസത്തിന്റെ പേരിൽ നിഷേധിക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശം നൽകുന്ന ബിൽ ഗവർണർ ഒപ്പിട്ട് നിയമമാക്കുകയുംചെയ്തു. സെനറ്റിൽ ഏഴിനെതിരെ 33 വോട്ടുകൾക്കും ജനപ്രതിനിധി സഭയിൽ 21ന് എതിരെ 56 വോട്ടുകൾക്കുമാണ് ബിൽ പാസായത്. ഇത് പൗരാവകാശ ധ്വംസനമാണെന്ന് ഒരുകൂട്ടർ അഭിപ്രായപ്പെട്ടെങ്കിലും കത്തോലിക്കാ ബിഷപ്പുമാർ ഗവർണറുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനയിറക്കി.
‘ഒക്‌ലഹോമിയിലെ മതസ്വാതന്ത്യത്തെ പിന്തുണച്ചതിൽ തങ്ങൾക്ക് ഗവർണർ മേരി ഫാലിനോട് കടപ്പാടുണ്ട്. ഈ പുതിയ നിയമം സംസ്ഥാനത്ത് നിരവധി ദത്തെടുക്കലുകൾക്കിടയാക്കും. കൂടാതെ വിശ്വാസത്തിലധിഷ്~ിതമായ ഏജൻസികൾ ദശാബ്ദങ്ങളായി ചെയ്യുന്ന ഒക്‌ലഹോമയിലെ പാവപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന പാരമ്പര്യത്തെ അത് അനുവദിക്കുകയും ചെയ്യും,’ ഒക്‌ലഹോമ സിറ്റി ആർച്ച്ബിഷപ്പായ പോൾ കോക്ക്‌ലിയും ടുൾസാ ബിഷപ്പ് ഡേവിഡ് കൊണ്ടേർലയും പറഞ്ഞു.
കുട്ടികളെ ദത്തെടുക്കാനുള്ള നിയമത്തിന് മാറ്റംവരാത്ത സാഹചര്യത്തിലും കുടുംബങ്ങൾ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് നിരോധിക്കാത്ത സാഹചര്യത്തിലും പുതിയ ബിൽ ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാകട്ടെയെന്ന് തങ്ങൾ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ബിഷപ്പുമാർ വ്യക്തമാക്കി.