വിശ്വാസംതന്നെ ജീവിതം: മനസുതുറന്ന് ഹോളിവുഡ്‌

0
250

 

‘പോൾ, അപ്പോസൽ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ജിം കവിയേസൽ, ജയിംസ് ഫോക്‌നർ, ആൻഡ്രൂ ഹയാത്ത്, ടി.ജെ ബേർഡൻ, എറിക് ഗ്രോത്ത് എന്നിവർ ‘ശാലോം വേൾഡി’ന് നൽകിയ അഭിമുഖത്തിൽനിന്ന്.

ക്രിസ്തുശിഷ്യർക്കും ആദിമ സഭാംഗങ്ങൾക്കും എതിരെ നീറോ ചക്രവർത്തി അഴിച്ചുവിട്ട മത മർദ്ദന കാലത്തെ വിശുദ്ധ പൗലോസിന്റെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ് ‘പോൾ, അപ്പോസൽ ഓഫ് ക്രൈസ്റ്റ്’. സുവിശേഷം ജീവിക്കാനും പ്രചരിപ്പിക്കാനും മരണഭയമില്ലാതെ ഒരുമ്പെട്ടിറങ്ങിയ ആദിമ ക്രൈസ്തവരുടെ ജീവിതം വരച്ചുകാട്ടുന്ന ഈ സിനിമ, ഒരുസംഘം ‘ആധുനിക’ ക്രൈസ്തവരുടെ വിശ്വാസപ്രഘോഷണത്തിനും കാരണമായി. പ്രമുഖ ഹോളിവുഡ് താരങ്ങളായ ജിം കവിയേസൽ, ജയിംസ് ഫോക്‌നർ, ഫ്രഞ്ച് സിനിമാതാരം ഒലിവർ മാർട്ടിനെസ്, ജൊവാനെ വാല, ജോൺ ലിഞ്ച്, ആൻഡ്രൂ ഹയാത്ത് (സംവിധായകൻ) ടി.ജെ ബേർഡൻ (പ്രൊഡ്യൂസർ), എറിക് ഗ്രോത്ത് (എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ) എന്നിവർ ഇതിൽ ചിലർ മാത്രം.

‘എന്റെ പാദങ്ങളെ നയിക്കുന്ന, എനിക്ക് വഴികാട്ടുന്ന, എനിക്ക് കഴിവുകൾ നൽകിയ സ്വർഗത്തിന്റെ സഹായത്തോടെയാണ് എല്ലാം ചെയ്തത്,’ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റിൽ’ ക്രിസ്തുവായും ‘പോൾ, അപ്പോസൽ ഓഫ് ക്രൈസ്റ്റി’ൽ വിശുദ്ധ ലൂക്കയായും അഭിനയിച്ച ജിം കവിയേസലിനെപ്പോലുള്ള ഒരാൾ ഇപ്രകാരം സാക്ഷിക്കുമ്പോൾ ലഭിക്കുന്ന സ്വീകാര്യതയുടെ വ്യാപ്തി പറയേണ്ടതില്ലല്ലോ. വിശുദ്ധ പൗലോസായി അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് ഫൗൾക്‌നർ പങ്കുവെക്കുന്ന സാക്ഷ്യവും ദൈവിക ഇടപെടലിന്റെ നേർസാക്ഷ്യമാണ്: ‘ഞാൻ അഭിനയിക്കുകയല്ല, അവിടുന്ന് അഭിനയിപ്പിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ പ്രത്യേകതകൾ തിരക്കഥയിലുണ്ടായിരുന്നെങ്കിലും ചിലപ്പോൾ തിരക്കഥയും സംവിധായകന്റെ നിർദേശവും മാറ്റിമറിച്ചതുപോലെ എനിക്കുതോന്നി.’

വിഖ്യാതരായ ഇവരുടെ സാക്ഷ്യങ്ങൾ യുവതലമുറയെ സ്വാധീനിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പ്രസ്തുത വാർത്തകൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ഗംഭീര സ്വീകാര്യത പ്രതീക്ഷകൾക്ക് കരുത്തു പകരുന്നുമുണ്ട്. ‘പോൾ, അപ്പോസൽ ഓഫ് ക്രൈസ്റ്റ്’ രൂപപ്പെട്ടതിനെക്കുറിച്ചും അഭിനനയത്തിനിടയിലെ ദൈവിക ഇടപെടലിനെക്കുറിച്ചുമെല്ലാം ജിം കവിയേസൽ, ജയിംസ് ഫൗൾക്‌നർ, ആൻഡ്രൂ ഹയാത്ത്, ടി.ജെ ബേർഡൻ, എറിക് ഗ്രോത്ത് എന്നിവർ മനസുതുറക്കുന്നു.

വിശുദ്ധ പൗലോസ് ശ്ലീഹ:

യുവതയുടെ മാർഗദർശി

(വിശുദ്ധ ലൂക്കയുടെ വേഷം അഭിനയിച്ച ജിം കവിയേസൽ)

? ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ ക്രിസ്തുവായി വേഷമിട്ട താങ്കൾ, ‘പോൾ, അപ്പോസലി’ൽ യേശുക്രിസ്തുവിന്റെ ജീവിതത്തിനുശേഷം എന്താണ് സംഭവിച്ചതെന്ന് സുവിശേഷത്തിലൂടെ നമ്മോട് പറയുന്ന വിശുദ്ധ ലൂക്കായുടെ വേഷമാണ് അഭിനയിച്ചത്. ഈ വേഷത്തിനുവേണ്ടി ചെയ്ത തയാറെടുപ്പുകൾ

അഭിനേതാവ് എന്ന നിലയിൽ നല്ലൊരു തിരക്കഥയ്ക്കായും വേഷത്തിനായുമാണ് കാത്തിരിക്കുന്നത്. പക്ഷേ, അങ്ങനെയൊന്ന് എനിക്ക് എവിടെയും കാണാൻ കഴിഞ്ഞില്ല. ഒരിക്കൽ, ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി എന്റെ സുഹൃത്തിനൊപ്പം, യഹൂദരെ പീഡിപ്പിക്കുകയും പാർപ്പിക്കുകയും ചെയ്ത ഓഷ്വറ്റ്‌സിലെ തടവറകൾ സന്ദർശിച്ചിരുന്നു. എന്നോടൊപ്പം ഡോക്യുമെന്ററി ചെയ്യാൻ വന്ന ആ സുഹൃത്ത് അധികകാലം കഴിയും മുമ്പ് അസുഖ ബാധിതനായി മരിച്ചു.

എനിക്ക് അദ്ദേഹവുമായി വളരെ ആഴമേറിയ ഒരു പ്രാർത്ഥനാ ബന്ധം ഉണ്ടായിരുന്നു. ഞാനും എന്റെ സുഹൃത്തുമായുള്ള ബന്ധംപോലെ തന്നെയായിരുന്നു വിശുദ്ധ പൗലോസ് ശ്ലീഹായും വിശുദ്ധ ലൂക്കായും തമ്മിലുള്ള ബന്ധം. എന്റെ മരിച്ചുപോയ സുഹൃത്തിനെ തന്നെയാണ് ഈ സിനിമയിലെ പൗലോസ് ശ്ലീഹയിൽ ഞാൻ കണ്ടത്. കാരണം, അവിടെയും ഞങ്ങൾ രണ്ടു പേരും പ്രാർത്ഥനയിലായിരുന്നു. ഇവിടെ ഈ അഭിനയ ജീവിതത്തിലും ഞങ്ങൾ പ്രാർത്ഥനയിലായിരുന്നു.

? വിശുദ്ധ പൗലോസ് ശ്ലീഹായുടെ കാലത്ത് ക്രൈസ്തവർ അനുഭവിച്ച മതമർദനങ്ങളും പീഡനങ്ങളും ഈ ചിത്രത്തിൽ പ്രകടമാണ്. യുവ സഭയ്ക്ക് പീഡനങ്ങൾ എന്താണെന്ന് അറിയില്ല. ആദിമ ക്രൈസ്തവർ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് എന്താണ് പുതിയ തലമുറയോട് പറയാനുള്ളത്

എനിക്കു ജീവിതമെന്നാൽ ക്രിസ്തുവും മരണമെന്നാൽ നേട്ടവുമാണെന്നാണ് ഈ സിനിമയുടെ അവസാനഭാഗത്ത് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത്. ഇപ്പോഴത്തെ ആളുകളെ സംബന്ധിച്ചിടത്തോളം ക്ലേശമെന്നാൽ വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ക്രിസ്തുവിനെ യഥാർത്ഥത്തിൽ മനസിലാക്കാത്തതാണ് അതിന് കാരണം.

വിശുദ്ധ പൗലോസ് ശ്ലീഹായാണ് ഇപ്പോഴത്തെ യുവതലമുറയ്ക്കുള്ള മാർഗദർശി. ഈ ഭൂമിയിൽ വളരെക്കാലം ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ല. ഇവിടെ ഏൽപ്പിക്കപ്പെട്ട ജോലി മനോഹരമായി പൂർത്തിയാക്കണം. അതിനുശേഷം സ്വർഗത്തിൽ സന്തോഷത്തോടെ ജീവിക്കണം. അതെ, മരണമെന്നത് ഉറപ്പാണ്. അത് എന്തായാലും സംഭവിക്കും.

പക്ഷേ, മരണത്തയോ പ്രശ്‌നങ്ങളെയോ അഭിമുഖീകരിക്കുന്ന സമയത്തും നാം തനിച്ചായിരിക്കില്ല. നമ്മോടൊപ്പം എപ്പോഴും ക്രിസ്തുവുണ്ടാകും. ഈ സിനിമ പറയുന്നതും അതുതന്നെയാണ്. എത്ര കൂരിരുട്ട് ഉണ്ടായാലും ഇരുളുമൂടിയ കുഴികളിലാണെങ്കിലും അവിടെയും ക്രിസ്തുവുണ്ടെങ്കിൽ നമുക്ക് പ്രകാശം ദർശിക്കാം.

? വിശുദ്ധ ലൂക്കാ സുവിശേഷകൻ താങ്കളെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ, ജിം എന്ന വ്യക്തിയെയും താങ്കളുടെ അഭിനയത്തെയും താങ്കൾ ചെയ്യുന്ന സുവിശേഷ വേലയെയും കുറിച്ച് അദ്ദേഹം എന്താകും പറയുക

ലോകത്തിന്റെ വഴിയിൽ ചരിക്കുന്ന സമയത്ത് എനിക്കു സന്തോഷം വേണ്ട എന്നാവും പറയുക. കാരണം, സ്ഥിരമായ ഒരു സന്തോഷം നൽകാൻ ലോകത്തിനാകില്ല. ഇപ്പോഴത്തെ വഴിപിഴച്ച തലമുറയിൽനിന്ന് സ്വയം മാറി നിന്ന് നിങ്ങളൊരു വിശുദ്ധ അല്ലെങ്കിൽ വിശുദ്ധനാകാൻ പരിശ്രമിക്കുക. കാരണം ഒഴുക്കിനൊപ്പം നീന്താനല്ല, ഒഴുക്കിനെതിരെ നീന്താനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

? ഒരു അക്രൈസ്തവൻ സിനിമ കാണുകയാണെങ്കിൽ എന്തായിരിക്കും അദ്ദേഹത്തിന് ലഭിക്കുന്ന സന്ദേശം

ഞാൻ ഒരു സുഹൃത്തിനെ ഈ സിനിമ കാണാൻ കൊണ്ടുപോയി വളരെ ആകാംക്ഷയോടെയാണ് അദ്ദേഹം സിനിമ കണ്ടു കൊണ്ടിരുന്നത്. ഞാൻ വിശദീകരിച്ചുകൊടുക്കുന്നതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, അയാൾ തന്റെ ഹൃദയത്തിൽ അതെല്ലാം സംഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖഭാവങ്ങളിൽ വ്യക്തമായിരുന്നു.

ഈ സിനിമയുടെ തിരക്കഥ രചിച്ചയാൾ തീർച്ചയായും പ്രഗത്ഭൻ ആണെന്നായിരുന്നു എന്റെ സുഹൃത്ത് പറഞ്ഞത്. കാരണം, അയാളൊരു തത്ത്വജ്ഞാനിയെ പോലെയാണ് ഈ സിനിമയുടെ സംഭാഷണങ്ങളും തിരക്കഥയും രചിച്ചിരിക്കുന്നത്. എന്താണ് താങ്ങൾക്കങ്ങനെ തോന്നാൻ കാരണമെന്ന് ചോദിച്ചപ്പോൾ, ജീവിതമെന്നാൽ ക്രിസ്തുവും മരണമെന്നാൽ നേട്ടവുമാണെന്ന സംഭാഷണം ഒരു തത്ത്വജ്ഞാനിക്കുമാത്രമേ എഴുതാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ, ഈ വാക്ക് ബൈബിളിലുള്ളതാണെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അതിനു ശേഷം സുഹൃത്ത് എന്നെ വിളിക്കുകയും ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ കാണാൻ താൽപ്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഞാൻ ബൈബിളുമായി ആളുകളെ സമീപിച്ചാൽ അവരത് വായിച്ചെന്ന് വരില്ല. പക്ഷേ, അതൊരു സിനിമയാകുമ്പോൾ ആളുകളിൽ അത് വലിയ മാറ്റമുണ്ടാക്കും.

പ്രഥമം, പ്രധാനം പരസ്‌നേഹം

(വിശുദ്ധ പൗലോസായി അഭിനയിച്ച ജയിംസ് ഫോക്‌നർ)

? ‘ഗെയിം ഓഫ് ത്രോൺസി’ലെ അഭിനയത്തിനു ശേഷം ആദിമ ക്രൈസ്തവരുടെ കഥ പറയുന്ന ‘പോൾ, അപ്പോസലി’ൽ വിശുദ്ധ പൗലോസായി വേഷമിടാനെടുത്ത തയാറെടുപ്പുകളെക്കുറിച്ച്

റാൻഡിൽ ടാർലി എന്ന കഥാപാത്രത്തെയാണ് ‘ഗെയിം ഓഫ് ത്രോൺസി’ൽ ഞാൻ അവതരിപ്പിച്ചത്. റാൻഡിൽ ടാർലിയും വിശുദ്ധ പൗലോസും തമ്മിൽ വലിയ വ്യത്യാസമുണ്ട്. റാൻഡിൽ ടാർലി വളരെ തന്റേടിയും പരുക്കനുമാണ്. അതേസമയം വിശുദ്ധ പൗലോസ് പരുക്കനല്ല. ചില സമയങ്ങളിൽ തമാശയും പറയുന്നുണ്ട് വിശുദ്ധ പൗലോസ്. അങ്ങനെയാണ് ഈ സിനിമയുടെ ആവിഷ്‌കരണം. എനിക്ക് ഈ കഥാപാത്രത്തിനായി ഒരുങ്ങാൻ വലിയ സമയമൊന്നും കിട്ടിയിരുന്നില്ല. പക്ഷെ ഞാൻ പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ വായിച്ചിരുന്നു.

? ഒരിക്കൽ, ക്രിസ്തുവിനെതിരെനിന്ന പൗലോസ് പിന്നീട് ക്രിസ്തുവിനെ പ്രഘോഷിക്കാൻ തുടങ്ങിയപ്പോഴുണ്ടായ വ്യത്യാസം എങ്ങനെയാണ് അഭിനയിച്ച് ഫലിപ്പിച്ചത്

പൗലോസിന് മരണത്തെക്കുറിച്ച് ഭയമുണ്ടായിരുന്നില്ല. മാത്രമല്ല, ഇത് ക്രൈസ്തവർക്കുവേണ്ടി മാത്രമുള്ള ഒരു ചിത്രമാണെന്ന് ഞാൻ കരുതുന്നില്ല. ഇതെല്ലാ മതവിശ്വാസികൾക്കും കാണാവുന്ന ഒരു സിനിമയാണ്.

? വിശുദ്ധ പൗലോസിനെ കുറിച്ച് ഒന്നുമറിയാത്ത ഒരാൾ ‘പോൾ, അപ്പോസൽ’ കാണുമ്പോൾ എന്ത് സ്വാധീനമാണ് അയാളിൽ ഉണ്ടാക്കുക

ഞാൻ ഒരു ആംഗ്ലിക്കൻ സഭാംഗമായിരുന്നു. വലിയ വിശ്വാസിയോ, സ്ഥിരമായി ദൈവാലയത്തിൽ പോകുന്നയാളോ ആയിരുന്നില്ല ഞാൻ. വിശുദ്ധ പൗലോസിന്റെ കഥാപാത്രം അവതരിപ്പിച്ചശേഷം എനിക്ക് വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടണമെന്ന ബോധ്യം ലഭിക്കുന്നുണ്ട്. കൂടെയുള്ളവരോട് കൂടുതൽ കരുണയോടെ പെരുമാറാനും അവരെയെല്ലാവരെയും ഉൾക്കൊള്ളാനുമുള്ള ഒരു മനസ് സിനിമയ്ക്കുശേഷം എനിക്കുണ്ടായി. അതാണ് നമുക്ക് ഈ സിനിമയിൽനിന്ന് ലഭിക്കുന്നത്. ഈ സിനിമ ഓരോരുത്തരും കാണണം. കാരണം, ഇത് ക്രിസ്ത്യാനിക്കോ വിശ്വാസിക്കോവേണ്ടി മാത്രമുള്ളതല്ല. ഈ ചിത്രം സ്‌നേഹത്തെ കുറിച്ചാണ് പറയുന്നത്. എന്തുചെയ്താലും അതിൽ സ്‌നേഹമുണ്ടാകണമെന്നാണ് ഈ ചിത്രം പറഞ്ഞുവെക്കുന്നത്.

? സിനിമയുടെ അവസാനഭാഗത്ത്, താൻ തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചു എന്ന ചിന്തയാണ് പൗലോസ് ശ്ലീഹയ്ക്കുണ്ടാകുന്നത്. ഈ സമയം താങ്കൾക്ക് മനസിലെന്താണ് തോന്നിയത്

പൗലോസ് ശ്ലീഹായുടെ ആ മനോഭാവം തന്നെയാണ് ആ രംഗം അഭിനയിച്ച സമയത്ത് എന്റെ മനസിലൂടെയും കടന്നുപോയത്. അതെങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു രൂപാന്തരീകരണത്തിന്റെ അനുഭവമായിരുന്നു അത്.

? ആദിമ കാലത്തേതു പോലെ ഇന്നും ലോകത്തിന്റെ പലഭാഗത്തും മതമർദനങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിശുദ്ധ പൗലോസിന്റെ വേഷത്തിനായി താങ്കൾ എങ്ങനെയാണ് ഒരുങ്ങിയത്?

സാധാരണ ജീവിതം പോലെതന്നെയാണ് ഞാൻ കാമറയുടെ മുന്നിൽ അഭിനയിക്കുന്നതും. ബൈബിളിലെ പൗലോസ് ശ്ലീഹായുടെ ലേഖനത്തിൽനിന്ന് മതമർദനത്തെ കുറിച്ചും വിശ്വാസത്തിന്റെ പേരിലുള്ള അടിച്ചമർത്തലിനെ കുറിച്ചും നമുക്ക് വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഈ രംഗങ്ങൾ വളരെ സ്വാഭാവികമായി സമ്മർദമില്ലാതെ കാമറയ്ക്ക് മുന്നിൽ അഭിനയിച്ചു ഫലിപ്പിക്കുക എന്നതാണ് ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മതമർദനം എന്ന വിഷയമാണെങ്കിലും അതാരെയും വേദിപ്പിക്കാതെയും ചിത്രത്തിലെ ദൃശ്യങ്ങൾ ഭയാനകമാകാതെയും കാമറയ്ക്കുമുന്നിൽ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു.

പ്രാർത്ഥന ഏറ്റവും വലിയ ശക്തി

(പ്രൊഡ്യൂസർ ടി. ജെ ബേർഡൻ)

? ഈ ചിത്രം ആദിമ ക്രൈസ്തവ സമൂഹത്തിന്റെ പുനരാവിഷ്‌കരണമാണ്. എന്താണ് ഇത്തരമൊരു ചിത്രം എടുക്കാനുണ്ടായ സാഹചര്യം

ദൈവമാതാവിനെ കുറിച്ച് ഞാൻ ചെയ്ത ‘ഫുൾ ഓഫ് ഗ്രേസ്’ എന്ന സിനിമയെ തുടർന്നാണ് ഈ പ്രൊജക്ട് വരുന്നത്. പരിശുദ്ധ അമ്മയെപ്പറ്റിയുള്ള സിനിമയ്ക്കുശേഷം പൗലോസ് ശ്ലീഹായെ കുറിച്ചുള്ള സിനിമ ചെയ്യുന്നതിൽ ഞാൻ അതീവ സന്തോഷവാനായിരുന്നു. പക്ഷേ, പൗലോസ് ശ്ലീഹായുടേത് വളരെ വഴിത്തിരിവുകളുള്ള കഥയാണ്. റോമിലുണ്ടായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവബഹുലമായ കാര്യങ്ങൾ നടക്കുന്നത്.

? വളരെയേറേ പ്രാർത്ഥന ആവശ്യമുള്ളതായിരുന്നു ഈ സിനിമ. കാരണം ഈ സിനിമയിലൂടെ സുവിശേഷവത്ക്കരണവും നടക്കുന്നുണ്ട്. എങ്ങനെയാണ് പ്രാർത്ഥനയിൽ ഒരുങ്ങിയത്

സിനിമയുടെ അവസാനം എൻഡ് ക്രെഡിറ്റ്‌സിന് താഴെ നമുക്കായി പ്രാർത്ഥിച്ച ടീമിന്റെ പേരു മുഴുവൻവെച്ചിട്ടുണ്ട്. അവരായിരുന്നു ഏറ്റവും വലിയ ശക്തി. ചിത്രീകരണത്തിന്റെ തിരക്കിനിടയിലും പ്രാർത്ഥനയായിരുന്നു ആശ്രയം.

? ഈ സിനിമ വിശ്വാസികൾക്കിടയിൽ വലിയൊരു ഉണർവിന് കാരണമാകുമെന്ന് ചിത്രീകരണസമയത്ത് കരുതിയിരുന്നോ

ഈ സിനിമയിൽ സ്‌നാപകയോഹന്നാന്റെ ശിരസ് അറുക്കുന്നതുൾപ്പെടെയുള്ള രംഗങ്ങളുണ്ട്. പക്ഷേ, കുട്ടികൾക്കുപോലും കാണാനാകുന്ന രീതിയിലാണ് അതിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അതിന്റെ സ്വാഭാവികത നിലനിർത്തുമ്പോൾ തന്നെ കാണികളെ ഭയപ്പെടുത്തുന്ന രീതിയിൽ ആ ദൃശ്യങ്ങളുടെ ഭീകരത ചിത്രീകരിച്ചിട്ടില്ല.

ദൈവാനുഗ്രഹം ആർജിക്കണം

(എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ എറിക് ഗ്രോത്ത്)

? വിശുദ്ധ പൗലോസിന്റെ ജീവിതം സിനിമയാക്കാൻ കാരണം

പൗലോസ് ശ്ലീഹായുടെ ജീവിതം ഇതുവരെ ആരും സിനിമയാക്കിട്ടില്ല. അദ്ദേഹത്തിന്റെ മാനസാന്തരംതന്നെ നമ്മെ അതിശയിപ്പിക്കുന്നു. ക്രിസ്ത്യാനികളെ കൊല്ലുന്ന ഒരു വ്യക്തിയിൽനിന്ന് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഒരു വ്യക്തിയിലേക്കുള്ള മാറ്റം അത്ഭുതാവഹമാണ്. ദൈവാനുഗ്രഹമില്ലാതെ പൗലോസ് ശ്ലീഹാ എന്ന വ്യക്തിക്ക് ഒന്നും ചെയ്യാനാകില്ല.

ദൈവപിതാവിന്റെ ഉപകരണമാകാം

(സംവിധായകൻ ആൻഡ്രൂ ഹയാത്ത്)

? ഈ സിനിമ ആദിമസഭയുടെ സൗന്ദര്യം വ്യക്തമാക്കുന്ന ഒന്നാണ്. അവരുടെ വിശ്വാസ തീക്ഷ്ണതയും അവർ നേരിട്ട പീഡനങ്ങളും ഈ സിനിമയിലുണ്ട്. താങ്കൾ ഈ സിനിമ ചെയ്യാൻ കാരണം

പൗലോസിന്റെ കഥയ്ക്ക് എന്റെ ജീവിതവുമായി സാമ്യമുണ്ട്. കാരണം, ആദ്യം ക്രിസ്തീയ വിശ്വാസിയായിരുന്നുവെങ്കിലും കോളജ് കാലത്ത് എന്റെ ജീവിതം മാറി. വഴിതെറ്റി ഞാൻ പല സാഹചര്യങ്ങളിലൂടെയും പോയി. ഇങ്ങനെയൊക്കെ ജീവിച്ചാൽ എന്താണ് കുഴപ്പം, വിശ്വാസം എന്നത് പ്രായമായവർക്കുള്ളതല്ലേ എന്നെല്ലാം ഞാൻ സ്വയം ചോദിച്ചു. തുടർന്ന് ഇങ്ങനെയൊക്ക ജീവിച്ചാൽ മതി എന്ന ധാരയിൽ കോളജ് ജീവിതം തുടർന്നു.

ഏഴുവർഷം ഞാൻ അങ്ങനെതന്നെയാണ് ജീവിച്ചത്. അതിനിടയിൽ പൗലോസ് ശ്ലീഹായ്ക്ക് ഉണ്ടായ ദമാസ്‌ക്കസ് അനുഭവംപോലുള്ള ഒരനുഭവം എനിക്കുമുണ്ടായി. ഞാൻ വീണ്ടും വിശ്വാസത്തിലേക്ക് തിരിച്ചുവന്നു. പൗലോസ് ശ്ലീഹായുടെ ആ അനുഭവം എനിക്ക് വലിയ പ്രചോദനവും പ്രോത്സാഹനവുമാണ്. പൗലോസിനെ പോലെയുള്ള ഒരു വ്യക്തിയെ ദൈവത്തിന് ഉപയോഗിക്കാനാകുമെങ്കിൽ തീർച്ചയായും എന്നെയും ഉപയോഗിക്കാനാകും.