സ്‌നേഹം കൊണ്ട് അമ്മ ചേര്‍ത്തണച്ചത്‌

0
1241
V. J. Kurian

ചെറുപ്പം മുതലേ ഞാന്‍ പരിശുദ്ധ മാതാവിന്റെ ഭക്തനാണ്. എന്റെ അമ്മയാണ് പരിശുദ്ധ കന്യകാമാതാവിനോടുള്ള ഭക്തി എന്നില്‍ വളര്‍ത്തിയത്. പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട ലൂര്‍ദ്, ഫാത്തിമ, ഗ്വാഡലൂപ്പെ തുടങ്ങിയ സ്ഥലങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലൂര്‍ദില്‍ നാലുപ്രാവശ്യവും ഫാത്തിമയില്‍ രണ്ടു തവണയും പോയി. താന്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലേക്ക് പരിശുദ്ധ മാതാവ് എന്നെ മാടിവിളിച്ചതായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്.

ലൂര്‍ദില്‍ ഒരു ടാങ്കില്‍ മുങ്ങിക്കുളിക്കുന്ന നേര്‍ച്ചയുണ്ട്. ആ ടാങ്കില്‍ കുളിച്ചതിനുശേഷം എന്റെ കൈവിരലിലുണ്ടായിരുന്ന ത്വക് രോഗം പൂര്‍ണമായും സുഖപ്പെട്ടു. രാവിലെ ‘പരിശുദ്ധ കന്യകേ’ എന്ന പ്രാര്‍ത്ഥന ചൊല്ലിയാണ് ദിവസം ആരംഭിക്കുന്നത്. രാത്രി ഉറങ്ങുന്നതും ഈ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ്. ആറുവയസ് മുതല്‍ ഇന്നുവരെ ഈ പ്രാര്‍ത്ഥന ചൊല്ലുന്നതിന് മുടക്കം വരുത്തിയിട്ടില്ല. ജീവിതത്തിലുടനീളം പരിശുദ്ധ മാതാവിന്റെ സംരക്ഷണം ഞാന്‍ അനുഭവിക്കുന്നു. പരിശുദ്ധ അമ്മ യോഹന്നാന്‍ ശ്ലീഹായ്‌ക്കൊപ്പം അവസാനം താമസിച്ചിരുന്ന ടര്‍ക്കിയിലെ എഫേസൂസ് സന്ദര്‍ശിക്കാനിടയായതും ദൈവപരിപാലനയെന്ന് പറയാം.

സ്‌പൈസസ് ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇസ്താംബുളിലെത്തിയതായിരുന്നു ഞാന്‍. അവിടെ വച്ചൊരാള്‍ എന്നോട് കന്യകാമാതാവ് അവസാനം താമസിച്ച സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്നറിയിച്ചപ്പോള്‍ അദ്ദേഹം എനിക്ക് ടിക്കറ്റ് എടുത്തുതന്നു. വിമാനത്താവളത്തില്‍നിന്ന് കാറില്‍ എന്നെ കൂട്ടിക്കൊണ്ടുപോവുകയും പരിശുദ്ധ അമ്മ അവസാനം ചെലവഴിച്ച ഭവനം കാണിച്ചു തരികയും ചെയ്തു. തുടര്‍ന്ന് എന്നെ തിരികെ വിമാനത്താവളത്തിലെത്തിച്ചു.

വിഷമഘട്ടങ്ങളില്‍ പരിശുദ്ധ അമ്മയോട് മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുന്ന നിയോഗങ്ങളില്‍ ഒന്നുപോലും ഇതുവരെ നടക്കാതിരുന്നിട്ടില്ല. സിയാലിന്റെ നിര്‍മാണത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമായിരുന്നു എറ്റവും വലിയ ശക്തി. 825 വീടുകള്‍ പൊളിക്കുമ്പോഴും ആയിരത്തിലേറെ ഏക്കര്‍ സ്ഥലമേറ്റെടുത്തപ്പോഴും പരിശുദ്ധ അമ്മയുടെ കരുതല്‍ പ്രകടമായിരുന്നു. എയര്‍പോര്‍ട്ട് തുടങ്ങാന്‍ പണമില്ലാത്ത അവസ്ഥയില്‍ നിന്ന് പതിനായിരത്തിലധികം പേര്‍ ജോലി ചെയ്യുന്ന വലിയ സ്ഥാപനമായി സിയാല്‍ മാറിയതിന് പിന്നിലും പരിശുദ്ധ അമ്മയുടെ സംരക്ഷണം മാത്രമായിരുന്നു.
പരിശുദ്ധ അമ്മക്ക് നന്ദി!

വി.ജെ. കുര്യന്‍
(മാനേജിങ്ങ് ഡയറക്ടര്‍, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്)