ഒപ്പം ഞാനുമുണ്ട്; കേരളജനതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ സാന്ത്വനം

രാജ്യാന്തര സഹായം ലഭ്യമാക്കണമെന്നും പാപ്പ

0
8820

വത്തിക്കാൻ സിറ്റി: പ്രളയ ദുരന്തത്തിലൂടെ കടന്നുപോകുന്ന കേരള ജനതക്ക് ഫ്രാൻസിസ് പാപ്പയുടെ സാന്ത്വനം. ദുരിതത്തെ നേരിടാൻ മുമ്പിൽ നിൽക്കുന്ന കേരളത്തിലെ സഭയോടൊപ്പം താനുമുണ്ടെന്ന് അറിയിച്ച പാപ്പ, കേരളത്തെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയുംചെയ്തു. വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെയാണ് ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിലെ ജനങ്ങൾക്ക് പാപ്പ പിന്തുണ അറിയിച്ചത്.

ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയുടെ കെടുതിയിലാണ് കേരളത്തിലെ ജനങ്ങൾ. മഴ കാരണമാക്കിയ വെല്ലപ്പൊക്കവും ഉരുൾപൊട്ടലും മണ്ണൊലിപ്പും വൻ ജീവനഷ്ടം വരുത്തിയിട്ടുണ്ട്. ധാരാളം പേരെ കാണാതായിട്ടുണ്ട്. അതിലേറെപ്പേർ ഒറ്റപ്പെട്ട അപകടാവസ്ഥയിൽ ഇനിയും നാടിന്റെ പലഭാഗത്തും കഴിയുന്നുണ്ട്. ആയിരങ്ങളാണ് ക്യാംപുകളിൽ വസിക്കുന്നത്. പേമാരി വിതച്ച വിളനാശവും വീടുകളുടെ നഷ്ടവും ഭയാനകമാണ്.

ദുരന്തങ്ങൾക്കുമധ്യേ വേദനിക്കുന്ന കേരളമക്കളെ മുൻനിരയിൽനിന്നു സഹായിക്കുന്ന സർക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധസംഘടകളുടെയുംകൂടെ താനുമുണ്ട്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, ഈ കെടുതിയിൽ വേദനിക്കുന്ന സകലർക്കുവേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുന്നു എന്ന വാക്കുകളോടെയാണ് പാപ്പ വാക്കുകൾ ചുരുക്കിയത്.

രണ്ടു നിമിഷം എല്ലാവരും പാപ്പായ്‌ക്കൊപ്പം നമ്രശിരസ്‌ക്കരായി നിന്നു പ്രാർത്ഥിച്ചു. തുടർന്ന് നന്മനിറഞ്ഞ മറിയമേ, എന്ന പ്രാർത്ഥന പാപ്പാ തുടങ്ങിയപ്പോൾ ചത്വരത്തിൽ സമ്മേളിച്ച ആയിരങ്ങൾ അതേറ്റുചൊല്ലി കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു. പാപ്പയുടെ സന്ദേശത്തിന്റെ സമയത്ത് കേരളത്തിന്റെ കെടുതി വിവരിക്കുന്ന ബാനറുമായി നിരവധി വിശ്വാസികൾ വത്തിക്കാനിൽ ഉണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്.