ക്രൈസ്തവനായിരിക്കുക എന്നാൽ വിശുദ്ധനായിരിക്കുക: ഫ്രാൻസിസ് പാപ്പ

0
252

വത്തിക്കാൻ: ക്രൈസ്തവനായിരിക്കുക എന്ന വിളിയുടെ അർത്ഥം വിശുദ്ധനായിരിക്കുക എന്നതുതന്നെയാണെന്ന് ഫ്രാൻസിസ് പാപ്പ. ഇന്ന് രാവിലെ സാന്താമാർത്തായിലർപ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

“അസാധാരണത്വവും ദർശനങ്ങളും ഉയർന്ന പ്രാർഥനാരീതികളും ഉള്ള അവസ്ഥയായാണ് പലപ്പോഴും നാം വിശുദ്ധിയെ കാണുന്നത്. വിശുദ്ധരായിരിക്കുക എന്നത് മറ്റൊരു കാര്യമാണ്. കർത്താവു നമ്മോടു വിശുദ്ധിയെക്കുറിച്ചു പറഞ്ഞിട്ടുള്ള വഴിയിലൂടെ നടക്കുക എന്നതാണത്. വിശുദ്ധിയിൽ മുന്നേറുന്നത് പ്രകാശത്തിലേയ്ക്കും കൃപയിലേക്കും പ്രത്യാശയിലേക്കുമുള്ള നടത്തമാണ്. യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനായുള്ള നമ്മുടെ പുറപ്പാടാണത്. പലപ്പോഴും മുമ്പിൽ നിന്നുവരുന്ന ആ പ്രകാശം നമ്മുടെ കണ്ണുകളിൽ പതിക്കുന്നതിനാൽ വഴി വ്യക്തമാകണമെന്നില്ല. പക്ഷേ, ആ പ്രകാശം മുമ്പിലുണ്ടെന്നതിനാൽ വഴി തെറ്റുകയില്ല. എന്നാൽ പ്രകാശത്തിനു പിന്തിരിഞ്ഞു നടന്നാൽ നമ്മുടെ നിഴൽ വഴിയിൽ വീഴും”; പാപ്പ പറഞ്ഞു.

“ലോകത്തിന്റെ മാതൃകയ്‌ക്കൊത്തു നാം തിരിഞ്ഞുനടക്കരുത്. വിശുദ്ധിയിലേയ്ക്കുള്ള വഴിയിൽ നാം സ്വതന്ത്രരും സ്വാതന്ത്ര്യാനുഭവമുള്ളവരുമാകണം. മരുഭൂമിയിൽ ഇസ്രായേൽജനം ഈജിപ്തിലെ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് ഓർത്തതുപോലെ, പ്രയാസകാലങ്ങളിൽ നാം നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു ഗൗനിക്കാതെ അടിമത്തത്തിൻറെ മേശയിലെ ഇഷ്ടവിഭവങ്ങളെ ചിന്തിച്ചു പോകുന്നു. സ്വാതന്ത്ര്യമില്ലാതെ നമുക്കു വിശുദ്ധരാകാൻ സാധിക്കുകയില്ല. ലോകത്തിന്റെ പദ്ധതികൾ നമുക്കെല്ലാം വാഗ്ദാനം ചെയ്യുമെങ്കിലും അവയ്ക്ക് ഒന്നും തരാനാകില്ല എന്നതാണു സത്യം”; പാപ്പ പറഞ്ഞു.