ഡോക്ടർമാർ ജീവന്റെ പ്രയോക്താക്കളാകണം: ഫ്രാൻസിസ് പാപ്പ

0
96

വത്തിക്കാൻ: ഡോക്ടർമാർ ജീവന്റെ പ്രയോക്താക്കളാകണമെന്നും കത്തോലിക്കാ ഡോക്ടർമാരുടെ ജോലി മാനുഷിക ഐക്യദാർഢ്യവും ക്രൈസ്തവ സാക്ഷ്യവും ഉൾച്ചേർന്നതായിരിക്കണമെന്നും ഫ്രാൻസിസ് പാപ്പ. കത്തോലിക്കാ ഡോകർമാരുടെ രാജ്യാന്തര പ്രതിനിധികളുമായി കഴിഞ്ഞദിവസം വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

ഡോക്ടർ-രോഗീ ബന്ധത്തിൽ ശുശ്രൂഷയുടെ ഭാവമുണ്ടെങ്കിൽ മാത്രമേ പാർശ്വവത്ക്കരിക്കപ്പെട്ടവരും പാവങ്ങളുമായ ബഹുഭൂരിപക്ഷം ജനതയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാവൂ. മനുഷ്യാന്തസ്സിനും മനുഷ്യവ്യക്തിയുടെ സമുന്നത സ്ഥാനത്തിനും യോജിച്ച രീതിയിൽ രോഗികളെ പരിചരിക്കാൻ രോഗീപരിചാരികർ മറ്റുള്ളവരുമായി കൈകോർത്തു പ്രവർത്തിക്കണം. പാപ്പ പറഞ്ഞു.

ജീവനും അതിന്റെ സംരക്ഷണത്തിനും പരിചരണത്തിനുംവേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ് സഭ. ജീവൻ അതിൻറെ ദുർബലവും പ്രതിരോധശേഷിയില്ലാത്തതുമായ രോഗാവസ്ഥയിലോ പ്രായത്തിലോ എത്തിയാലും വൈദ്യശാസ്ത്രത്തിന്റെ നിലപാടുകൾ ജീവന് എതിരാകാൻ പാടില്ല. സഭയുടെ പ്രബോധനങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്ന കത്തോലിക്ക ശാരീരികശാസ്ത്രവും ചികിത്സയുടെയും രോഗീപരിചരണത്തിൻറെയും ധാർമ്മിക മാനവും എന്നും എവിടെയും ചികിത്സയിൽ ഏർപ്പെടുന്നവർ കാത്തുപാലിക്കണം. ജീവൻ അതിൻറെ ലോലമായ ഗർഭധാരണത്തിൻറെ ഘട്ടം മുതൽ സ്വാഭാവികമായ അന്ത്യഘട്ടംവരെ പരിചരിക്കപ്പെടണം. മനുഷ്യാസ്തിത്വത്തിൻറെ മേന്മ, രോഗിയുടെ ദുർബലാവസ്ഥയോടുള്ള ആദരവ്, ഔഷധങ്ങളുടെ സമ്പൂർണ്ണ സാമൂഹികമാനം എന്നിവ ഗൗനിക്കുന്നതായിരിക്കണം ചികിത്സാക്രമങ്ങൾ. പാപ്പ വ്യക്തമാക്കി.