സന്തോഷം സമാധാനത്തിൽ അധിഷ്ഠിതം: ഫ്രാൻസിസ് പാപ്പ

0
200

വത്തിക്കാൻ: സന്തോഷം സമാധാനത്തിൽ അധിഷ്ഠിതവുമാണെന്നും യഥാർത്ഥ സന്തോഷത്തിൽ സമാശ്വാസം കണ്ടെത്തണമെന്നും ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ സാന്താമാർത്തിയിലെ ദിവ്യബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

“സന്തോഷം ക്രൈസ്തവൻറെ നിശ്വാസമാണ്. എന്നാൽ അത് ഇന്നിൻറെ സംസ്‌ക്കാരം തരുന്ന ആർഭാടങ്ങളുടെയും ഉല്ലാസത്തിൻറെയും തിമിർപ്പല്ല. നല്ല ക്രൈസ്തവൻ ദുഃഖത്തിൻറെ നിഴലിൽ ജീവിക്കില്ല. ഹൃദയത്തിൽ സന്തോഷമില്ലാത്തൊരാൾക്ക് ക്രൈസ്തവനായിരിക്കുക സാദ്ധ്യമല്ല. സന്തോഷം ക്രൈസ്തവൻറെ ജീവനിശ്വാസവും, ആത്മീയജീവന്റെ അടയാളവുമാണ്. സന്തോഷം നമുക്ക് വാങ്ങാനാവില്ല. അതു നാം ആർജ്ജിച്ചെടുക്കുന്നതാണ്. അത് ദൈവാരൂപിയുടെ ദാനമാണ്. പരിശുദ്ധാത്മാവാണ് ഹൃദയത്തിൽ സന്തോഷം വളർത്തുന്നതാണ്”; പാപ്പ പറഞ്ഞു

“ഓർമ്മയാകുന്ന അടത്തറയിലാണ് സന്തോഷം നാം കെട്ടിപ്പടുക്കേണ്ടത്. ദൈവം തന്ന നന്മകൾ ജീവിതത്തിൽ മറക്കാനാവില്ല. നന്മകളുടെ ഓർമ്മ നമ്മെ പുനർജീവിപ്പിക്കുന്നു. ഒപ്പം അത് നമുക്ക് ദൈവിക ഐക്യത്തിനുള്ള പ്രത്യാശയും പകരുന്നു. അപ്പോൾ ഓർമ്മയും പ്രത്യാശയുമാണ് ക്രൈസ്തവ ജീവിതത്തിൽ സന്തോഷത്തിനുള്ള സൂക്തങ്ങൾ. എന്നാൽ അത് പൊള്ളയോ നൈമിഷികമോ ആയ സന്തോഷമല്ല, മറിച്ച് സമാധാനത്തിൽനിന്നും ഉതിരുന്ന ആനന്ദമാണ്. ആനന്ദം അട്ടഹസിക്കുന്നതിലല്ല! പൊള്ളയായ ചിരിയുമല്ലത്. സമാധാനത്തിൽനിന്നും ഉതിർക്കൊള്ളുന്നതാണ്. ഹൃദയത്തിലെ സമാധാനം ദൈവം തരുന്നതാണ്. അതിൽനിന്നാണ് ആനന്ദം ഉതിരുന്നത്. അതിനാൽ യഥാർത്ഥമായ ആനന്ദം സമാധാനത്തിൽനിന്നും ഉതിർക്കൊള്ളുന്നു”; പാപ്പ വ്യക്തമാക്കി.

“ഇന്ന് താല്ക്കാലിക സന്തോഷം തരുന്ന കാര്യങ്ങളിലാണ് മനുഷ്യൻറെ ശ്രദ്ധ. എന്നാൽ അതിൽ മനുഷ്യൻ പൂർണ്ണമായ സംതൃപ്തി കണ്ടെത്തുന്നുമില്ല. യഥാർത്ഥ സന്തോഷം നമുക്ക് വാങ്ങാനാകില്ല. അത് പരിശുദ്ധാത്മാവ് തരുന്നതാണ്. അത് ജീവിതത്തിൻറെ സുഖദുഃഖങ്ങളിലും കഷ്ടനഷ്ടങ്ങളിലും ഒരുപോലെ ഹൃദയത്തിൽ സ്പന്ദിക്കുന്നു! കാരണം അത് ദൈവരൂപിയുടെ ദാനമാണ്. സുരക്ഷയ്ക്കും സ്വരക്ഷയ്ക്കുംവേണ്ടി നാം അസ്വസ്ഥരാകുന്നു. ധനത്തിൻറെയും സുഖത്തിൻറെയും സുരക്ഷയാണ് നമ്മെ അസ്വസ്ഥരാക്കുന്നത്. ധനികനായ യുവിവിൻറെ അസ്വസ്ഥത ധനത്തെയും സുഖലോലുപതയെയും കേന്ദ്രീകരിച്ചുള്ള ഹൃദയചാഞ്ചല്യമായിരുന്നു. അതുകൊണ്ട് അയാൾ സന്തോഷമില്ലാതെ, ദുഃഖിതനായി മടങ്ങിപ്പോയെന്നു സുവിശേഷത്തിൽ വായിക്കുന്നു. തൻറെ സ്വത്ത് ഉപേക്ഷിച്ചാൽ സന്തോഷം നഷ്ടമാകുമെന്ന് അയാൾ വിചാരിച്ചു. എന്നാൽ സമാധാനത്തിൽനിന്നും ലഭിക്കുന്ന സന്തോഷവും സമാശ്വാസവുമാണ് യഥാർത്ഥ സമ്പത്ത്”; പാപ്പ വിശദീകരിച്ചു.