വധശിക്ഷ: മതബോധനത്തിൽ സുപ്രധാന മാറ്റം; എടുത്തുമാറ്റിയത് ‘കറുത്ത പൊട്ട്’

വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്ന് പുതിയ മതബോധനം

0
806

വത്തിക്കാൻ സിറ്റി: സാഹചര്യം ഏതായാലും വധശിക്ഷ അംഗീകരിക്കാനാവില്ലന്ന സുപ്രധാന തിരുത്തുമായി കത്തോലിക്കാ സഭയുടെ മതബോധനം. ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം ഈ തിരുത്ത് സഭയുടെ മതബോധനഗ്രന്ഥത്തിൽ (കാറ്റിക്കിസം ഓഫ് കാത്തലിക് ചർച്ച്^ സി.സി.സി) വരുത്തിട്ടുമുണ്ട്. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നായിരുന്നു മതബോധനഗ്രന്ഥത്തിലെ വിവക്ഷ. വധശിക്ഷയ്‌ക്കെതിരെ അന്താരാഷ്ട്രവേദികളിൽ വത്തിക്കാൻ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നപ്പോൾതന്നെ, ചില സാഹചര്യങ്ങളിൽ വധശിക്ഷ ആവാം എന്ന മതബോധനഗ്രന്ഥ ഭാഗം വൈരുദ്ധ്യമായിരുന്നു. ‘കറുത്ത പൊട്ടായി’രുന്ന ഈ ഭാഗമാണ് ഇപ്പോൾ എടുത്തുമാറ്റിയിരിക്കുന്നത്.

‘കുറ്റവാളിയുടെ അനന്യത പൂർണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽനിന്ന് ഫലപ്രദമായി സംരക്ഷിക്കാൻ വധശിക്ഷ മാത്രമാണ് ഏക മാർഗമെങ്കിൽ അത് നടപ്പാക്കുന്നത് സഭയുടെ പരമ്പരാഗത പ~നം തടയുന്നില്ല,’ എന്ന മതബോധനഗ്രന്ഥ ഭാഗമാണ് (സി.സി.സി 2267) തിരുത്തിയെഴുതിയത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായാണ് സുവിശേഷത്തിന്റെ വെളിച്ചത്തിൽ സഭ വധശിക്ഷയെ കാണുന്നതെന്ന് പുതിയ പ്രബോധനം വ്യക്തമാക്കുന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാൻ സഭ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുമെന്നും പ്രബോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ മേയിൽ മാറ്റം വരുത്തിയിരുന്നെങ്കിലും ആഗസ്റ്റ് ഒന്നിനാണ് ഇക്കാര്യം വിശ്വാസതിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് ഫ്രാൻസിസ്‌കോ പരസ്യപ്പെടുത്തിയത്.