ഡബ്ല്യു.എം.ഒ.എഫ്: കുടുംബങ്ങൾക്കുള്ള പ്രാധാന്യം പാപ്പ ചൂണ്ടിക്കാട്ടുമെന്ന് കർദിനാൾ പരോളിൻ

റോയൽ ഡബ്ലിൻ സൊസൈറ്റിയിൽ പാസ്റ്ററൽ കോൺഗ്രസ് പുരോഗമിക്കുന്നു; ക്ലാസുകൾ, ചർച്ചകൾ, പ്രദർശനങ്ങൾ, തുടങ്ങിയവ പ്രധാന പരിപാടികൾ

0
1781

വത്തിക്കാൻ സിറ്റി: ലോക കുടുംബസംഗമത്തിൽ പങ്കെടുക്കുന്ന പാപ്പ ഏറ്റവും കൂടുതൽ ഊന്നിപ്പറയുന്നത്, സമൂഹത്തിലും സഭയിലും കുടുംബങ്ങൾക്കുള്ള പ്രത്യേക സ്ഥാനത്തെ കുറിച്ചായിരിക്കുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. വത്തിക്കാൻറെ വാർത്താവിഭാഗത്തിനു നൽകിയ അഭിമുഖത്തിലാണ് കർദിനാൾ ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ് 25, 26 തിയതികളിൽ നടക്കുന്ന അയർലൻഡ് സന്ദർശനത്തിൽ ഫ്രാൻസിസ് പാപ്പയെ അനുഗമിക്കുന്നവരുടെ കൂട്ടത്തിൽ കർദിനാൾ പരോളിനുമുണ്ട്.

ലോകം മുഴുവനിലേക്കും സന്തോഷവും സമാധാനവും വ്യാപിപ്പിക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും പാപ്പയുടെ അയർലൻഡ് അപ്പസ്‌തോലിക യാത്ര. സിനഡിലൂടെയും സിനഡിനുശേഷം പുറപ്പെടുവിച്ച ‘സ്‌നേഹത്തിന്റെ ആനന്ദം’ (അമോരിസ് ലെത്തീസ്യ) എന്ന പ്രബോധനത്തിലൂടെയും ഫ്രാൻസിസ് പാപ്പ പങ്കുവെച്ച കുടുംബങ്ങൾക്കുള്ള സുവിശേഷം തന്നെയായിരിക്കും അയർലൻഡ് സന്ദർശനത്തിന്റെയും കാതൽ.

കുടുംബങ്ങൾക്കുള്ള പ്രത്യേക സ്ഥാനം ചൂണ്ടിക്കാട്ടുന്നതിലായിരിക്കും പാപ്പയുടെ ശ്രദ്ധ. അത് ഇന്ന് കുടുംബങ്ങൾ സാരമായി കണക്കിലെടുക്കേണ്ട അവരുടെ സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും പിന്നെ ജീവസന്ധാരണം, വിദ്യാഭ്യാസം, ലോകത്തോടുള്ള ഉത്തരവാദിത്ത്വം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യർ ആഗ്രഹിക്കുന്ന, അത് വ്യക്തിയായാലും സമൂഹമായാലും ലോകത്താകമാനം വളർത്തേണ്ട സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വലിയ ഉത്തരവാദിത്വം തന്നെയാണത്.

മറ്റുള്ളവരോടു ഇണങ്ങി ഭൂമിയിൽ വസിക്കുക, അവർക്ക് സന്തോഷം പകരുക എന്നിവയാണ് കുടുംബജീവിതത്തിന്റെ യഥാർത്ഥമായ ആനന്ദവും സംതൃപ്തിയും. ലോകത്ത് ഇന്ന് മനുഷ്യർ ഏകാന്തതയും സഹോദരങ്ങളിൽനിന്നുള്ള ഒറ്റപ്പെടലും അനുഭവിക്കുന്നുണ്ട്. അതോടൊപ്പം ദൈവത്തിൽനിന്നുള്ള അകൽച്ചയും മനുഷ്യരെ കൂടുതൽ ഏകാന്തതയിൽ ആഴ്ത്തുന്നു. അപ്രകാരമുള്ള സാമൂഹിക സാഹചര്യങ്ങളിൽ കൂട്ടായ്മയും സ്‌നേഹസ്പന്ദനവും വളർത്താൻ കുടുംബങ്ങൾക്ക് വിശിഷ്യാ, ക്രൈസ്തവ കുടുംബങ്ങൾക്ക് സാധിക്കണം.

സ്‌നേഹം ജീവിച്ചു കാണിക്കുക എന്നതാണ് കുടുംബങ്ങളുടെ ദൗത്യം. വാക്കുകളിൽ ഒതുങ്ങുന്ന തത്വമല്ല അത്. മറിച്ച്, ജീവകാരുണ്യ പ്രവൃത്തികളായി പ്രതിഫലിപ്പിക്കേണ്ട ജീവിതമാണത്. ഇങ്ങനെ കുടുംബങ്ങൾ സ്‌നേഹത്തിന്റെ മാതൃകയും സന്ദേശവുമായി നിലകൊള്ളണം. ജീവിതചുറ്റുപാടുകളിൽ ക്രൈസ്തവർ സഹോദരങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുമ്പോഴേ, ‘സഭ യുദ്ധഭൂമിയിലെ താൽക്കാലിക ആശുപത്രിപോലെയാവണം’ എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ അന്വർത്ഥമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.